ജനാധിപത്യത്തെ ബിജെപിക്ക് അടിയറവ് വെക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കും: ജോസഫ് വാഴയ്ക്കൻ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
കാഞ്ഞങ്ങാട്: ജനാധിപത്യത്തെ ബിജെപിക്ക് അടിയറവ് വെക്കാനുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എഐസിസി ആഹ്വാനപ്രകാരം കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ബിജെപിയോ ആർഎസ്എസോ അല്ലെന്ന് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ ജനാധിപത്യത്തെയും മതേതരത്വത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് തകർക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഹം നടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് തനിക്ക് താൽപ്പര്യമുള്ളവരെ നിയമിക്കുന്നതിനായി പ്രധാനമന്ത്രി ജനാധിപത്യവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്ന് ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടുകൾക്കെതിരെ മറ്റ് രണ്ട് കമ്മീഷൻ അംഗങ്ങൾ പലതവണ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും അവ പരിഗണിക്കാതെയാണ് വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
എസ്ഐആറിന്റെ മറവിൽ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച ജോസഫ് വാഴയ്ക്കൻ, ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, എ. ഗോവിന്ദൻ നായർ, അഡ്വ. കെ.കെ. രാജേന്ദ്രൻ, സാജിദ് മൗവ്വൽ, ബി.പി. പ്രദീപ്കുമാർ, മീനാക്ഷി ബാലകൃഷ്ണൻ, ടോമി പ്ലാച്ചേരി, ഡോ. കെ.വി. ശശിധരൻ, മാമുനി വിജയൻ, കെ.പി. പ്രകാശൻ, കെ.വി. സുധാകരൻ, ഗീതാ കൃഷ്ണൻ, വി.ആർ. വിദ്യാസാഗർ, ധന്യ സുരേഷ്, കെ. ബാലരാമൻ നമ്പ്യാർ, കെ. ഖാലിദ്, കെ. വാരിജാഷൻ, പി. കുഞ്ഞിക്കണ്ണൻ, തോമസ് മാത്യു, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, കെ.വി. വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, എം. രാജീവൻ നമ്പ്യാർ, ടി. ഗോപിനാഥൻ നായർ, കാർത്തികേയൻ പെരിയ, മിനി ചന്ദ്രൻ, പി. രാമചന്ദ്രൻ, എ. വാസുദേവൻ, ദിവാകരൻ കരിച്ചേരി, വി. ഗോപി, കെ.കെ. ബാബു, പ്രസാദ് ഒളവറ, പി.വി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)