14 വിയോജിപ്പുകൾ, ഗ്യാനേഷ് കുമാർ; പ്രതിപക്ഷത്തെ ആക്രമിച്ച് ബിജെപി, ചോദ്യങ്ങൾ ബാക്കി

ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇലക്ഷൻ കമ്മീഷനിലെ 14 വിയോജിപ്പുകൾ ചർച്ചയായിരിക്കെ, വിഷയത്തിൽ വ്യക്തത ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദം ശക്തമാകുന്നു.

Sep 28, 2026 - 16:47
Updated: 57 minutes ago
0
14 വിയോജിപ്പുകൾ, ഗ്യാനേഷ് കുമാർ; പ്രതിപക്ഷത്തെ ആക്രമിച്ച് ബിജെപി, ചോദ്യങ്ങൾ ബാക്കി

ബിജെപി എന്ന ഭരണകൂടം  രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുക മാത്രമല്ല, ഗുരുതരമായ വെല്ലുവിളികൾ ഉയരുമ്പോൾ കടലാസ് പ്രതിരോധം തീർത്ത് അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് വീണ്ടും കാണുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്  കുമാറിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളും കമ്മീഷനകത്തെ കടുത്ത അഭിപ്രായവ്യത്യാസങ്ങളും പുറത്തുവന്നിട്ടും, അവയെ വസ്തുനിഷ്ഠമായി നേരിടുന്നതിനു പകരം സ്വന്തം മുഖ്യമന്ത്രിമാരെ അണിനിരത്തി പ്രതിപക്ഷത്തെ ആക്ഷേപിക്കാനാണ് ബിജെപി മുതിർന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുമ്പോൾ, ജനങ്ങൾക്ക് വ്യക്തത നൽകേണ്ടതിന് പകരം രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തെയും വ്യക്തിപരമായി കടന്നാക്രമിക്കുകയും രാഷ്ട്രീയ നാടകങ്ങൾ കളിക്കുകയുമാണ് പാർട്ടി നേതൃത്വം ഇപ്പോൾ  ചെയ്യുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ പ്രക്രിയയോടുള്ള പരസ്യമായ പരിഹാസവും ഉത്തരം നൽകേണ്ട ബാധ്യതയിൽ നിന്നുള്ള   ഒളിച്ചോട്ടവുമാണെന്ന് വളരെ  വ്യക്തമാണ്. ഇലക്ഷൻ കമ്മീഷനുള്ളിലെ ജനാതിപത്യ  വിരുദ്ധ  നടപടികളും  അഭിപ്രായവ്യത്യാസങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ രാജ്യം ഞെട്ടലോടെയാണ് വിഷയം നോക്കികണ്ടത്.  

മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏകദേശം പതിനാലോളം തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തി എന്നത് കേവലം ഒരു സാങ്കേതിക തർക്കമല്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെത്തന്നെ അത് ചോദ്യം ചെയ്യുകയാണ്.  എന്നാൽ ഇതിനു മറുപടി പറയേണ്ട പ്രധാനമന്ത്രിയും  ആഭ്യന്തരമന്ത്രിയും  ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഗൗരവകരമായ വിയോജിപ്പ് കുറിപ്പുകൾ പോലും തള്ളിക്കളഞ്ഞ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന പ്രതിപക്ഷ ആരോപണം കമ്മീഷന്റെ വിശ്വാസ്യതയെ കെടുത്തുന്നതാണ്. ഈ വിഷയത്തിൽ രാജ്യത്തുടനീളം ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനും വിഷയം തിരിച്ചുവിടാനുമാണ് ബിജെപിയുടെ പന്ത്രണ്ട് മുഖ്യമന്ത്രിമാരും ഒരേസമയം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അടക്കമുള്ളവർ പ്രതിപക്ഷത്തെ ആക്രമിക്കാനാണ് ശ്രമിച്ചത്. വോട്ട് മോഷണം പോയിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ ബുദ്ധിയാണ് മോഷണം പോയതെന്നുമുള്ള ഫഡ്‌നാവിസിന്റെ പ്രസ്താവന, ഒരു ഉന്നത പദവിയിലിരിക്കുന്ന വ്യക്തിക്ക് ചേർന്നതല്ല. വസ്തുതകൾക്കും ആരോപണങ്ങൾക്കും മറുപടി പറയുന്നതിന് പകരം, വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് നേതാക്കൾ ശ്രമിച്ചത്. ഡൽഹിയിൽ വോട്ടർമാരുടെ വലിയൊരു ശതമാനം വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതും വോട്ടർമാർക്ക് നോട്ടീസ് ലഭിച്ചതും പോലെയുള്ള ഗുരുതരമായ പ്രായോഗിക പ്രശ്നങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ ഭരണകൂടത്തിന് സാധിച്ചില്ല.

ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയെക്കുറിച്ചും തീരുമാനങ്ങളിലെ നിഷ്പക്ഷതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നാൽ, അത് ജനാധിപത്യത്തെ തകർക്കലല്ല, മറിച്ച് അതിനെ ശക്തിപ്പെടുത്തലാണ്. എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്ന പ്രതിപക്ഷത്തെ അരാജകവാദികളെന്നും രാജ്യവിരുദ്ധരെന്നും മുദ്രകുത്താനാണ് അസം, ബിഹാർ, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാർ തയാറായത്. കമ്മീഷന്റെ ആഭ്യന്തര ചർച്ചകളിലെ വിയോജിപ്പുകളെ അന്തിമ തീരുമാനങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത് എന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വാദം അപഹാസ്യമാണ്. വിയോജിപ്പുകളെ തമസ്കരിച്ച് ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എങ്ങനെയാണ് നീതിയുക്തമാകുന്നത് എന്ന ചോദ്യത്തിന് ബിജെപിക്ക് ഉത്തരമില്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും ജിഡിപിയും ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വീഴ്ചകൾ മറച്ചുവെക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി നടത്തിയ ശ്രമവും വിഷയത്തിൽ നിന്നുള്ള തന്ത്രപരമായ ഒളിച്ചോട്ടമായിരുന്നു.ഇലക്ഷൻ കമ്മീഷൻ ഇറക്കിയ വാർത്താക്കുറിപ്പുകളിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നും  അതുകൊണ്ട് തന്നെ  ആരോപണങ്ങളെ തള്ളിക്കളയുന്നു എന്നുമുള്ള ബിജെപിയുടെ വാദം തികച്ചും അസംബന്ധമാണ്. കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷവും ഉന്നയിക്കുന്ന ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താൻ വേണ്ടിയുള്ളതാണ്. ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ അത് രാജ്യത്തിന്റെ അടിത്തറയെത്തന്നെ ബാധിക്കും. ഇലക്ഷൻ കമ്മീഷന്റെ സുതാര്യത ഉറപ്പാക്കാനും ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം നടത്താനും ബിജെപി ഭയം കാണിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.  ചോദ്യം ചോദിക്കുന്നവരെ അപമാനിക്കുന്നതിലൂടെ സത്യം മൂടിവെക്കാൻ സാധിക്കില്ലെന്നും, ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ നിഷ്പക്ഷമായ അന്വേഷണവും തിരുത്തൽ നടപടികളുമാണ് അടിയന്തിരമായി ആവശ്യമെന്നും ബിജെപി തിരിച്ചറിയേണ്ടതുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User