സൈനികയുടെ ആത്മാഭിമാനമോ മന്ത്രിയുടെ രാഷ്ട്രീയ ഭാവിയോ? ബിജെപിക്കെതിരെ ചോദ്യങ്ങൾ

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മന്ത്രി വിജയ് ഷായെ സംരക്ഷിക്കുന്ന മധ്യപ്രദേശ് സർക്കാർ നിലപാട് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്.

Sep 05, 2026 - 12:13
0
സൈനികയുടെ ആത്മാഭിമാനമോ മന്ത്രിയുടെ രാഷ്ട്രീയ ഭാവിയോ? ബിജെപിക്കെതിരെ ചോദ്യങ്ങൾ

ദേശസ്നേഹത്തിന്റെയും രാജ്യസുരക്ഷയുടെയും വൻ വചനങ്ങൾ ഉറക്കെ മുഴക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖവും ഇരട്ടത്താപ്പുമാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന് മുന്നിൽ ഇപ്പോൾ വിചാരണ ചെയ്യപ്പെടാൻ പോകുന്നത്. രാജ്യത്തിന്റെ അതിർത്തി കാക്കാൻ, സ്വന്തം ജീവൻ പണയം വെച്ച് പോരാടുന്ന ഒരു സൈനിക ഉദ്യോഗസ്ഥയെ, അവരുടെ മതം മാത്രം നോക്കി അധിക്ഷേപിക്കുക! ഭീകരാക്രമണങ്ങൾക്ക് മറുപടി നൽകി രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ധീരയായ കേണൽ സോഫിയ ഖുറേഷിക്കെതിരെയാണ് ഭരണകൂടത്തിന്റെ തണലിൽ നിൽക്കുന്ന ഒരു മന്ത്രി വിഷം ചീറ്റുന്ന വിദ്വേഷ പരാമർശം നടത്തിയത്. പത്താൻകോട്ട് ഭീകരാക്രമണത്തിന് ശേഷവും, പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടന്ന 'ഓപ്പറേഷൻ സിന്ദൂറി'ലുമൊക്കെ മുന്നണിപ്പോരാളിയായി നിന്ന കേണൽ ഖുറേഷിയെ 'ഭീകരവാദികളുടെ സഹോദരി' എന്ന് വിളിച്ചാക്ഷേപിക്കാൻ ഒരു മധ്യപ്രദേശ് മന്ത്രിക്ക് ധൈര്യം ലഭിച്ചുവെങ്കിൽ, അത് ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ നൽകുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം കൊണ്ടല്ലാതെ മറ്റെന്താണ്? രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഒരു കേണലിനെ, രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു പ്രത്യേക മതത്തിലേക്ക് ചുരുക്കിക്കെട്ടാനും അതിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് വരെ വലിച്ചിഴക്കാനും കാണിച്ച ഈ ധാർഷ്ട്യം രാജ്യത്തെ ഓരോ ജനാധിപത്യ വിശ്വാസിയെയും അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന ഒന്നാണ്.

എന്നാൽ, സൈന്യത്തെയും രാജ്യസുരക്ഷയെയും രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപിയുടെ ഈ ഇരട്ടത്താപ്പ് നാടകം സ്വന്തം മന്ത്രിയെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതോടെ പൂർണ്ണമായും പൊളിയുകയാണ്. ജനങ്ങൾക്ക് മുന്നിൽ വിദ്വേഷം വിതറിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ തള്ളിപ്പറയുന്നതിന് പകരം, അദ്ദേഹത്തെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കാനാണ് ബിജെപി സർക്കാർ സുപ്രീം കോടതി വരെ കയറിയിറങ്ങുന്നത്. കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാനോ പ്രോസിക്യൂട്ട് ചെയ്യാനോ അനുമതി നൽകില്ലെന്ന് ഓഗസ്റ്റ് 25-ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനമെടുക്കുകയും, ഗവർണർ മംഗുഭായ് പട്ടേലിനെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തെ സുപ്രീം കോടതിയിൽ ന്യായീകരിക്കാൻ അഞ്ചു വിചിത്ര വാദങ്ങളുമായാണ് സംസ്ഥാന സർക്കാർ ഇപ്പോഴെത്തിയിരിക്കുന്നത്. പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഔദ്യോഗികമായി ആരും പരാതി നൽകിയിട്ടില്ലെന്നും, പ്രസംഗത്തിൽ കേണലിന്റെ പേര് എടുത്തു പറഞ്ഞിട്ടില്ലെന്നും, അപമാനിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു എന്നും, മന്ത്രി മൂന്ന് തവണ ക്ഷമ ചോദിച്ചിട്ടുണ്ടെന്നുമൊക്കെപ്പറഞ്ഞ് ഈ വംശീയ അധിക്ഷേപത്തെ വെള്ളപൂശാനാണ് ഭരണകൂടം തന്ത്രപാട് പെടുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെയായി മധ്യപ്രദേശ് രാഷ്ട്രീയത്തിൽ തുടർച്ചയായി 8 തവണ ജയിച്ചുകയറിയ, ഉമാ ഭാരതി മുതൽ ഇപ്പോഴത്തെ മുഖ്യമന്ത്രി മോഹൻ യാദവിന്റെ കാബിനറ്റിൽ വരെ സ്വാധീനമുള്ള വിജയ് ഷാ എന്ന നേതാവിന്റെ വോട്ട് ബാങ്കും ഗോത്രവർഗ്ഗ രാഷ്ട്രീയ സ്വാധീനവും മാത്രമാണ് ഇവിടെ ബിജെപിക്ക് വലുതാകുന്നത്. രാജ്യത്തിന് വേണ്ടി ചോരചിന്തുന്ന സൈനികരുടെ ആത്മാഭിമാനത്തേക്കാൾ സ്വന്തം മന്ത്രിയുടെ രാഷ്ട്രീയ ഭാവിക്കാണ് ബിജെപി വിലകൽപ്പിക്കുന്നത് എന്ന് ഈ നീക്കത്തിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ കാവലാളായ ഒരു വനിതാ കേണലിനെ മതത്തിന്റെ പേരിൽ വേർതിരിച്ചു കാണിച്ച വിദ്വേഷ രാഷ്ട്രീയത്തിന് മുന്നിൽ, സുപ്രീം കോടതി എന്ത് നിലപാടെടുക്കും എന്നത് തന്നെയാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്. ദേശസ്നേഹത്തിന്റെ മുഖമൂടിയണിഞ്ഞ ഈ വിദ്വേഷ നാടകങ്ങൾക്ക് നീതിപീഠം കനത്ത തിരിച്ചടി നൽകുമോ എന്ന് വരും ദിവസങ്ങളിൽ നമുക്ക് കാണാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User