മിഷന്‍ 360, മൂന്ന് ബില്ലുകള്‍; രാജ്യത്തെ മാറ്റി മറിക്കുന്ന സെഷന്‍ തുടങ്ങുന്നു
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ജൂലൈ 20ന് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ രാഷ്ട്രീയം എന്നെന്നേക്കുമായി മാറിമറിയുന്നു. സമീപകാലത്തെ ഏറ്റവും സ്‌ഫോടനാത്മകമായ സെഷനായിരിക്കും ഇത്തവണത്തേതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. പണവും അധികാരവും ഉപയോഗിച്ച് കൈക്കലാക്കിയ വിമത എംപിമാരുടെ ബലം നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഈ സെഷന് ഒരുങ്ങുന്നത് പ്രതിപക്ഷ പാര്‍ട്ടികളെ വിറപ്പിക്കുന്ന നിരവധി ബില്ലുകള്‍ അണിയറയില്‍ ചുട്ടെടുക്കുകയാണ്. ദല്‍ഹിയുടെ അന്തരീക്ഷം അസാധാരണമായി ചൂടുപിടിക്കുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ് മോഡി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കുമോ? തൃണമൂലിലെയും ഉദ്ധവ് പക്ഷ ശിവസേനയിലെയും പിളര്‍ക്ക് എന്‍.ഡി.എയുടെ അംഗബലം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ ഓരോ എം.പിക്കും എന്‍.ഡി.എ വിലയിട്ടിരിക്കുകയാണ്. ലക്ഷ്യം ഒന്നു മാത്രം-ഭരണഘടനാ ഭേദഗതി. ജനവിധിിലൂടെ നേടാനാവാതിരുന്നത് അധികാര ദുരുപയോഗത്തിലൂടെ കൈക്കലാക്കാനാണ് എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു. പാര്‍ട്ടികളെ പിളര്‍ത്തി മൂന്നില്‍ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കാമെന്ന വ്യാമോഹം നടപ്പില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭരണ ഘടന തിരുത്തിയെഴുതലാണ് എന്‍.ഡി.എയുടെ ലക്ഷ്യമെന്നും ജയ്‌റാം രമേശ് ആരോപിച്ചു. മൂന്ന് വിവാദ ബില്ലുകളാണ് എന്‍.ഡി.എ അണിയറയില്‍ തയാറാക്കുന്നത്. ആദ്യത്തേത് 130ാം ഭരണഘടനാ ഭേദഗതി. ഇതനുസരിച്ച് അഞ്ചു വര്‍ഷമോ അധികമോ ജയില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന കേസുകളില്‍ തുടര്‍ച്ചയായി 30 ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ആയാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാർക്കും അധികാരം നഷ്ടമാവും. ജയിലിലിരുന്ന് ഭരണയന്ത്രം തിരിക്കുന്ന കാലം കഴിഞ്ഞുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ ബി.ജെ.പിയുടെ അധികാര ദുരുപയോഗത്തിന്റെ ചരിത്രം അറിയുന്ന പ്രതിപക്ഷം ഈ നിയമത്തെ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള മറ്റൊരു തന്ത്രമായാണ് കാണുന്നത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളിലെ മുഖ്യമന്ത്രിമാരെ വെള്ളം കുടിപ്പിച്ച അനുഭവം രാജ്യത്തിന് മുന്നിലുണ്ട്.
വനിതാ സംവരണത്തിന് പിന്‍വാതില്‍ വഴി തേടുന്ന 131ാം ഭരണഘടനാ ഭേദഗതിയാണ് രണ്ടാമത്തേത്. വനിതാ സംവരണത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെടുത്തി അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് ഇതുവഴി എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകളുടെ എണ്ണം കുത്തനെ കൂടുകയും തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ചട്ടമാണ് മൂന്നാമത്തേത്. എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് ചെലവ് കുറക്കുമെന്നാണ് ഇതിന് പറയുന്ന ന്യായം. എന്നാല്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം അപരിഹാര്യമാംവിധം തകര്‍ക്കുന്ന നടപടിയായിരിക്കും ഇതെന്ന ഭരണഘടനാ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഭരണഘടനാ ഭേദഗതികള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. നിലവിലെ അവസ്ഥയില്‍ 363. എന്നാല്‍ പാര്‍ലമെന്റില്‍ ഹാജയാവരുടെയും വോട്ട് ചെയ്തവരുടെയും എണ്ണമാണ് പരിഗണിക്കുക. എല്ലാ കളിയും കളിച്ചിട്ടും എന്‍.ഡി.എക്ക് അത്രയും ഭൂരിപക്ഷം ആയിട്ടില്ല. അതിനാല്‍ മണ്‍സൂണ്‍ സെഷനില്‍ ഓരോ വോട്ടും പ്രധാനമാണ്. ഓരോ എം.പിയുടെ വോട്ട് ചെയ്യുന്നതും വോട്ട് ചെയ്യാതിരിക്കുന്നതും രാജ്യത്തിന്റെ ഗതി നിര്‍ണയിക്കും. ഓരോ എം.പി വിട്ടുനില്‍ക്കുമ്പോഴും വലിയ പ്രത്യാഘാതമുണ്ടാവും. എന്‍.സി.പി പോലുള്ള കക്ഷികള്‍ എങ്ങോട്ട് ചായും എന്നതിന് മുമ്പൊരിക്കലുമില്ലാത്ത പ്രാധാന്യം കൈവരും. ഇത് വെറുമൊരു പാര്‍ലമെന്റ് സെഷന്‍ ആയിരിക്കില്ല.