കാസർകോടിന് ടൂറിസം, സാംസ്കാരിക മേഖലകളിൽ വലിയ സാധ്യതകൾ; പ്രത്യേക ശ്രദ്ധ നൽകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തുളു, യക്ഷഗാന, പൂരക്കളി അക്കാദമികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും; ലോകത്തിന് മുന്നിൽ കാസർകോടിന്റെ സാംസ്കാരിക തനിമകൾ അവതരിപ്പിക്കുമെന്ന് ഉറപ്പ്

Nov 10, 2026 - 15:19
Updated: 6 hours ago
0
കാസർകോടിന് ടൂറിസം, സാംസ്കാരിക മേഖലകളിൽ വലിയ സാധ്യതകൾ; പ്രത്യേക ശ്രദ്ധ നൽകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

കാസർകോട്: ടൂറിസം, സാംസ്കാരിക മേഖലകളിൽ ഏറെ പ്രാധാന്യമുള്ള ജില്ലയാണ് കാസർകോടെന്ന് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. വിനോദസഞ്ചാര വികസനത്തിനും സാംസ്കാരിക പൈതൃക സംരക്ഷണത്തിനും ജില്ലയിൽ വലിയ സാധ്യതകളുണ്ടെന്നും ഇവ പ്രയോജനപ്പെടുത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സപ്തഭാഷകളുടെ സംഗമഭൂമിയെന്നതിലുപരി വിവിധ സംസ്കാരങ്ങൾ, കലാരൂപങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, കാവുകൾ, തെയ്യങ്ങൾ എന്നിവകൊണ്ട് സമ്പന്നവും വൈവിധ്യപൂർണ്ണവുമായ നാടാണ് കാസർകോട്. ലോകത്തിന് പരിചയപ്പെടുത്താനും കാണിച്ചുകൊടുക്കാനും കഴിയുന്ന ഒട്ടേറെ സാംസ്കാരിക തനിമകൾ ഇനിയും ജില്ലയിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തുളു അക്കാദമി, യക്ഷഗാന അക്കാദമി, പൂരക്കളി അക്കാദമി എന്നിവയുടെ പ്രവർത്തനങ്ങളിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കേണ്ടതുണ്ട്. ടൂറിസം, സാംസ്കാരിക മേഖലകളിൽ ഒരുപോലെ വലിയ സാധ്യതകളുള്ള കാസർകോടിന്റെ പ്രത്യേകതകൾ വികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനൽകി.

സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രിയായ ശേഷം വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ആദ്യമായി കാസർകോട് ജില്ലയിലെത്തിയ പി.സി. വിഷ്ണുനാഥിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി.സി.സിയുടെ സ്നേഹോപഹാരം മന്ത്രി ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, ഡി.സി.സി ഭാരവാഹികളായ ബി.പി. പ്രദീപ് കുമാർ, സാജിദ് മൗവ്വൽ, സോമശേഖര ഷേണി, ഡോ. കെ.വി. ശശിധരൻ, അഡ്വ. പി.വി. സുരേഷ്, ഗീത കൃഷ്ണൻ, മാമുനി വിജയൻ, കെ.പി. പ്രകാശൻ, സി.വി. ജെയിംസ്, ഹരീഷ് പി. നായർ, കെ. ലക്ഷ്മണപ്രഭു, കെ. ബാലരാമൻ നമ്പ്യാർ, മധുസൂദനൻ ബാലൂർ, കെ.ആർ. കാർത്തികേയൻ, ആർ. ഗംഗാധരൻ, സുകുമാരി ശ്രീധരൻ, അർജുനൻ തായലങ്ങാടി, സാജിദ് കമ്മാടം എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User