പിണറായിയെ തൊടാൻ സി.പി.എമ്മിന് ഭയമോ? എം.എ. ബേബിയുടെ പിന്മാറ്റം ചർച്ചയാകുന്നു
വീണാ വിജയൻ–റിയാസ് വിവാദത്തിലും ഇ.ഡി. അന്വേഷണത്തിലും സി.പി.എം. നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളും എം.എ. ബേബിയുടെ മാധ്യമപ്രവർത്തകരോടുള്ള പിന്മാറ്റവും പാർട്ടിയിലെ ജനാധിപത്യവും അധികാര കേന്ദ്രീകരണവും സംബന്ധിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു.
പിണറായി = സി.പി.എം. പാർട്ടി എന്നാണോ? തിരുവായ്ക്ക് എതിർവാ ഇല്ലാതിരുന്ന ഒരുകാലം കേരളത്തിനുണ്ടായിരുന്നു. അന്ന് ചുങ്കവും കരവുമൊക്കെ കൊടുക്കണമായിരുന്നു. അടിയനെന്ന് പറഞ്ഞ് കുമ്പിട്ട് മാറിനിൽക്കാൻ ഇത് രാജഭരണകാലമല്ലല്ലോ. ഇവിടെ ജനാധിപത്യമാണ് ആവശ്യം. അതില്ലാത്തത് സി.പി.എം. എന്ന പാർട്ടിക്കുള്ളിൽ മാത്രമാണ്.ഇത്രയും വലിയ കളവ് നടന്നുവെന്ന് തെളിഞ്ഞിട്ടും എന്തുകൊണ്ടാണ് പിണറായിയെയും റിയാസിനെയും സി.പി.എം. തൊടാൻ മടിക്കുന്നത്? ആർക്ക് വേണ്ടിയാണ് ഈ സംരക്ഷണ കവചം പാർട്ടിയൊരുക്കുന്നത്? എക്സാലോജിക്കിന്റെ അഡ്രസ് എ.കെ.ജി. സെന്ററിന് നൽകുമ്പോൾ സി.പി.എം. പറയുന്നത് വീണ വിജയന്റെ കുടുംബ സ്വത്താണെന്നാണ്.
ഒരു കുടുംബത്തിലെ അച്ഛനും മകളും മരുമകനും കട്ടുമുടിച്ചതിന്റെ പഴി കേൾക്കുന്നത് സി.പി.എം. എന്ന പ്രസ്ഥാനമാണ്. തൊഴിലാളികൾക്കായി മണ്ണിൽ പണിയെടുക്കുന്നവരായി ആരംഭിച്ച ആ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇതിനും വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവം ഇതിനുമുൻപുണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ ഒളിച്ചുകളിച്ചും ഒഴിഞ്ഞുമാറിയും മാക്സിമം തടിതപ്പാനാണ് ഇപ്പോൾ എം.എ. ബേബിയുൾപ്പെടെയുള്ളവർ നോക്കുന്നത്. മാസപ്പടിയെന്ന് കേൾക്കുമ്പോൾ എന്തോ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയാണ് സി.പി.എം. നേതാക്കൾ പെരുമാറുന്നത്.വേട്ടയാടൽ എന്ന തന്ത്രം ഇനി വിലപോകില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണോ ഡൽഹിയിൽ മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് അദ്ദേഹം ഒഴിഞ്ഞുമാറിയത്? കേന്ദ്ര നേതാവായിട്ട് പോലും പിണറായി പറയുന്നത് കേട്ട് തലകുലുക്കി ചിരിച്ച് കാണിക്കാനേ ബേബിക്ക് വിധിയുള്ളൂ.പാർട്ടിയിൽ തനിക്കെതിരെ തിരുത്തൽ ശക്തികളൊന്നും വേണ്ടെന്ന പിണറായിയുടെ കർക്കശ നിലപാടിന് മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ് ഈ നേതാക്കന്മാരെല്ലാവരും. അതുകൊണ്ടുതന്നെയാണ് ഒന്നും മിണ്ടാതെ തലകുനിച്ച് ഓടിയത്.പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന വിലക്ക് ലംഘിച്ച് റിയാസിന് വാർത്താസമ്മേളനം നടത്താമെങ്കിൽ, ഒരു പ്രതികരണം പോലും നടത്താതെ ബേബി ഓടുന്നത് ആരെ പേടിച്ചാണ്? ‘ഇനി ഞാൻ പൊയ്ക്കോട്ടേ’ എന്നായിരുന്നു ബേബി പറഞ്ഞത്. ഇതുവരെ ആരോ വിരിച്ച വലയിൽ കുടുങ്ങിയ മീനിന്റെ അവസ്ഥയായിരുന്നു ബേബിക്ക്. സകല വിലക്കുകളും ലംഘിച്ച് പാർട്ടിക്ക് പുല്ലുവില കൊടുത്ത് വിലസുന്ന അമ്മായിയപ്പനെയും മരുമകനെയും ഇനി സംരക്ഷിക്കേണ്ടതില്ലെന്ന കടുത്ത നിലപാടാണോ ഇങ്ങനെയൊരു പ്രതികരണത്തിന് കാരണമെന്നും അറിയില്ല.

