നമുക്ക് ചരിത്രം, അവര്‍ക്ക് സാധാരണം; മോദിയെ അവഗണിച്ച് വിദേശ മീഡിയ

Jul 09, 2026 - 22:46
0
നമുക്ക് ചരിത്രം, അവര്‍ക്ക് സാധാരണം; മോദിയെ അവഗണിച്ച് വിദേശ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ഇന്ത്യയില്‍ ആഘോഷമാണ്, ലോകകപ്പ് ഉത്സവങ്ങള്‍ക്കിടയിലും ഇന്ത്യന്‍ മാധ്യമങ്ങളിലും ന്യൂസ് ചാനലുകളിലും പ്രധാനമന്ത്രി നിറഞ്ഞുനില്‍ക്കുന്നു. ഒന്നാം പേജ് തലക്കെട്ടുകള്‍, മണിക്കൂറുകളോളം നീളുന്ന തത്സമയ സംപ്രേഷണങ്ങള്‍, ഗ്ലോബല്‍ ലീഡര്‍ എന്ന പരിവേഷം. എന്നാല്‍ അദ്ദേഹം സന്ദര്‍ശിക്കുന്ന ഇന്തോനേഷ്യയിലും ന്യൂസിലാന്റിലും ഓസ്‌ട്രേലിയയിലും അത് ഒന്നാം പേജ് വാര്‍ത്ത പോലുമല്ല. എന്തുകൊണ്ടാണ് മോഡി അവഗണിക്കപ്പെടുന്നത്? മോഡി ഒപ്പിടുന്ന കരാറുകള്‍ ഇന്ത്യയെപ്പോലെ ഈ രാജ്യങ്ങള്‍ക്കും പ്രധാനമല്ലേ? പശ്ചിമേഷ്യന്‍ സംഘര്‍ഷവും ട്രംപ് സൃഷ്ടിക്കുന്ന അനിശ്ചിതത്വവും കാരണം എല്ലാ രാജ്യങ്ങളും ബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കുന്ന തിരക്കിലാണ്. എന്നിട്ടും എന്തേ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇത്ര തണുത്ത സ്വീകരണം?

ഇന്തോനേഷ്യക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ നല്‍കാന്‍ തീരുമാനിച്ചു. ഓസ്‌ട്രേലിയയുമായി വ്യാപാര കരാറിലേര്‍പ്പെട്ടു, ന്യൂസിലാന്റുമായി സ്വതന്ത്ര വ്യാപാരത്തിന് ധാരണയായി. എന്നിട്ടും അതൊക്കെ ആ രാജ്യങ്ങില്‍ ചെറിയ റിപ്പോര്‍ട്ടുകള്‍ മാത്രമായി ചുരുങ്ങി. മോഡിയുടെ ഓസ്‌ട്രേലിയ, ന്യൂസിലാന്റ് സന്ദര്‍ശനത്തിന് അവിടത്തെ മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയതേയില്ല. മെല്‍ബണില്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രധാനമന്ത്രിക്ക് നല്‍കുന്ന സ്വീകരണമായിരുന്നു താരതമ്യേന വലിയ വാര്‍ത്ത. ന്യൂസിലാന്റില്‍ മോഡിയുടെ സന്ദര്‍ശനത്തിന് അകമ്പടിയേകുന്നത് ഒരു വിവാദമാണ്, വ്യാപാര കരാറിനെ അവിടത്തെ വിദേശകാര്യ മന്ത്രി തന്നെ വിമര്‍ശിച്ചതാണ് വാര്‍ത്തയാവുന്നത്. ഇന്തോനേഷ്യയിലെ ചില പത്രങ്ങള്‍ ബ്രഹ്മോസ്, ധാതുസമ്പത്ത് സഹകരണം തുടങ്ങിയ കരാറുകളെക്കുറിച്ചുള്ള ചെറിയ റിപ്പോര്‍ട്ടുകള്‍ നല്‍കിയപ്പോള്‍, മറ്റുചില മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ക്ഷേത്രസന്ദര്‍ശനത്തിലും സ്വീകരണ ചടങ്ങുകളിലുമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രധാന വാര്‍ത്തകളില്‍ പോലും ഈ സന്ദര്‍ശനം ഇടംപിടിക്കാതിരുന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുന്ന തരത്തിലുള്ള ആവേശം ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഉണ്ടായില്ല. ന്യൂസിലന്‍ഡില്‍ കൂടുതല്‍ ചര്‍ച്ചയായത് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെച്ചൊല്ലിയുള്ള ആഭ്യന്തര രാഷ്ട്രീയ ഭിന്നതകളായിരുന്നു. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ വംശജരുടെ പരിപാടികള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്.

ഇത് ഇന്ത്യയോടോ മോഡിയോടോ ഉള്ള അവഗണനയല്ല. എല്ലാ രാജ്യങ്ങളും വിദേശ നേതാക്കളുടെ സന്ദര്‍ശനത്തെ കാണുന്നത് നയതന്ത്ര നടപടികളുടെ ഭാഗമായാണ്. എല്ലാ സന്ദര്‍ശനങ്ങളും അവര്‍ക്ക് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ചരിത്രസംഭവമല്ല. ഇന്ത്യയില്‍ ചില മാധ്യമങ്ങള്‍ ഇത്തരം ഔദ്യോഗിക സന്ദര്‍ശനങ്ങളെ അമിതമായി ആഘോഷിക്കുകയും ആഭ്യന്തര രാഷ്ട്രീയ നേട്ടത്തിനുള്ള പ്രചാരണോപാധിയാക്കി മാറ്റുകയും ചെയ്യുന്നതാണ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ കരാറുകളുടെ പ്രായോഗിക ഫലങ്ങളാണ് വിലയിരുത്തുക. നേതാക്കളുടെ വ്യക്തിമഹിമയോ രാഷ്ട്രീയ ബ്രാന്‍ഡിംഗോ അല്ല. ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന ആവേശം വിദേശ മാധ്യമങ്ങള്‍ ഏറ്റെടുക്കാത്തതിന്റെ കാരണവും അതു തന്നെ. വിദേശനയം വിലയിരുത്തേണ്ടത് ഒപ്പുവെച്ച കരാറുകള്‍ എത്രത്തോളം നടപ്പാകുന്നു, ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എത്രമാത്രം ഗുണം ചെയ്യുന്നു, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എത്രത്തോളം ശക്തിപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതാണ് യഥാര്‍ഥ നയതന്ത്ര വിജയം. ബാക്കി എല്ലാം ആഭ്യന്തര രാഷ്ട്രീയനേട്ടത്തിനായുള്ള ദൃശ്യാവിഷ്‌കാരങ്ങള്‍ മാത്രമാണ്. ത്രിരാഷ്ട്ര സന്ദര്‍ശനം ഒരിക്കല്‍കൂടി അതിന് അടിവരയിടുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User