കമ്മീഷനെ പറ്റിച്ചോ? രമ്യ ഹരിദാസിനെതിരെ നേതൃത്വം കടുപ്പത്തിൽ
ചിറയിൻകീഴ് സംഘർഷവും കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചെന്ന വിവാദവും രൂക്ഷമായതോടെ രമ്യ ഹരിദാസിന്റെ വിശ്വസ്തനായ പാളയം പ്രദീപിനെ അകറ്റിനിർത്താൻ കോൺഗ്രസ് നേതൃത്വം കർശന നിർദേശം നൽകി.
കമ്മീഷനെയടക്കം പറ്റിച്ചിട്ട് സുഖമായി വിലസേണ്ട എന്ന അവസാന താക്കീത് നൽകി, സ്വന്തം വിശ്വസ്തനെ വരെ വെട്ടിമാറ്റിക്കൊണ്ട് രമ്യ ഹരിദാസിന് മേൽ അവസാന ആണിയടിച്ചിരിക്കുകയാണ് കെ.സി. വേണുഗോപാൽ. ഡൽഹിയിൽ നിന്നും കെ.സി. കേരളത്തിൽ എത്തിയിട്ടും, താൻ ഡൽഹിയിലാണെന്നാണ് രമ്യ ഹരിദാസ് പറഞ്ഞത്. ഒരു ലോക്സഭാ എംപി എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്ക് മുൻപ് പാട്ടും പാടി വിജയിച്ച രമ്യ ഹരിദാസ്, പക്ഷെ ഇപ്പോൾ തമ്മിൽ തല്ലു കഴിഞ്ഞ് ആശുപത്രിയിലും പോയി വലിയ വായിൽ വിളിച്ചുകൂവിയതും 'കയ്യിൽ നിന്ന് വിടെടാ' എന്ന അലറൽ വീഡിയോയുമൊക്കെയായി കളത്തിലിറങ്ങിയെങ്കിലും ജനങ്ങളെയോ മാധ്യമങ്ങളെയോ ഒന്നും തന്നെ പെങ്ങളൂട്ടിക്ക് വിശ്വാസത്തിലെടുക്കാനായില്ല. കാരണമെന്ത്? രാഷ്ട്രീയത്തിൽ വെച്ചുപുലർത്തേണ്ട സാമാന്യ മര്യാദ വെച്ചുപുലർത്താൻ രമ്യയ്ക്കായിട്ടില്ല, അതാണ് സത്യം. എന്തായാലും പാളയം പ്രദീപ് എന്ന തന്റെ സഹായിയെ, വലംകൈയ്യെ, വിശ്വസ്തനെ ഡൽഹിയിൽ നിന്നും പറന്നിറങ്ങിയ കെ.സി. വേണുഗോപാൽ ആദ്യമേ തന്നെ വെട്ടിമാറ്റി. ഇനി സൂപ്പർ എംഎൽഎ ചമയാൻ ആരും നിൽക്കേണ്ട, രമ്യ തന്നെ എംഎൽഎ പണി നോക്കട്ടെ എന്ന ഒറ്റ തീരുമാനത്തിൽ കാര്യങ്ങൾക്ക് ഒരു ഏകദേശ തീരുമാനമായി.
ചിറയിൻകീഴിൽ നടന്ന കോൺഗ്രസ് കൈയാങ്കളിയും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ നാടകങ്ങളുമാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തിന് മുന്നിൽ വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ ഹസ്സൻ കമ്മീഷന് മുന്നിൽ ഹാജരാകാതിരിക്കാൻ ഡൽഹിയിൽ എഐസിസി യോഗമുണ്ടെന്ന് പറഞ്ഞ് വ്യാജ കാരണം ഉന്നയിച്ച രമ്യ ഹരിദാസ്, എന്നാൽ പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ മകന്റെ കല്യാണച്ചടങ്ങിൽ പങ്കെടുക്കാനാണ് പോയതെന്ന വിവരം പുറത്തുവന്നതോടെയാണ് നേതൃത്വം കൂടുതൽ കടുപ്പിച്ചത്. പാലക്കാട്ടുവെച്ച് കെ.സി. വേണുഗോപാലുമായി രമ്യ ഹരിദാസ് കൂടിക്കാഴ്ച നടത്തിയെങ്കിലും കൃത്യമായ മുന്നറിയിപ്പാണ് രമ്യയ്ക്ക് ലഭിച്ചത്. സംഘർഷത്തിന് പിന്നാലെ പാളയം പ്രദീപ്, സജാദ് എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പ്രദീപിനെ കൂടെക്കൊണ്ടുനടക്കാനും സംരക്ഷിക്കാനും രമ്യ നീക്കം നടത്തിയിരുന്നു. എന്നാൽ ചിറയിൻകീഴിലും സംസ്ഥാനത്തൊട്ടാകെയുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രദീപിന്റെ ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവാദ നായകനായ പാളയം പ്രദീപിനെ ഒപ്പം കൂട്ടരുതെന്നും സഹായിക്കുന്നതിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നും കെപിസിസി കർശന നിർദ്ദേശം നൽകിയത്.
അതേസമയം, വലംകൈയ്യെ വെട്ടിമാറ്റിയെങ്കിലും സംഘർഷവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെതിരെ മറ്റ് സംഘടനാപരമായ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് നിലവിൽ കെപിസിസി കൈക്കൊണ്ടിരിക്കുന്ന തീരുമാനം. പാർട്ടിക്ക് അകത്ത് വീണ്ടും വലിയൊരു പൊട്ടിത്തെറിയും വിവാദങ്ങളും ഒഴിവാക്കി പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം നടത്തുന്നത്. രമ്യ ഹരിദാസും പാളയം പ്രദീപും നൽകിയ പ്രത്യാരോപണ പരാതികളിൽ മറ്റ് പ്രാദേശിക നേതാക്കൾക്കെതിരെ തൽക്കാലം നടപടിയുണ്ടാകില്ല. പ്രത്യേകിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പാലത്തിനെതിരെ നടപടിയെടുത്താൽ യൂത്ത് കോൺഗ്രസിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉയർന്നതോടെയാണ് കൂടുതൽ സസ്പെൻഷനുകളിലേക്ക് പോകാതെ നിലവിലെ നടപടികളിൽ കാര്യം ഒതുക്കാൻ തീരുമാനിച്ചത്. പ്രാദേശിക നേതൃത്വത്തെയും പ്രവർത്തകരെയും ഒന്നിച്ചു കൊണ്ടുപോയി പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാണ് കെ.സി. വേണുഗോപാലും രമ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കിലും വിശ്വസ്തനായ സഹായിയെ പാർട്ടി ഇടപെട്ട് വെട്ടിമാറ്റിയതും കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച വിവരങ്ങൾ പുറത്തുവന്നതും രമ്യ ഹരിദാസ് എന്ന നേതാവിന് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറ്റ വലിയൊരു തിരിച്ചടിയായി തന്നെ മാറുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)