സിഎംആർഎൽ കേസിൽ വീണ ടി.ക്ക് കൂടുതൽ കുരുക്ക്; ഹവാല ഇടപാടുകൾക്കും സിം കാർഡിനും തെളിവെന്ന് ഇ.ഡി

Aug 19, 2026 - 21:12
0
സിഎംആർഎൽ കേസിൽ വീണ ടി.ക്ക് കൂടുതൽ കുരുക്ക്; ഹവാല ഇടപാടുകൾക്കും സിം കാർഡിനും തെളിവെന്ന് ഇ.ഡി

കൊച്ചി: മാതാപിതാക്കളുടെയും സ്വന്തം കമ്പനിയുടെയും പേരിലുള്ള സാമ്പത്തിക ഇടപാടുകളിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടി.യ്‌ക്കെതിരെ അതീവ ഗുരുതര കണ്ടെത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് വീണ ഹവാല ചാനലുകൾ വഴി വിദേശത്തേക്ക് വൻതോതിൽ പണമയച്ചതിന്റെ തെളിവുകൾ ലഭിച്ചതായി ഇഡി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബാങ്ക് അക്കൗണ്ടുകൾ വഴി വീണ കൈപ്പറ്റിയതായി കണ്ടെത്തിയ 2.78 കോടി രൂപയേക്കാൾ വളരെ വലിയ തുകയാണ് ഇവർ കൈകാര്യം ചെയ്തതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 20 കോടിയിലധികം രൂപയുടെ ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറിയും ഇഡി കൈവശപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മേയ് 27-ന് വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഈ ഡയറി ലഭിച്ചത്. ഇതിലെ വിവരങ്ങൾ അനുസരിച്ച് 85 ലക്ഷത്തോളം ഇന്ത്യൻ രൂപ ദിർഹമാക്കി ഹവാല മാർഗ്ഗത്തിലൂടെ ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

ഇതിനുപുറമേ, അന്വേഷണ ഏജൻസികളുടെ നിരീക്ഷണം വെട്ടിക്കാൻ മറ്റൊരാളുടെ പേരിലുള്ള വ്യാജ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയിരുന്നതായും ഇഡി സംശയിക്കുന്നു. ഈ സിം കാർഡിന്റെ ചിത്രവും റെയ്ഡിൽ ഏജൻസി കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് ശേഷമാണ് ഇഡി നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. കേസിൽ ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്ത വീണയെ, പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User