കാലത്തിന്റെ കാവ്യനീതി; പി. ശശിയുടെ കേസ് പി. വിജയന്റെ മേൽനോട്ടത്തിലേക്ക്?
പിണറായി സർക്കാരിന്റെ കാലത്ത് സസ്‌പെൻഷൻ നേരിട്ട പി. വിജയൻ, വീണ്ടും നിർണായക പോലീസ് പദവിയിലെത്തിയ സാഹചര്യത്തിൽ പി. ശശിക്കെതിരായ അന്വേഷണം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു.
ഇക്കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ വൈരാഗ്യ പൂര്‍വ്വമാണ് എഡിജിപി പി വിജയനോട് പെരുമാറിയത്. സത്യസന്ധനും ധൈര്യശാലിയുമായ ഉദ്യോഗസ്ഥനായിട്ടും പിണറായി സര്‍ക്കാരിന്റെ ദാര്‍ഷ്ഠ്യത്തിന് മുന്നില്‍ പി വിജയന് തന്റെ തൊപ്പി അഴിച്ച് വയ്‌ക്കേണ്ടി വന്നു. കാലം കടന്ന് പോയി. പിണറായി വിജയനില്‍ നിന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റെടുത്ത രമേശ് ചെന്നിത്തല ആദ്യം തന്നെ ചെയ്തത് ക്രമ സമാധാന പാലനത്തിനായി പി വിജയനെ നിയമിക്കുകയായിരുന്നു. അങ്ങനെ കാലങ്ങള്‍ക്ക് ശേഷം അദേഹം തിരികെ പൊലീസ് സര്‍വീസില്‍ കയറി. പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി അന്ന് ആഭ്യന്തര വകുപ്പിന്റെ ചരട് വലിച്ചത് പി ശശി എന്ന വ്യക്തിയാണ്. ശശിയുടെ ചില ഇടപാടുകള്‍ക്ക് ഒടുവിലാണ് വിജയന്റെ തൊപ്പി തെറിച്ചത്. ഇന്ന് മറ്റൊരു കേസില്‍ പി ശശി പ്രതിയായി നില്‍ക്കുമ്പോള്‍ കേസ് അന്വേഷണം എഡിജിപി പി വിജയന്റെ മേല്‍നോട്ടത്തിലാകുവാനുള്ള സാധ്യതകളാണ് കാണുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഭംഗിയായി കണക്കുകള്‍ തീർക്കാനുള്ള അവസരം എഡിജപി പി വിജയനെ തേടിയെത്തും.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പില്‍ നടന്ന വഴിവിട്ട ഇടപാടുകളും സമാന്തര ഭരണവും പുറത്തുകൊണ്ടുവരുന്ന രീതിയിലാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ കീഴില്‍ ആഭ്യന്തര വകുപ്പ് നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. 2023 ഏപ്രിലില്‍ നടന്ന കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയായ ഷാറൂഖ് സൈഫിയെ മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ആരോപിച്ചാണ് 2023 മെയ് മാസത്തില്‍ അന്നത്തെ എ.ടി.എസ് മേധാവിയായിരുന്ന ഐ.ജി പി. വിജയനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കേസിന്റെ അന്വേഷണ സംഘത്തിലല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ബന്ധപ്പെട്ടു എന്നതായിരുന്നു പ്രധാന ആരോപണം. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് വിജയനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ഇന്ന് അജിത് കുമാറിന്റെ തലയില്‍ തൊപ്പി ഇല്ലാ എന്നതും വാസ്തവമാണ്. അന്നത്തെ ഐ.ജി. പി. വിജയന്റെ സസ്‌പെന്‍ഷന്‍ കേരള പൊലീസ് സേനയ്ക്കുള്ളിലും രാഷ്ട്രീയ തലത്തിലും വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരിന്റെയും വ്യക്തിവിദ്വേഷത്തിന്റെയും ഇരയാണ് പി. വിജയന്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം ഉദ്യോഗസ്ഥരും അന്ന് ശക്തമായി വാദിച്ചിരുന്നു. കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് നടപടിയെടുത്തത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കൂടാതെ, കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനെതിരെ സേനയിലെ ചിലര്‍ ബോധപൂര്‍വ്വം നീക്കം നടത്തുകയായിരുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു.
യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് കേരളത്തില്‍ നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിയുടെയും, ശബരിമലയിലെ സുഗമമായ തീര്‍ത്ഥാടന ക്രമീകരണങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ഉദ്യോഗസ്ഥരിലൊരാളാണ് പി. വിജയന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത് പരിപാടിയില്‍ അടക്കം പ്രശംസിച്ചിരുന്നു. അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനെയാണ് പിണറായി സര്‍ക്കാര്‍ വീട്ടിലിരുത്തിയത്. അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാര്‍ ചമച്ച കള്ളക്കഥയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പി. ശശി ഒത്താശ പാടുകയായിരുന്നു. യാതൊരു പിഴവും വരുത്താത്ത ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥന്‍ മാസങ്ങളോളം അന്യായമായി സസ്‌പെന്‍ഷനില്‍ കഴിയേണ്ടിവന്നു. സംസ്ഥാനത്ത് ഭരണമാറ്റം സംഭവിക്കുകയും വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അന്ന് അവഹേളിച്ച് പുറത്താക്കപ്പെട്ട പി. വിജയന്‍ ഐപിഎസ്, ഇന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്ന നിര്‍ണായക പദവിയില്‍ പുനഃപ്രതിഷ്ഠിക്കപ്പെട്ടു. പഴയ ഭരണാധികാരികളുടെ ആജ്ഞാനുവര്‍ത്തികള്‍ വേട്ടയാടിയ അതേ ഉദ്യോഗസ്ഥന്‍ ഇന്ന് കുറ്റാരോപിതര്‍ക്കെതിരെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് കാലത്തിന്റെ കാവ്യനീതിയായി കാണുന്നവരുമുണ്ട്. ചെന്നൈയിലെ പ്രമുഖ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയിലാണ് കൊച്ചി പോലീസ് ഇപ്പോള്‍ പി. ശശിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പരാതിക്കാരനില്‍ നിന്ന് അന്വേഷണസംഘം നേരിട്ട് പ്രാഥമിക മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. പി. ശശിയും മകനും, അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെ മകനും യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു വ്യവസായിയും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തനിക്കെതിരെ പ്രവര്‍ത്തിച്ചതെന്നാണ് ഷര്‍ഷാദിന്റെ പരാതി. ഭരണസ്വാധീനം ദുരുപയോഗം ചെയ്ത് കള്ളക്കേസുകള്‍ നിര്‍മ്മിച്ച് തന്നെ ജയിലിലടച്ചുവെന്നും ഇതിന്റെ മറവില്‍ കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. അന്ന് ആഭ്യന്തര വകുപ്പിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ എറണാകുളം പനമ്പള്ളിനഗര്‍ കേന്ദ്രീകരിച്ച് സമാന്തര ഓഫീസ് പ്രവര്‍ത്തിചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും കേസ് അന്വേഷണങ്ങളും ഈ ഓഫീസില്‍ നിന്നാണ് തീരുമാനിക്കപ്പെട്ടിരുന്നത്. ഈ ഓഫീസ് അടക്കം പരിശോധിക്കുകയാണ് ഇനി പൊലീസിന്റെ ലക്ഷ്യം. മുന്‍പ് സ്വന്തം വകുപ്പിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പോലും തഴയപ്പെട്ട് അപമാനിതനായ ഒരു ഉദ്യോഗസ്ഥന് മുന്നിലേക്ക് അതേ രാഷ്ട്രീയ നേതാവിന്റെ കേസ് ഫയലുകള്‍ എത്തുമ്പോള്‍ സിപിഎം വൃത്തങ്ങളില്‍ വലിയ ആശങ്ക പടരുകയാണ്....
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)