കൊട്ടാരങ്ങള്‍, സ്വര്‍ണക്കട്ടികള്‍; ആ സ്വത്ത് തര്‍ക്കം തീര്‍പ്പാവുന്നു
നിരവധി രാജകൊട്ടാരങ്ങള്‍, നൂറുകണക്കിന് കിലോ സ്വര്‍ണം, വെള്ളി, അപൂര്‍വ പുരാവസ്തുക്കള്‍, ഡല്‍ഹി മുതല്‍ മുംബൈവരെ പ്രദേശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആഡംബര വസതികള്‍... നാല് പതിറ്റാണ്ടായി ഇന്ത്യന്‍ കോടതികളില്‍ തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടന്ന സിന്ധ്യ രാജകുടുംബത്തിന്റെ ശതകോടികളുടെ സ്വത്തുതര്‍ക്കം ഒടുവില്‍ ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. നാല് തലമുറകളായി പോരാടിയിട്ടും തീര്‍പ്പാവാതെ പോയ ഈ നിയമയുദ്ധം ഫലപ്രാപ്തിയിലേക്കടുക്കുമ്പോള്‍ ആര്‍ക്കൊക്കെ, എന്തൊക്കെ കിട്ടും എന്നതാണ് ചോദ്യം. ഒരു ദിനം കൊണ്ട് പലരുടെയും സാമ്പത്തിക നിലവാരം പതിന്മടങ്ങുയരുന്ന ഒത്തുതീര്‍പ്പിലേക്ക് രാജ്യം ഉറ്റുനോക്കുകയാണ്. മുന്‍ ഗ്വാളിയര്‍ രാജവംശത്തിന്റെ പിന്‍ഗാമിയും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്‍ധ്യയും അദ്ദേഹത്തിന്റെ അമ്മായിമാരായ വസുന്ധര രാജെ, യശോധര രാജെ, ഉഷ രാജെ, അന്തരിച്ച പത്മാവതി രാജെയുടെ പെണ്‍മക്കള്‍ എന്നിവര്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് 40 വര്‍ഷത്തിലേറെയായി വിവിധ കോടതികളില്‍ കുരുങ്ങിക്കിടന്നത്. മുംബൈ, ഗ്വാളിയര്‍, പൂനെ, ഡല്‍ഹി എന്നിവിടങ്ങളിലെ കോടതികളിലായി കേസുകള്‍ ഇഴഞ്ഞുനീങ്ങവെ പല തലമുറകള്‍ കടന്നുപോയി.
1961ല്‍ ജീവാജിറാവു സിന്ധ്യ അന്തരിച്ചതോടെ ഉടലെടുത്ത തര്‍ക്കത്തില്‍ ഉള്‍പെട്ടിരിക്കുന്നത് അത്യാഡംബരത്തിന്റെ പ്രതീകങ്ങളാണ് സ്ഥാവര ജംഗമ സ്വത്തുക്കളാണ്. ആസ്തികള്‍ എഴുതിയത് മാത്രം മുന്നൂറിലേറെ പേജ് വരും. ഗ്വാളിയറിലെ പ്രശസ്തമായ ജയ് വിലാസ് പാലസ്, സഖ്യ വിലാസ്, മാധവ് വിലാസ് പാലസ്, ജോര്‍ജ് കാസില്‍, ഉജ്ജയിനിയിലെ പാലസ്, ഡല്‍ഹിയിലെ ഗ്വാളിയര്‍ ഹൗസ്, മുംബൈയിലെ സമുദ്ര മഹലിലെ ഫ്‌ളാറ്റുകള്‍, പൂനെയിലെ പത്മ വിലാസ് പാലസ് തുടങ്ങി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കൊട്ടാരങ്ങളും ഭൂമികളും പട്ടികയിലുണ്ട്. ജയ് വിലാസ് പാലസ് സമുച്ചയത്തിന്റെയും അനുബന്ധ സ്വത്തുക്കളുടെയും മൂല്യം മാത്രം പതിനായിരം കോടിയിലേറെയെന്നാണ് ചില കണക്കുകള്‍.
ജംഗമ സ്വത്തുക്കള്‍ ഇതിനു പുറമെയാണ്. 623 കിലോഗ്രാം സ്വര്‍ണം, 332 കിലോഗ്രാം വെള്ളി, ഒമ്പതാം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെയുള്ള അപൂര്‍വ ചിത്രങ്ങള്‍, സ്വര്‍ണക്കപ്പുകള്‍, വെള്ളിപ്പാത്രങ്ങള്‍, വെള്ളി സിഗരറ്റ് കേസുകള്‍ വരെ സ്വത്ത് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ സ്വന്തം അച്ഛനും മുത്തശ്ശിക്കുമെതിരെ ജ്യോതിരാദിത്യ സിന്ധ്യ തന്നെ കേസ് നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. 2021ല്‍ ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും അന്തിമ ധാരണയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഒടുവില്‍ എല്ലാ കുടുംബാംഗങ്ങളും പരസ്പര ധാരണയിലെത്തിയതായും കോടതികളില്‍ ഒത്തുതീര്‍പ്പ് രേഖപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. പതിറ്റാണ്ടുകളായി നിയമക്കുരുക്കില്‍ കുടുങ്ങിക്കിടന്ന കൊട്ടാരങ്ങളും നിധികളും ഒടുവില്‍ പുതിയ ഉടമസ്ഥരുടെ കൈകളിലേക്കെത്തുകയാണ്.