നവംബർ 20ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കാസർകോട്ടെത്തും; പരിപാടികൾ വൻ വിജയമാക്കാൻ ഡിസിസി തീരുമാനം
മന്ത്രിമാരുടെയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെയും നേതൃത്വത്തിലുള്ള പരിപാടികൾക്കും വിപുലമായ ഒരുക്കങ്ങൾ
കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശൻ നവംബർ 20ന് ആദ്യമായി കാസർകോട് ജില്ലയിലെത്തും. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടികൾ വൻ വിജയമാക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലയിലെത്തുന്ന മന്ത്രിമാരുടെയും മറ്റ് നേതാക്കളുടെയും പരിപാടികൾക്കും വിപുലമായ ഒരുക്കങ്ങൾ നടത്താൻ തീരുമാനമായി.
നവംബർ 9, 10 തീയതികളിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ജില്ലയിലെത്തും. നവംബർ 10ന് സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി വിഷ്ണുനാഥും നവംബർ 16ന് കെപിസിസി പ്രസിഡന്റും വൈദ്യുതി വകുപ്പ് മന്ത്രിയുമായ സണ്ണി ജോസഫും ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
നവംബർ 20ന് സംസ്ഥാന സഹകരണ വാരാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും ജില്ലയിലെത്തും. നവംബർ 13ന് കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ. ജെ. ജനീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്രയും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
മന്ത്രിമാരുടെയും മറ്റ് നേതാക്കളുടെയും പരിപാടികൾക്ക് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും സംഘടനാ തലത്തിൽ ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും യോഗം തീരുമാനമെടുത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി ഭാരവാഹികളായ സോമശേഖര ഷേണി, മാമുനി വിജയൻ, ടോമി പ്ലാച്ചേരി, ഗീതാ കൃഷ്ണൻ, ഡോ. കെ.വി. ശശിധരൻ, കെ. ഖാലിദ്, രാജൻ പെരിയ, കെ. ബലരാമൻ നമ്പ്യാർ, അഡ്വ. ശ്രീജിത്ത് മാടക്കൽ, കെ. ലക്ഷ്മണപ്രഭു, തോമസ് മാത്യു, കെ.വി. വിജയൻ എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)