പിണറായിയുടെ ഔഷധിയിൽ ശോഭന ജോർജിന് സൗന്ദര്യചികിത്സ; നടപടി ആവശ്യപ്പെട്ട് പരാതി
ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി ലഭിച്ചു.
പിണറായി വിജയന് വേണ്ടി സ്ഥിരമായി ആറ്റുകാൽ അമ്മയ്ക്ക് മുന്നിൽ പൊങ്കാല ഇടുന്ന ഒരു വനിതാ നേതാവുണ്ട്. അത് മറ്റാരുമല്ല, മുൻ എംഎൽഎ ശോഭന ജോർജാണ്. മൂന്നു തവണ ചെങ്ങന്നൂർ എംഎൽഎ ആയത് കെ. കരുണാകരന്റെയും കോൺഗ്രസിന്റെയും കാരുണ്യം കൊണ്ടാണ് എന്നുള്ളത് മറന്നുകൊണ്ടാണ് പിണറായി വിജയന് പൊങ്കാലയിടുന്നത് എന്ന് പറഞ്ഞപ്പോൾ എല്ലാവരും അതിശയിച്ചതാണ്. എന്നാൽ ഇപ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സൺ ആയിരുന്ന ശോഭന ജോർജ്, ഔഷധിയുടെ ആശുപത്രിയിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അതായത്, എംഎൽഎ സ്ഥാനം നൽകിയ കോൺഗ്രസിനേക്കാളും സ്നേഹം തോന്നിയത് തന്റെ സൗന്ദര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്ന പിണറായി വിജയനോടാണ് എന്നറിഞ്ഞപ്പോൾ പിന്നെ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. എംഎൽഎ സ്ഥാനം പോലും വലിച്ചെറിഞ്ഞ് ആദ്യം ഡിഐസിയിലേക്കും അതുകഴിഞ്ഞ് പിണറായി വിജയന്റെ കൂടെ സിപിഎമ്മിലേക്കും പോയാലും കുഴപ്പമൊന്നും വന്നിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോഴിമുട്ടയും ചെമ്പരത്തി പൂമൊട്ടും കൊണ്ട് സൗന്ദര്യം വർധിപ്പിച്ചു നൽകിയത് എൽഡിഎഫ് സർക്കാർ തന്നെയാണ്. അതായത്, ആയുർവേദ രീതികളിൽനിന്ന് മാറിയുള്ള ചികിത്സ ആശുപത്രി രേഖകളിലൊന്നും ഉൾപ്പെടുത്തിയിട്ടുമില്ല. നിയമാവലി ലംഘിച്ച് മുട്ട, ചെമ്പരത്തിപ്പൂമൊട്ട് തുടങ്ങിയവ ഔഷധിയുടെ ചെലവിൽ വരുത്തിയെന്നും ചികിത്സയ്ക്ക് ഔഷധിയുടെ ഡോക്ടർമാരെ ഉപയോഗപ്പെടുത്തിയെന്നും സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ വളരെ വ്യക്തമായി പറയുന്നു. ഇതുപ്രകാരം ശോഭനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പരാതി ആരോഗ്യമന്ത്രിക്കു മുന്നിലെത്തിക്കഴിഞ്ഞു.
സാധാരണ വാർഡുകളിൽ ഒന്നും കിടത്തി മാഡത്തെ ചികിത്സിക്കാൻ ഒക്കില്ല എന്നുള്ള പ്രത്യേക നിർദേശമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം, ആശുപത്രി രേഖകളിൽ പേരോ വിവരങ്ങളോ ഉൾപ്പെടുത്താതെ 2022 ജൂലൈയിൽ ഔഷധിയിലെ ഡീലക്സ് എസി മുറിയിലായിരുന്നു സൗന്ദര്യചികിത്സ നടത്തിയത്. മനസ്സിലാക്കേണ്ടത്, ചെയർപേഴ്സന് സൗജന്യചികിത്സാ ആനുകൂല്യമില്ല. അവിടെ എന്നല്ല അങ്ങനെയൊരു സംവിധാനം കേരളം സർക്കാരിന്റെ രീതിയിൽ ഇല്ല. ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിൽ സൗന്ദര്യചികിത്സാരീതിയുമില്ല. ഒരു ദിവസത്തെ ചികിത്സയ്ക്കായി മാത്രം 3 കിലോ ചെമ്പരത്തിപ്പൂമൊട്ട്, കോഴിമുട്ട, നാരങ്ങാനീര് എന്നിവ ഉപയോഗിച്ചു. ഈ മിശ്രിതം ഏലാദി വെളിച്ചെണ്ണ തേച്ചാണ് ഉപയോഗിച്ചത്. മുരിങ്ങയിലയും ഇളനീരും ചേർത്ത മിശ്രിതം, അരിപ്പൊടിയും ഓറഞ്ചുനീരും തൈരും ചേർത്ത മിശ്രിതം, ഫെയ്സ് പാക്കും പാലും റോസ് വാട്ടറും, മഞ്ഞൾ ബോഡി റാപ്പും നസ്യവും എന്നിങ്ങനെയായിരുന്നു ചികിത്സാരീതികൾ. ഇതിനെല്ലാം ഔഷധിയുടെ പണം ഉപയോഗിച്ചു. അതായത് സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിക്കാൻ അനുമതി നൽകി എന്നുള്ളതാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സൗന്ദര്യത്തിനു വേണ്ടി മാത്രം ഇത്രയധികം സൗകര്യങ്ങൾ നൽകുമ്പോൾ പിന്നെങ്ങനെയാണ് പിണറായിയുടെ ആരോഗ്യത്തിനു വേണ്ടി പൊങ്കാല ഇടാതിരിക്കുക എന്ന് നമ്മൾ മനസ്സിലാക്കണം. പഞ്ചകർമ ആശുപത്രിയിലെ രേഖകളിലില്ലാത്ത സൗന്ദര്യചികിത്സ ശോഭന ജോർജ് നടത്തുന്ന വിവരം അന്നത്തെ മാനേജിങ് ഡയറക്ടറെ ആശുപത്രി സൂപ്രണ്ട് രേഖാമൂലം അറിയിച്ചിരുന്നു. ഈ ചികിത്സ ആയുർവേദ വിദ്യാർഥികളുടെ സിലബസിൽ ഇല്ലാത്തതാണെന്ന് തിരുവനന്തപുരം ആയുർവേദ കോളജ് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതെല്ലാം പുല്ലുവില നൽകിയായിരുന്നു ശോഭന ജോർജിന്റെ സൗന്ദര്യ ചികിത്സ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)