ഓപ്പറേഷൻ തൂഫാൻ: 40 പേരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി
അഞ്ചുമാസത്തിനിടെ 14,369 കേസുകൾ, 15,515 അറസ്റ്റ്; 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
ലഹരിക്കടത്ത് മാഫിയക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാനിൽ നിർണായക നടപടി. ലഹരിക്കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തി 40 പേരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
അഞ്ചുമാസത്തിനിടെ 14,369 കേസുകളിലായി 15,515 പേരാണ് അറസ്റ്റിലായത്. 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.
ലഹരിക്കടത്ത് വഴി സമ്പാദിച്ച അനധികൃത സ്വത്തുക്കൾ കണ്ടെത്തി നിയമപ്രകാരം കണ്ടുകെട്ടുന്നതിനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്തേക്ക് കടന്ന നാലുപേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻ സംസ്ഥാന നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യയാണ് നടപടികളുടെ പുരോഗതി വിശദീകരിച്ചത്. ലഹരിവിൽപ്പനയും ഉപയോഗവും സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 8,125 ഫോൺവിളികളിലും 5,668 വാട്‌സ്ആപ്പ് സന്ദേശങ്ങളിലും നടപടി സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.
ലഹരിക്കടത്ത് ശൃംഖലകളെ കണ്ടെത്തുന്നതിനും തടയുന്നതിനും പരിശോധനകൾ ശക്തമാക്കുന്നതിനൊപ്പം ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനും പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)