അഴിമതിക്കോട്ടകൾ വിറയ്ക്കുന്നു; മോട്ടോർ വാഹന വകുപ്പിൽ ടി.വി. അനുപമയുടെ നിർണായക ഇടപെടൽ
മോട്ടോർ വാഹന വകുപ്പിലെ നികുതി വെട്ടിപ്പ്, വ്യാജരേഖ, ഫിറ്റ്നസ് ക്രമക്കേട് തുടങ്ങിയ കേസുകളിൽ തുടർനടപടി ശക്തമാക്കണമെന്ന ഗതാഗത സെക്രട്ടറി ടി.വി. അനുപമയുടെ റിപ്പോർട്ട് അഴിമതിക്കെതിരായ നിർണായക നീക്കമായി.
മോട്ടോർ വാഹന വകുപ്പിലെ അഴിമതിക്കോട്ടകളെ വിറപ്പിച്ചുകൊണ്ട് ഒരു പെൺപുലി ഇറങ്ങിയിരിക്കുകയാണ്. ഇനി ഒരു അഴിമതിക്കാരനും രക്ഷപ്പെടാൻ പോകുന്നില്ല! അഴിമതിക്കാരുടെ ചൂഷണം കാരണം ഒരു പാവം ഓട്ടോ ഡ്രൈവർ ജീവനൊടുക്കേണ്ടി വന്നപ്പോൾ, അതിന് പിന്നിലെ നാറിയ കളികൾ തുടച്ചുനീക്കാൻ ഗതാഗത സെക്രട്ടറി ടി.വി. അനുപമ നടത്തിയ ഐതിഹാസികമായ ഇടപെടൽ ഇന്ന് ഭരണകൂടത്തിന് വലിയൊരു നേട്ടവും ആവേശ തരംഗവുമായി മാറുകയാണ്. മുൻ ഭരണകാലത്ത് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് നടത്തിയ നികുതി വെട്ടിപ്പുകളും വ്യാജരേഖാ തട്ടിപ്പുകളും ഒന്നൊന്നായി ഒതുക്കിതീർക്കാൻ അണിയറയിൽ വൻ നീക്കങ്ങളാണ് നടന്നത്. വിജിലൻസ് കണ്ടെത്തിയ കുറ്റക്കാരെ രക്ഷിക്കാൻ ഉന്നതതലങ്ങളിൽ നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടും, അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് വിജിലൻസിനെ കൂടുതൽ ശക്തമാക്കണമെന്ന റിപ്പോർട്ടുമായി അനുപമ രംഗത്തെത്തിയത്. സകല മേഖലകളിലും ശുദ്ധികലശം നടത്തിക്കൊണ്ട് യുഡിഎഫ് സർക്കാർ മുന്നേറുമ്പോൾ, അഴിമതിക്കാരെ കൃത്യമായി താഴെയിറക്കുന്ന ഈ ധീരമായ നിലപാട് ആഭ്യന്തര വകുപ്പിനും ഈ സർക്കാരിനും ജനമധ്യത്തിൽ വലിയൊരു സല്യൂട്ടും കയ്യടിയും നേടിക്കൊടുക്കുകയാണ്.
വകുപ്പിനുള്ളിൽ നടന്ന വമ്പൻ ക്രമക്കേടുകൾ വെളിച്ചത്തുകൊണ്ടുവന്ന ആഭ്യന്തര വിജിലൻസിൻ്റെ വായടപ്പിക്കാൻ ശ്രമിച്ചവർക്ക് കിട്ടിയ ശക്തമായ തിരിച്ചടിയാണ് ഗതാഗത സെക്രട്ടറിയുടെ ഈ പുതിയ അന്വേഷണ റിപ്പോർട്ട്. 2024-ന് ശേഷം നടന്ന പല ഗുരുതരമായ തട്ടിപ്പുകളിലും അർഹമായ നടപടിയെടുക്കാതെ ആവിയാക്കുകയായിരുന്നു. റീ-രജിസ്ട്രേഷൻ വാഹനങ്ങളുടെ നികുതി കണക്കാക്കുന്നതിൽ വരുത്തിയ വീഴ്ച മൂലം സർക്കാരിന് രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തിരൂർ കേസ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് വൻ തുക നഷ്ടപ്പെടുത്തിയ ക്രമക്കേടുകൾ, ഇൻസ്പെക്ടർമാർ വ്യാജരേഖ ചമച്ച സംഭവങ്ങൾ എന്നിവയെല്ലാം ഇതിൽ ചിലത് മാത്രമാണ്. കൂടാതെ തിരൂരങ്ങാടിയിലെ വ്യാജ ലൈസൻസ് കേസ്, പാലക്കാടൻ വ്യാജ ടാങ്കർ രജിസ്ട്രേഷൻ, കൊല്ലം ഓഫീസിൽ ഫിറ്റ്നസ് പരിശോധിക്കാതെ 525 വാഹനങ്ങൾക്ക് അനുമതി നൽകിയ ഗുരുതര വീഴ്ച എന്നിവയൊക്കെ യാതൊരു തുടർനടപടിയുമില്ലാതെ മരവിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. അഴിമതിയുടെ കാര്യത്തിൽ ഇനിയും വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുന്നതാണ് അനുപമയുടെ ഈ ഉറച്ച നിലപാട്.
സ്വന്തം തടി തപ്പാൻ അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഭീഷണിപ്പെടുത്തി പദവികളിൽ തുടർന്ന അഴിമതിക്കാരുടെ വഴി അടയ്ക്കുകയാണ് ഈ നീക്കത്തിലൂടെ. വ്യാജരേഖയുണ്ടാക്കി വാഹനം റീ-രജിസ്റ്റർ ചെയ്തതിന് നടപടി നേരിട്ട ഒരു അസിസ്റ്റൻ്റ് വെഹിക്കിൾ ഇൻസ്പെക്ടർ, മറ്റ് ഉദ്യോഗസ്ഥരുടെ ക്രമക്കേടുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും വിവരാവകാശ അപേക്ഷകൾ നൽകിയും കേവലം ആറാഴ്ചയ്ക്കുള്ളിൽ സർവീസിൽ തിരിച്ചുകയറി പഴയ കസേരയിൽ തന്നെ ഇരുപ്പുറപ്പിച്ച കഥകൾ വരെ പുറത്തുവന്നിട്ടുണ്ട്. വാഹനം നേരിട്ട് പരിശോധിക്കാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി വിജിലൻസിൻ്റെ പിടിയിലായ ഉദ്യോഗസ്ഥൻ ഒരു വർഷം കഴിഞ്ഞിട്ടും അതേ കസേരയിൽ തുടരുന്ന വിരോധാഭാസത്തിനും ഇനി വിരാമമാവുകയാണ്. കൃത്യമായി ജോലി ചെയ്ത വിജിലൻസ് സ്ക്വാഡിനെതിരെ വ്യാജ പരാതികൾ ഉയർത്തി ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്താൻ ശ്രമിച്ചെങ്കിലും, അവർക്കെതിരെ കേസുകളൊന്നുമില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ-ദേവസ്വം മേഖലകളിലെല്ലാം കൃത്യമായ ശുദ്ധീകരണം നടത്തി ജനങ്ങൾക്ക് നല്ല ഭരണം സമ്മാനിക്കുന്ന ഈ വേളയിൽ, മോട്ടോർ വാഹന വകുപ്പിലെ അഴിമതിക്കാരെ വലിച്ചെറിഞ്ഞ് സാധാരണക്കാരന് ആശ്വാസമേകുന്ന ഈ നടപടി സർക്കാരിൻ്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)