പ്രസിഡന്റ് പദത്തില്‍ ഒരു വര്‍ഷം;ട്രംപ് സമ്പാദിച്ചത് 2200 കോടി ഡോളര്‍

Jul 02, 2026 - 15:20
Updated: 2 months ago
0
പ്രസിഡന്റ് പദത്തില്‍ ഒരു വര്‍ഷം;ട്രംപ് സമ്പാദിച്ചത് 2200 കോടി ഡോളര്‍

രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റായി ഒരു വര്‍ഷം പിന്നിടും മുമ്പ് ഡോണള്‍ഡ് ട്രംപ് ലോക ശാക്തിക സന്തുലനം തന്നെ മാറ്റിയെഴുതി. സ്വന്തം സമ്പദ്‌ശേഷിയും അദ്ദേഹം പതിന്മടങ്ങ് വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റായി ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ട്രംപ് 2200 കോടി ഡോളര്‍ സമ്പാദിച്ചതായി ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ആധുനിക കാലത്ത് ഒരു രാഷ്ട്രത്തലവനും പദവിയിലിരിക്കെ ഇത്രയധികം സമ്പത്ത് വാരിക്കൂട്ടിയിട്ടില്ലെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ പലരും വിരമിച്ച ശേഷം ജീവിച്ചത് സ്വന്തം പെന്‍ഷന്‍ കൊണ്ടാണ്-ഹാരി ട്രൂമാന്‍ ഇതിന് ഉദാഹരണമാണ്. ക്രിപ്‌റ്റൊ കറന്‍സിയില്‍ നിന്ന് മാത്രം ട്രംപ് 140 കോടി ഡോളര്‍ വാരിക്കൂട്ടി. ട്രംപിന്റെ ചിത്രമുള്ള നാണയം ഉപയോഗിക്കുന്നതിന്റെ റോയല്‍റ്റി വഴി 63.5 കോടി ഡോളര്‍ കിട്ടി. മക്കളുടെ ക്രിപ്‌റ്റൊ കറന്‍സി ബിസിനസ് വഴി 50 കോടി ഡോളര്‍ ലഭിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ തീരുമാനങ്ങളും ട്രംപിന്റെ ബിസിനസ് തീരുമാനങ്ങളും പലപ്പോഴും ഒരേ പാതയിലാണ് സഞ്ചരിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മക്കളുടെ ക്രിപ്‌റ്റൊ കറന്‍സി കമ്പനി ഡിജിറ്റല്‍ കറന്‍സി സംരംഭം ആരംഭിച്ചയുടനെയാണ് ട്രംപ് ഭരണകൂടം അതിനെ പിന്തുണച്ച് കൊണ്ടുള്ള നിയമം പാസാക്കിയത്. ക്രിപ്‌റ്റൊ കറന്‍സി ബിസിനസ് വന്‍ ദുരന്തമായി മാറുമെന്നായിരുന്നു നേരത്തെ ട്രംപിന്റെ നിലപാട്. 

എന്നാല്‍ അമേരിക്കയുടെ താല്‍പര്യം മാത്രം മാനിച്ചാണ് ട്രംപ് ഭരണകൂടം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും കുടംബ ബിസിനസിന്റെ താല്‍പര്യവുമായി അതിന് ബന്ധമില്ലെന്നും വൈറ്റ് ഹൗസ് വാദിക്കുന്നു. തന്റെ സമ്പത്ത് പ്രൊഫഷനലുകളാണ് കൈകാര്യം ചെയ്യുന്നതെന്നും അതിന്റെ ദൈനംദിന നടത്തിപ്പില്‍ തനിക്ക് പങ്കില്ലെന്നും ട്രംപും പറയുന്നു. എന്നാല്‍ വസ്തുതകള്‍ നേര്‍വിരുദ്ധമാണെന്നും അധികാരം പണം സമ്പാദത്തിനായി ട്രംപ് ഉപയോഗിക്കുന്നതായി സംശയമുണ്ടെന്നും പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്ത് വൈറ്റ് ഹൗസ് അഭിഭാഷകനായിരുന്ന റിച്ചാഡ് പെയന്റര്‍ ആരോപിച്ചു. അധികാരം ഉപയോഗിച്ച് സമ്പത്ത് വാരിക്കൂട്ടരുതെന്ന ദീര്‍ഘകാലമായുള്ള പാരമ്പര്യമാണ് ട്രംപ് തകര്‍ക്കുന്നതെന്ന് പ്രസിഡന്റുമാരുടെ ചരിത്രരചയിതാവ് ബാര്‍ബാറ പെറി കുറ്റപ്പെടുത്തി. അധികാരവും പണം സമ്പാദനവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ധാര്‍മികത സംബന്ധിച്ച അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിനാണ് ഇത് തുടക്കമിട്ടിരിക്കുന്നത്. പ്രസിഡന്റ് പദവി തന്നെ ലോകത്തിലെ ഏറ്റവും വലിയ പണസമ്പാദനത്തിനുള്ള വേദിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User