വിവാദങ്ങൾക്കിടെയും റിസർച്ച് ഓഫീസർ ചുരുക്കപ്പട്ടിക നീക്കവുമായി പി.എസ്.സി
Kerala PSC's decision to rapidly publish the Research Officer shortlist amidst allegations of syllabus changes and examination irregularities has sparked significant concerns among candidates
തിരുവനന്തപുരം: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിക അവിശ്വസനീയമായ വേഗത്തിൽ പ്രസിദ്ധീകരിക്കാനൊരുങ്ങി പി.എസ്.സി. പരീക്ഷ നടന്ന് വെറും 20 ദിവസങ്ങൾക്കുള്ളിൽ തന്നെ പട്ടിക തയ്യാറാക്കാൻ ജൂലൈ ആറിന് ചേർന്ന പി.എസ്.സി യോഗം തീരുമാനിക്കുകയായിരുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപങ്ങളാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നത്. പരീക്ഷയ്ക്ക് മുൻപ് പ്രസിദ്ധീകരിച്ച സിലബസിൽ പിന്നീട് മാറ്റം വരുത്തിയ വിവരം ഉദ്യോഗാർത്ഥികളെ അറിയിച്ചിരുന്നില്ല. പുതിയ സിലബസ് വന്നതോടെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന് ലഭിച്ചിരുന്ന മുൻകാല വെയിറ്റേജ് പൂർണ്ണമായും നഷ്ടപ്പെട്ടു. കൂടാതെ, മറ്റ് വിഭാഗങ്ങൾക്ക് 50 മാർക്കിന്റെ ചോദ്യങ്ങൾ ലഭിച്ചപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന് ലഭിച്ചത് 25 മാർക്കിന്റെ ചോദ്യങ്ങൾ മാത്രമാണ്. ചോദ്യപേപ്പറിലെ ഉത്തര വിതരണത്തിൽ 'ബി' ഓപ്ഷന് അമിത മുൻതൂക്കം നൽകിയെന്ന പരാതിയും ശക്തമാണ്.
തങ്ങളുടെ പരാതികൾ പി.എസ്.സി ചെയർമാനും പരീക്ഷ കൺട്രോളർക്കും രേഖാമൂലം സമർപ്പിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പുനഃപരീക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുന്നതിനിടയിലാണ് ചുരുക്കപ്പട്ടികയുമായി കമ്മീഷൻ മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ വീണ്ടും മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗാർത്ഥികൾ. നിയമപരമായ തടസ്സങ്ങൾ ഇല്ലെങ്കിലും, വിവാദങ്ങൾ നിലനിൽക്കെ കമ്മീഷൻ കാണിക്കുന്ന ഈ അമിത ധൃതിയിൽ വലിയ ദുരൂഹതയുണ്ടെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.