‘മദ്യപിച്ചുള്ള മരണങ്ങൾ കൊലപാതകം’; സ്റ്റാറ്റസിട്ട് മണിക്കൂറുകൾക്കകം ഷറഫുദ്ദീനെ തേടി അതേ ദുരന്തം!

ചേരാനല്ലൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ സ്റ്റാറ്റസ് പങ്കുവെച്ചു; മണിക്കൂറുകൾക്കകം മദ്യലഹരിയിലായിരുന്ന കാർ ഇടിച്ച് 36കാരനായ അധ്യാപകന് ദാരുണാന്ത്യം

Oct 26, 2026 - 15:55
Updated: 2 hours ago
0
‘മദ്യപിച്ചുള്ള മരണങ്ങൾ കൊലപാതകം’; സ്റ്റാറ്റസിട്ട് മണിക്കൂറുകൾക്കകം ഷറഫുദ്ദീനെ തേടി അതേ ദുരന്തം!

മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് സംഭവിക്കുന്ന അപകടമരണങ്ങൾ കൊലപാതകമാണെന്ന അധ്യാപകൻ ഷറഫുദ്ദീന്റെ വാക്കുകൾ നൊമ്പരമാകുന്നു. മലപ്പുറം ഒതുക്കുങ്ങലിൽ മദ്യലഹരിയിലായിരുന്ന കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഷറഫുദ്ദീൻ ഇത്തരമൊരു വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചത്.

ചേരാനല്ലൂർ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ വൈകിട്ട് 6.52നായിരുന്നു സ്റ്റാറ്റസ്. മദ്യപിച്ച് വാഹനമോടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നവർ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയാണെന്നായിരുന്നു ഷറഫുദ്ദീന്റെ പ്രതികരണം.

കേരളത്തിൽ പ്രതിദിനം ശരാശരി 15 പേർ വാഹനാപകടങ്ങളിൽ മരിക്കുന്നുവെന്നും അതിൽ പകുതിയിലേറെയും വെറും അപകടങ്ങളല്ലെന്നുമായിരുന്നു സ്റ്റാറ്റസിലെ പരാമർശം. സ്വകാര്യ ബസുകളുടെയും ടിപ്പർ ലോറികളുടെയും അമിതവേഗവും നിയന്ത്രണമില്ലായ്മയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിയമലംഘകർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, സ്റ്റാറ്റസ് പങ്കുവെച്ച് മണിക്കൂറുകൾക്കകം അതേ രീതിയിലുള്ള ദുരന്തം ഷറഫുദ്ദീന്റെ ജീവിതത്തിലും സംഭവിച്ചു.

ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീൻ (36) സ്വകാര്യ സ്കൂളിൽ താൽക്കാലിക അധ്യാപകനായിരുന്നു. സുഹൃത്ത് ഹബീബിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ടോടെ ഷറഫുദ്ദീൻ മരിച്ചു. സുഹൃത്ത് ഹബീബിനും ഗുരുതരമായി പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി (36)യെ വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ ഒരാളുടെ അവസാന സന്ദേശം തന്നെ, മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഓർമയായി മാറിയിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User