മൂന്ന് പേരുകള്‍ വെട്ടി ; VD സതീശന്‍ കട്ടകലിപ്പില്‍ ; KPCC ആസ്ഥാനം അടച്ചു

യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് മൂന്ന് മാസം പിന്നിടുമ്പോഴും കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനാകാതെ കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാരപ്പോര് ശക്തമാകുന്നു.

Aug 17, 2026 - 12:33
0
മൂന്ന് പേരുകള്‍ വെട്ടി ; VD സതീശന്‍ കട്ടകലിപ്പില്‍ ; KPCC ആസ്ഥാനം അടച്ചു

യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തിട്ട് ഓഗസ്റ്റ് 18-ാം തിയതി മൂന്ന് മാസം പൂര്‍ത്തിയാവുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കെപിസിസി എന്ന സംഘടനയ്ക്ക് കൃത്യമായി നാഥനില്ലാതായിട്ട് മൂന്ന് മാസം പിന്നിടുകയാണ്. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സംസ്ഥാന സര്‍ക്കാരില്‍ വൈദ്യൂതി വകുപ്പ് മന്ത്രിയായി പോയതോടെയാണ് കെപിസിസിക്ക് നാഥനില്ലാതെ ആയത്. ഡല്‍ഹി കേന്ദ്രീകരിച്ച് മൂന്ന് വട്ടം മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കം പങ്കെടുത്ത ചര്‍ച്ച നടന്നിട്ടും തീരുമാനമായിട്ടില്ല. ഉടനെയെങ്ങും തീരുമാനമാകുമെന്ന തോന്നലും ആവശ്യമില്ല. ഇനി ഒരു മൂന്ന് മാസംകൂടി കാത്തിരുന്നാലും കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരത്തേയ്ക്ക് പുതിയ ഒരാളെ പ്രതിഷ്ഠിക്കാന്‍ തത്ക്കാലം പാര്‍ട്ടി നേതൃത്വത്തിന് സാധിക്കുമെന്ന കരുതാനും വയ്യ. നമ്മള്‍ പുറത്ത് നിന്ന് കാണുന്നത് പോലെയല്ല കാര്യങ്ങള്‍. കോണ്‍ഗ്രസില്‍ കെപിസിസി അധ്യക്ഷ പദവിയെ ചൊല്ലി വലിയ പിടിവലി നടക്കുന്നുണ്ട് എന്നത് ഉറപ്പാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തുടങ്ങി, കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും എംഎല്‍എമാരും എംപിമാരും തുടങ്ങി സമസ്ത മേഖലകളിലും കോണ്‍ഗ്രസ് ആധിപത്യമാണ്. എന്നിട്ടും എന്ത് കൊണ്ട് കെപിസിസിക്ക് ഒരു നായകനെ കണ്ടെത്താന്‍ സാധിക്കാതെ പോകുന്നു. പ്രവര്‍ത്തകര്‍ക്ക്  ഇടയില്‍ വലിയ അമര്‍ഷമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നിലവില്‍ മൂന്ന തട്ടിലാണ്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്നില്‍ പ്രബല വിഭാഗം അണിനിരക്കും. ഒരു വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനൊപ്പമുണ്ട്. ഇതില്‍ രണ്ടിലും പെടാത്ത ചെറിയ വിഭാഗം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പിന്നിലും അണിനിരന്നു കഴിഞ്ഞു. ഈ മൂന്ന് ഗ്രൂപ്പിനും സ്വകീകാര്യനായ ഒരാള്‍ കെപിസിസി അധ്യക്ഷ പദവിയില്‍ എത്തുന്നതാണ് പാര്‍ട്ടിക്ക് ഗുണം എന്നിരിക്കെ നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരാള്‍ ഇല്ലാ എന്നതാണ് വാസ്തവം. അതാണ് ആദ്യം സൂചിപ്പിച്ചത് ഇനിയൊരു മൂന്ന് മാസം കൂടി കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ് കിടന്നാലും അത്ഭുത പേടേണ്ട കാര്യമില്ല. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ട് മൂന്ന മാസം പിന്നിടുകയാണ്. നിലവില്‍ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയുടെ ചുമതലയിലാണ് കെപിസിസ പ്രസിഡന്റ് സണ്ണി ജോസഫ്. എത്രയും വേഗം ചുമതല കൈമാറണമെന്നാണ് സണ്ണി ജോസഫിന്റെ ആഗ്രഹം. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഗ്രൂപ്പ വടവേലികളിലേയ്ക്ക് കടന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി കസേരയെച്ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ടായ വടംവലിയുടെ അടിയൊഴുക്കുകള്‍ ശാന്തമാകും മുന്‍പേയാണ് പാര്‍ട്ടി കൈപ്പിടിയിലൊതുക്കാനുള്ള പുതിയ പടയൊരുക്കം ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്നത്. കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാറും പി.സി. വിഷ്ണുനാഥും പുതിയ സര്‍ക്കാരില്‍ മന്ത്രിമാരായതോടെ ഇന്ദിരാ ഭവന്റെ അമരത്തേക്ക് പുതിയൊരു നായകനെ കണ്ടെത്തുകയെന്നത് അനിവാര്യമായി മാറി കഴിഞ്ഞിട്ടുണ്ട്. ഇതോടെ, ഭരണം തിരിച്ചുപിടിച്ച ആവേശത്തിനിടയിലും സംഘടനയുടെ നിയന്ത്രണം കൈക്കലാക്കാന്‍ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് കരുക്കള്‍ നീക്കാന്‍ തുടങ്ങിയത് വരും ദിവസങ്ങളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിമാറുമെന്ന സൂചനയാണ് നല്‍കുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ ഡല്‍ഹി സന്ദര്‍ശനത്തില്‍ തന്നെ വി.ഡി. സതീശന്‍ ഹൈക്കമാന്റ് നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ചില പേരുകള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ കെ സി വേണുഗോപാല്‍ ഈ നീക്കം മുളയിലെ നുള്ളി കളഞ്ഞു. ഭരണ നേതൃത്വവും സംഘടനാ നേതൃത്വവും തമ്മില്‍ യാതൊരുവിധത്തിലുള്ള പരസ്യപ്പോരും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഇത്തവണ ഹൈക്കമാന്റ് മുന്നോട്ടുവെക്കുന്നത്. 

