പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം- നിലപാടിൽ വ്യക്തതവരുത്തി കോൺഗ്രസ്
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ദീർഘകാലമായി പിന്തുടർന്നുവരുന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബുധനാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പ്രധാന ചർച്ചാവിഷയമായത് വന്ദേമാതര വിവാദമെന്ന് റിപ്പോർട്ട്.
ഇതിൻപ്രകാരം, പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമായിരിക്കും ആലപിക്കുക. 1937-ലാണ് ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചത്. ഈ പതിവ് അതേപടി തുടരാനാണ് പാർട്ടി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ, വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന മോദി സർക്കാരിന്റെ നിർദേശത്തോട് കോൺഗ്രസ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.
രണ്ട് ചരണങ്ങൾ കഴിഞ്ഞിട്ടും ആലാപനം തുടരുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആലാപനം അവസാനിപ്പിക്കാൻ പലവട്ടം ഇടപെടാൻ ശ്രമിച്ചെങ്കിലും ഗാനം പൂർണ്ണമായി പാടിത്തീർക്കുകയായിരുന്നു. കോൺഗ്രസ് ആസ്ഥാനത്തുണ്ടായ ഈ വീഴ്ചയും തുടർന്നുണ്ടായ വിവാദങ്ങളും ബി.ജെ.പി വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)