ബ്ലാക്ക്‌മെയിലിംഗ് കേസിൽ ട്വിസ്റ്റ്; നടി അതുല്യയുടെ പരാതിയിൽ ഡോക്ടർക്കെതിരെ ലൈംഗികപീഡനക്കേസ്
ഡോക്ടർക്കെതിരായ നടപടി 50കാരിയായ ബന്ധുവിന്റെ പരാതിയിൽ; നടിയും സംഘവും പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് മൊഴി
കൊച്ചി: നടി അതുല്യ ചന്ദ്രയും നടനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ബിബിൻ പെരുമ്പിള്ളിയും സുഹൃത്തുമടക്കം മൂന്നുപേർ അറസ്റ്റിലായ കടവന്ത്ര ബ്ലാക്ക്‌മെയിലിംഗ് കേസിൽ നിർണായക വഴിത്തിരിവ്. നടിക്കെതിരെ പരാതി നൽകിയ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കെ. വർഗീസ് ജോൺസനെതിരെ ഇൻഫോപാർക്ക് പൊലീസ് ലൈംഗികപീഡനത്തിന് കേസെടുത്തു. അതുല്യയുടെ അടുത്ത ബന്ധുവായ 50കാരി നൽകിയ പരാതിയിലാണ് നടപടി.
ബന്ധുവിനെ അടിയന്തര ചികിത്സയ്ക്കെന്ന പേരിൽ വിളിച്ചുവരുത്തി തടങ്കലിൽവെച്ച് മർദിക്കുകയും മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഡോക്ടർക്കെതിരായ പരാതി. സംഭവം പുറത്തുപറയാതിരിക്കാൻ മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച് ഡോക്ടർ നേരത്തെ നടിയടക്കം 12 പേരെ പ്രതിചേർത്ത് പരാതി നൽകിയിരുന്നു. ഈ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബന്ധുവിനെ ഡോക്ടർ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരം അറിഞ്ഞതോടെയാണ് അതുല്യ ഡോക്ടറെ ചോദ്യം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ഡോക്ടറുമായി ഒത്തുതീർപ്പിനായി പൊന്നുരുന്നിയിലെ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴുണ്ടായ വാക്കുതർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. ഇതിനിടെ ഡോക്ടറുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പരാതിയുണ്ട്.
എന്നാൽ ഡോക്ടറെ മർദിച്ചതിന് പിന്നിൽ പണം ആവശ്യപ്പെടുകയെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്നാണ് അതുല്യയുടെ മൊഴി. ബന്ധുവിന് നേരിട്ട ദുരനുഭവത്തിലുള്ള പ്രതിഷേധമാണ് നടപടിക്ക് കാരണമെന്നും നടി മൊഴി നൽകിയിട്ടുണ്ട്.
വിധവയായ 50കാരി കഴിഞ്ഞ മാസം പത്തിനാണ് ഡോക്ടർ തന്നെ ഹോട്ടലിലെത്തിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നത്. ഡോക്ടറുമായി ചികിത്സയുമായി ബന്ധപ്പെട്ട് പരിചയപ്പെട്ടശേഷം സൗഹൃദത്തിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ഡോക്ടർക്ക് കർണപുടലിന് പൊട്ടലും വാരിയെല്ലിന് പരിക്കുമേറ്റതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടറെ ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ടതായും ഇയാൾ ഒളിവിലാണെന്നും റിപ്പോർട്ടുണ്ട്.
നടി റിമാൻഡിലായതോടെയാണ് ബന്ധു ഡോക്ടർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുവന്നത്. ഇതോടെയാണ് ആദ്യം ബ്ലാക്ക്‌മെയിലിംഗ് കേസായി പുറത്തുവന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായത്. ഇരുകേസുകളിലെയും ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)