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണ വേഗതയ്ക്കൊപ്പം നില്‍ക്കുന്നതും സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതുമായ ഒരു സാരഥിയെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്താനാണ് നേതൃത്വം താല്‍പര്യപ്പെടുന്നത്. ഇവിടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പങ്ക് നിര്‍ണ്ണായകമാകുന്നത്. എന്നാല്‍, പാര്‍ട്ടി തലപ്പത്തേക്ക് വരാന്‍ കടുത്ത ആഗ്രഹം പ്രകടിപ്പിച്ച വടകര എംപി ഷാഫി പറമ്പിലിനെ വെട്ടാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് രംഗത്തിറങ്ങിയതോടെ സമവാക്യങ്ങള്‍ ആകെ മാറിമറിഞ്ഞിരുന്നു. കെപിസിസി അധ്യക്ഷന്‍ ആരാകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയായ താന്‍ തന്നെയാണെന്ന കടുത്ത നിലപാടിലാണ് സതീശന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഭരണവും പാര്‍ട്ടിയും ഒരേ വേഗതയില്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കെപിസിസി അമരത്ത് തനിക്ക് പൂര്‍ണ്ണ വിശ്വാസമുള്ളയാള്‍ വരണമെന്ന നിര്‍ബ്ബന്ധം വി.ഡി. സതീശനുണ്ട്. മുഖ്യമന്ത്രി കസേരയ്ക്ക് പിന്നാലെ പാര്‍ട്ടി സംഘടനയും കൈപിടിയില്‍ ഒതുക്കാനുള്ള നീക്കമാണ് സതീശനില്‍ നിന്നുണ്ടാകുന്നത്. ജനപ്രീതിയും പാര്‍ട്ടിയില്‍ വലിയൊരു യുവനിരയുടെ പിന്തുണയുമുള്ള ഷാഫി പറമ്പില്‍ കെപിസിസി പ്രസിഡന്റായാല്‍ പാര്‍ട്ടിയില്‍ സമാന്തര അധികാരകേന്ദ്രം രൂപപ്പെടുമെന്ന ആശങ്ക മുഖ്യമന്ത്രിയുടെ ക്യാമ്പുകള്‍ക്കുണ്ട്. കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഷാഫിയെ മാറ്റിനിര്‍ത്തി, തനിക്ക് പൂര്‍ണ്ണമായി വഴങ്ങുന്നതും ഭരണത്തില്‍ ഇടപെടാത്തതുമായ ഒരു നേതാവിനെ കണ്ടെത്താനാണ് സതീശന്‍ ഡല്‍ഹിയില്‍ കരുക്കള്‍ നീക്കുന്നത്. ഒരാള്‍ക്ക് ഒരു പദവി എന്ന സംഘടനാനയം ഹൈക്കമാന്റ് കര്‍ശനമായി നടപ്പിലാക്കിയാല്‍ നിലവില്‍ എംപിമാരും എംഎല്‍എമാരുമായിരിക്കുന്ന പല പ്രമുഖരും അധ്യക്ഷന്മാരുടെ അന്തിമ പട്ടികയില്‍ നിന്നും പുറത്താകും. ഈ രീതിയില്‍ ആകെ കലങ്ങി മറിഞ്ഞ് നില്‍ക്കുന്ന വേളയിലാണ് സതീശന്‍ സര്‍ക്കാര്‍ 100-ാം ദിനാഘോഷത്തിന് തയാറാകുന്നത്. അപ്പോഴും പക്ഷെ കെപിസിസി അധ്യക്ഷന്റെ കസേര ഒഴിഞ്ഞ് തന്നെ കിടക്കുമെന്ന് മാത്രം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User