ടണല്‍ ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചത് ആരാണ്?

Jul 09, 2026 - 20:51
0
ടണല്‍ ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചത് ആരാണ്?

മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന്റെ മുറിവുകള്‍ ഉണങ്ങുംമുമ്പെ വയനാട്ടിലുണ്ടായ മണ്ണിടിച്ചിലും ജീവനഷ്ടവും ഉയര്‍ത്തുന്നത് ഗുരുതരമായ ചോദ്യങ്ങള്‍. കേരളം എപ്പോഴാണ് ഈ മരണങ്ങളില്‍ നിന്ന് പാഠം പഠിക്കുക? ആരാണ് മുന്നറിയിപ്പുകള്‍ അവഗണിച്ചത്? 
കോഴിക്കോട്-വയനാട് തുരങ്കപാത നിര്‍മാണ പാതയില്‍ കല്ലാടി പഞ്ചായത്തിലുണ്ടായ ദുരന്തത്തില്‍ നിരവധി ജീവനുകളണ് നഷ്ടപ്പെട്ടിരിക്കുന്നത്. കാര്യമായ മഴയുണ്ടാവാത്ത സാഹചര്യത്തിലാണ് അപകടം നടന്നതെന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ചൂരല്‍മല ദുരന്തം ഉണ്ടായത് ദിവസങ്ങളോളം നീണ്ട പേമാരിക്കു ശേഷമാണ്.  ഇത്തവണ സംസ്ഥാനത്ത് മൊത്തം മഴ കുറവാണ്.. വയനാട്ടില്‍ സാധാരണയേക്കാള്‍ 57 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍. ഇത്രയും കുറഞ്ഞ മഴയില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത് സ്വാഭാവിക പ്രതിഭാസമല്ലെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുന്നിന്റെ സ്വാഭാവിക ചരിവും വെള്ളത്തിന്റെ ഒഴുക്കും തുരങ്കനിര്‍മാണത്തിനായി മാറ്റിമറിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. 2021ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. അതീവ പരിസ്ഥിതി ദുര്‍ബല മേഖലയാണെന്നും മണ്ണിടിച്ചില്‍ സാധ്യത അതീവ ഗുരുതരമാണെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2025 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി അനുമതി നല്‍കി, കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാരും പച്ചക്കൊടി കാട്ടി. 

മുണ്ടക്കൈചൂരല്‍മല ദുരന്തത്തിന്റെ മരണ മണം മാറും മുമ്പെയാണ് തുരങ്കപാത പദ്ധതിക്ക് അനുമതി ലഭിച്ചത്. അതീവ ദുരന്തസാധ്യതയുള്ള മേഖലയിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നതെന്ന് രേഖകളില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടും എങ്ങനെയാണ് ഇത് സാധിച്ചതെന്നാണ് ചോദ്യം. 
പരിസ്ഥിതി അനുമതിയില്‍ പോലും അപകടസാധ്യതകള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുടെ വിശദമായ പഠനം വേണം, നിയന്ത്രിത സ്‌ഫോടനരീതി സ്വീകരിക്കണം, നീക്കം ചെയ്യുന്ന മണ്ണ് സുരക്ഷിതമായി സംസ്‌കരിക്കണം, വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തരുത്, ഭൂചലനവും പ്രകമ്പനവും നിരന്തരം നിരീക്ഷിക്കണം തുടങ്ങി കര്‍ശന വ്യവസ്ഥകളാണ് മുന്നോട്ടുവെച്ചിരുന്നത്. ഈ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അനുമതി നല്‍കുമ്പോള്‍ നിര്‍ദേശിച്ച കര്‍ശന നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും വരെ തുരങ്കപാത നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.  വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ വികസനത്തിന്റെ പേരില്‍ മനുഷ്യജീവന്‍ പണയംവയ്ക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ദുരന്തസാധ്യത മുന്‍കൂട്ടി രേഖപ്പെടുത്തിയ പ്രദേശത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കാതെ മുന്നോട്ടുപോയ തീരുമാനങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നാണ് ഉയരുന്ന ആവശ്യം. മുണ്ടക്കൈ ദുരന്തം മുന്നറിയിപ്പായിരുന്നെങ്കില്‍, കല്ലാടി നാം ക്ഷണിച്ചുവരുത്തിയ ദുരന്തമാണ്. പ്രകൃതിയുടെ മേല്‍ പഴിചാരാനാവില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User