ഡൽഹിയിൽവെച്ച് മാധ്യമപ്രവർത്തകർ ഇ.ഡി. അന്വേഷണത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ, സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കൈകൾ കൂപ്പി ‘ഇനി ഞാൻ പൊയ്ക്കോട്ടേ... എന്നെ വെറുതെ വിട്ടേക്കൂ’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ദൃശ്യം ഇപ്പോൾ കേരളം മുഴുവൻ പരക്കുകയാണ്.ഒരു കാലത്ത് സാംസ്കാരിക കേരളത്തിന്റെ ഉറച്ച ശബ്ദമായിരുന്ന, ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും പാർട്ടി നിലപാടുകൾ ആർജവത്തോടെ വിളിച്ചുപറഞ്ഞിരുന്ന എം.എ. ബേബിയുടെ ഈ പിന്മാറ്റം വലിയൊരു വിഭാഗം ജനങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.ഈ പശ്ചാത്തലത്തിലാണ് കേരള രാഷ്ട്രീയത്തിൽ പുതിയൊരു ആക്ഷേപം ശക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെയും പാർട്ടിയിലെ മുതിർന്ന നേതാക്കളെയും തന്റെ കൽപ്പനകൾക്ക് കീഴിൽ അടിമകളാക്കി വെച്ചിരിക്കുകയാണോ എന്ന ചോദ്യം പ്രതിപക്ഷവും രാഷ്ട്രീയ വിമർശകരും ഇന്ന് പരസ്യമായി ഉന്നയിക്കുന്നു.
ഇ.എം.എസും നായനാരും വി.എസും ഒക്കെ നയിച്ചിരുന്ന കാലത്ത് പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങളും തുറന്ന സംവാദങ്ങളും ഉണ്ടായിരുന്നു. തെറ്റായ നയങ്ങളെ തിരുത്താനും ചോദ്യം ചെയ്യാനും നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.എന്നാൽ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. പിണറായി വിജയൻ എന്ന വ്യക്തിയിലേക്ക് പാർട്ടിയുടെയും ഭരണത്തിന്റെയും സകല നിയന്ത്രണങ്ങളും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. എം.എ. ബേബിയെപ്പോലെ ദശാബ്ദങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള, പാർട്ടിയിലെ ഏറ്റവും ഉയർന്ന ഘടകമായ പോളിറ്റ് ബ്യൂറോയിലെ അംഗത്തിനുപോലും സ്വന്തം ബോധ്യത്തിനനുസരിച്ച് ഒരു മാധ്യമചോദ്യത്തിന് മറുപടി നൽകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു.
സംസാരിക്കാനോ അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളെ തിരുത്താനോ പാർട്ടിയിൽ ആർക്കും ധൈര്യമില്ലാത്ത അവസ്ഥയെയാണ് അടിമത്തം എന്ന് രാഷ്ട്രീയ എതിരാളികൾ വിശേഷിപ്പിക്കുന്നത്. പാർട്ടി സെക്രട്ടേറിയറ്റായാലും സംസ്ഥാന കമ്മിറ്റിയായാലും പിണറായി എടുക്കുന്ന തീരുമാനങ്ങൾക്ക് വെറും റബ്ബർ സ്റ്റാമ്പുകളായി മാറുന്നു എന്ന ആക്ഷേപം ശക്തമാണ്.
മുതിർന്ന നേതാക്കൾ പോലും തങ്ങളുടെ പദവികൾ നിലനിർത്താനും പാർട്ടിയിൽ ഒറ്റപ്പെട്ടുപോകാതിരിക്കാനും വേണ്ടി മാത്രമാണ് ഈ ഏകപക്ഷീയ ഭരണത്തിന് മൗനാനുവാദം നൽകുന്നത്.എം.എ. ബേബി മുൻപ് സാംസ്കാരിക മേഖലകളിലും പാർട്ടി വേദികളിലും ഉയർത്തിയിരുന്ന സ്വതന്ത്രമായ നിലപാടുകൾ ഇന്ന് കാണാനില്ല. പാർട്ടിയുടെ ഉന്നത നേതാക്കൾ മുൻ മുഖ്യമന്ത്രിയുടെ നിഴലുകളായി മാത്രം ജീവിക്കേണ്ടി വരുന്നത് ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒട്ടും ചേർന്നതല്ല.വ്യക്തിപൂജയ്ക്കും ഏകാധിപത്യ പ്രവണതകൾക്കുമെതിരെ നിരന്തരം സംസാരിക്കുന്ന ഒരു പാർട്ടിയിൽ, ഒരൊറ്റ നേതാവിലേക്ക് അധികാരം മുഴുവൻ കേന്ദ്രീകരിക്കപ്പെടുമ്പോൾ അത് ആത്യന്തികമായി പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കാണ് വഴിതെളിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)