എം.വി.ഡിയിലെ കോഴപ്പണം 'ടി.ആർ 6', റിസ്‌ക് എടുത്താൽ 'ടി.ആർ 7'; വണ്ടിക്ക് മാത്രമല്ല ജനങ്ങളുടെ ജീവനും ഫിറ്റ്നസ് ഇല്ല!

Aug 29, 2026 - 20:09
0
എം.വി.ഡിയിലെ കോഴപ്പണം 'ടി.ആർ 6', റിസ്‌ക് എടുത്താൽ 'ടി.ആർ 7'; വണ്ടിക്ക് മാത്രമല്ല ജനങ്ങളുടെ ജീവനും ഫിറ്റ്നസ് ഇല്ല!

തിരുവനന്തപുരം: റോഡിലിറങ്ങുന്ന ഓരോ വാഹനവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ട മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി), ചില ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ അഴിമതിയുടെ ആറാട്ടുകളമായി മാറുന്നു. വാഹനങ്ങളിലെ തകരാറുകൾ കണ്ടുപിടിച്ച് രേഖാമൂലം തിരുത്തിക്കുന്നതിന് പകരം, പരസ്യമായി നിരസിക്കുകയും ഉച്ചയോടെ ഇടനിലക്കാർ വഴി വച്ചുനീട്ടുന്ന കൈക്കൂലിപ്പണത്തിൽ വീണ് അതേ വാഹനങ്ങൾക്ക് കണ്ണടച്ച് ഫിറ്റ്നസ് നൽകുകയുമാണ് ഇവിടെ നടക്കുന്നത്. മലപ്പുറത്ത് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്ത ദാരുണ സംഭവത്തിന് പിന്നാലെയാണ് വകുപ്പിലെ ഞെട്ടിക്കുന്ന ഈ കോഴ വിവരങ്ങൾ പുറത്തുവരുന്നത്.

കൈക്കൂലിപ്പണത്തിന് രഹസ്യ കോഡ്: 'ടി.ആർ 6'

എം.വി.ഡി ഉദ്യോഗസ്ഥർക്കിടയിൽ പിരിച്ചെടുക്കുന്ന കോഴപ്പണത്തിന് ഒരു രഹസ്യ കോഡുണ്ട്- 'ടി.ആർ 6'. ദിവസവും സമാഹരിക്കുന്ന ഈ തുക കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കി ബാക്കിയുള്ളവർ വീതിച്ചെടുക്കും. ഇതിൽ മൂന്നിൽ രണ്ട് പങ്ക് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ബാക്കി വെഹിക്കിൾ ഇൻസ്പെക്ടർമാർക്കുമാണ്.

ഓട്ടോറിക്ഷ മുതൽ വൻകിട ബസുകൾക്ക് വരെ തരംതിരിച്ച് വ്യക്തമായ 'പടി' നിശ്ചയിച്ചിട്ടുണ്ട്. വിശ്വസ്തരായ ഇടനിലക്കാരുടെ 'ഓതറൈസേഷൻ ലെറ്റർ' കണ്ടാണ് ഉദ്യോഗസ്ഥർ ഫയലുകൾ നീക്കുന്നത്.

ഗുരുതര തകരാറെങ്കിൽ 'ടി.ആർ 7'!

പതിവ് പടിക്ക് പുറമേ, ഗുരുതരമായ നിയമലംഘനങ്ങളുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് ഒപ്പിച്ചുനൽകാൻ പ്രത്യേകം കോഡുണ്ട്— 'ടി.ആർ 7'.

വേഗപൂട്ട് (Speed Governor) വിച്ഛേദിച്ചവ, ജി.പി.എസ് കാweights/കാലിബ്രേഷൻ ഇല്ലാത്തവ, റോഡിലിറക്കാൻ പോലും യോഗ്യമല്ലാത്ത പഴഞ്ചൻ വാഹനങ്ങൾ, നിയമവിരുദ്ധമായി മോടിപിടിപ്പിച്ചവ എന്നിവയ്ക്ക് ഫിറ്റ്നസ് നൽകണമെങ്കിൽ റിസ്‌ക് എടുക്കുന്ന ഉദ്യോഗസ്ഥന് വൻതുക 'ടി.ആർ 7' ആയി നൽകണം.

എം.വി.ഡി നിശ്ചയിച്ചിരിക്കുന്ന 'കോഴ നിരക്കുകൾ':

(1 വർഷം / 2 വർഷം എന്ന ക്രമത്തിൽ)

ഓട്ടോറിക്ഷ: ₹150 / ₹250

ടാക്സി: ₹250 / ₹400

ചെറിയ ചരക്ക് വാഹനങ്ങൾ: ₹250 / ₹500

മീഡിയം ചരക്ക് വാഹനങ്ങൾ: ₹400 / ₹750

ഹെവി ചരക്ക് വാഹനങ്ങൾ: ₹500 / ₹1000

മൾട്ടി ആക്സിൽ ലോറികൾ: ₹1000

ബസ് (30 സീറ്റ് വരെ): ₹500 / ₹1000

ബസ് (30 സീറ്റിന് മുകളിൽ): ₹2000

തെളിവുകൾ ഉണ്ടായിട്ടും നടപടിയില്ലാതെ ഒളിച്ചുകളി

മറ്റു ജില്ലകളിൽ ടെസ്റ്റ് ചെയ്യേണ്ട 525 വാഹനങ്ങൾക്ക് കൊല്ലം ഓഫീസിൽ വച്ച് അനധികൃതമായി ഫിറ്റ്നസ് നൽകിയതായി വിജിലൻസ് കണ്ടെത്തുകയും 7 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ട് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

പൂർണമായി പെയിന്റ് അടിച്ച ശേഷം വരാൻ പറഞ്ഞ് തിരിച്ചയച്ച വാഹനത്തിന് അതേദിവസം ഉച്ചയ്ക്ക് ശേഷം കൊട്ടാരക്കരയിൽ വച്ച് ഫിറ്റ്നസ് നൽകിയ സംഭവത്തിലും നടപടികൾ പ്രഹസനമായി ഒതുങ്ങി. വാഹനം നേരിട്ട് പരിശോധിക്കാതെ ഫിറ്റ്നസ് നൽകിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ ഒന്നര മാസത്തിനുള്ളിൽ സർവീസിൽ തിരിച്ചെടുത്ത് നിർണായക തസ്തികകളിൽ പ്രതിഷ്ഠിക്കുകയാണ് വകുപ്പ് ചെയ്തത്.

ജനങ്ങളുടെ ജീവന് പുല്ലുവില കൽപിച്ച് നടത്തുന്ന ഈ കോഴക്കച്ചവടത്തിൽ സത്യസന്ധരായ ചുരുക്കം ചില ഉദ്യോഗസ്ഥർ ഒഴികെ  പങ്കാളികളാകുമ്പോൾ, നിരത്തുകളിൽ പൊലിയുന്നത് സാധാരണക്കാരുടെ ജീവനാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User