13 വർഷം പഴക്കമുള്ള കേസ്; മമത ബാനർജിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്
2013ലെ പ്രതിഷേധത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസ്; പ്രതിയല്ല, ഇരയായും സാക്ഷിയായും മൊഴി രേഖപ്പെടുത്താൻ നിർദേശം
ന്യൂഡൽഹി: 13 വർഷം പഴക്കമുള്ള കേസിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്. 2013 ഏപ്രിലിൽ ഡൽഹിയിലെ മുൻ ആസൂത്രണ കമ്മിഷൻ ആസ്ഥാനത്തിന് മുന്നിലുണ്ടായ പ്രതിഷേധവും സംഘർഷവുമാണ് കേസിന് ആധാരം.
അന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന മമത ബാനർജി, സംസ്ഥാന ധനമന്ത്രി അമിത് മിത്രയ്ക്കൊപ്പം ഔദ്യോഗിക ആവശ്യത്തിനായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു സംഭവം. എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ അമിത് മിത്രയെ കയ്യേറ്റം ചെയ്തതായും മമതയെയും സംഘത്തെയും തടഞ്ഞതായും പരാതിയുണ്ടായിരുന്നു.
സംഭവത്തിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ എസ്.എഫ്.ഐ ദേശീയ ജനറൽ സെക്രട്ടറി ഋതബ്രത ബാനർജി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൊഴി രേഖപ്പെടുത്തുന്നതിനായി മമത ബാനർജിയെ സാക്ഷിയായും സംഭവത്തിലെ ഇരയായും പരിഗണിച്ചാണ് നോട്ടീസ് നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ മമത പ്രതിയല്ല. മൊഴി രേഖപ്പെടുത്തുന്നതിനായി ഡൽഹിയിലേക്ക് എത്തുകയോ സൗകര്യപ്രദമായ സ്ഥലത്തും സമയത്തും ഹാജരാകുകയോ ചെയ്യാനാണ് നിർദേശം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)