യുഡിഎഫിനെ വീഴ്ത്തി മായാ രാഹുൽ; പാലാ നഗരസഭയിൽ പുതിയ രാഷ്ട്രീയ നീക്കം

യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിയെ പരാജയപ്പെടുത്തി 16 വോട്ടുകളോടെ സ്വതന്ത്ര അംഗം മായാ രാഹുൽ പാലാ നഗരസഭ അധ്യക്ഷയായി.

Aug 19, 2026 - 14:59
0
യുഡിഎഫിനെ വീഴ്ത്തി മായാ രാഹുൽ; പാലാ നഗരസഭയിൽ പുതിയ രാഷ്ട്രീയ നീക്കം

പാലാ നഗരസഭ അധ്യക്ഷയായി യുഡിഎഫ് വിമത വിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 16 വോട്ടുകളാണ് മായാ രാഹുലിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. വിമത കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചതോടെയാണ് അട്ടിമറി പൂർണമായത്.
അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണയ്ക്കുകയായിരുന്നു. നിലവിൽ ഒമ്പത് കൗൺസിലർമാരാണ് യുഡിഎഫിനൊപ്പമുള്ളത്. ഇതിൽ മൂന്നുപേർ സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്. ഇവരുമായി ചർച്ച നടത്തിയാണ് റിയ ചീരാംകുഴിയെ ചെയർപേഴ്സൺ സ്ഥാനാർഥിയായി യുഡിഎഫ് തീരുമാനിച്ചത്. എന്നാൽ വിമത നീക്കം അവരുടെ തന്ത്രങ്ങളെ കടത്തിവെട്ടുകയായിരുന്നു.

നേരത്തെ അവിശ്വാസ പ്രമേയം പാസായതോടെ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ദിയ ബിനു പുറത്തുപോയിരുന്നു. യുഡിഎഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചർച്ച ആരംഭിക്കാനിരിക്കെ, വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാർ ദിയയെ പുറത്താക്കുകയായിരുന്നു.
ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. വിമതയായി വിജയിച്ച മായാ രാഹുലും അവിശ്വാസ പ്രമേയത്തിൽ അന്ന് ഒപ്പുവച്ചു. സ്വതന്ത്രയായി വിജയിച്ച അംഗമായതിനാൽ മായാ രാഹുലിന് കോൺഗ്രസ് വിപ്പ് നൽകിയിരുന്നില്ല. ഇതിന് പുറമേ കേരള കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേത്ത്, ബിജു വരിക്കാനി, സിജി ടോണി എന്നിവർ വിപ്പ് മാനിച്ച് യോഗത്തിൽ ഹാജരായിരുന്നില്ല. മാണി സി. കാപ്പന്റെ പാർട്ടിയായ കെ.ഡി.പിയിലെ പ്രിൻസി സണ്ണിയും ഹാജരായിരുന്നില്ല. എന്നിട്ടും അനിവാര്യമായിരുന്ന വിധി ദിയ ബിനുവിനെ പുറത്താക്കി. നഗരസഭ അധ്യക്ഷ ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

പാലാ നഗരസഭയിൽ 26 അംഗങ്ങളാണുള്ളത്. എൽഡിഎഫിന് 12 അംഗങ്ങളുണ്ട്. യുഡിഎഫിന് 14 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. കോൺഗ്രസ് – 6, കേരള കോൺഗ്രസ് – 3, സ്വതന്ത്ര മുന്നണി – 3, കെ.ഡി.പി. – 1 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിന്റെ പിന്തുണയും കൂടി ഉൾപ്പെടുന്നതായിരുന്നു ഭരണപക്ഷത്തെ 14.യുഡിഎഫ് ക്യാംപിലേക്കുള്ള ജോസ് കെ. മാണിയുടെ യാത്ര പാലായിൽനിന്ന് തുടങ്ങിയിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നുവെങ്കിലും പിന്നീട് അതിന്മേൽ ചർച്ചകളൊന്നും നടന്നില്ല. നിലവിൽ സംസ്ഥാനത്ത് വൻ പരാജയമായി മാറിനിൽക്കുന്ന ജോസ് കെ. മാണിക്കും പാർട്ടിക്കും കിട്ടിയിരിക്കുന്ന ലോട്ടറിയാണ് പാലാ നഗരസഭാ പ്രതിസന്ധി.

സിപിഎമ്മിന് രണ്ട് അംഗങ്ങൾ പാലായിലുണ്ട്. അവർ ഈ നീക്കത്തെ എതിർക്കുമ്പോഴും പിന്നോട്ടില്ലെന്നും പാലാ നഗരസഭയിൽ യുഡിഎഫിനൊപ്പം നിൽക്കണമെന്നാണ് ജോസ് കെ. മാണിയുടെ മാണി ഗ്രൂപ്പ് കൗൺസിലർമാർ പറഞ്ഞത്.പാലായിൽ കോൺഗ്രസ് കൗൺസിലർമാർ തന്നെയാണ് യുഡിഎഫിന് പാരയായി മാറിയത്. അവസരം മുതലെടുത്ത് ഭരിക്കാമെന്ന ചിന്തയിൽ ചില നീക്കങ്ങളുമായി സിപിഎം പാലായിൽ ഇറങ്ങിയെങ്കിലും മാണി ഗ്രൂപ്പിന്റെ നിലപാടാണ് പാരയായത്.2020ൽ യുഡിഎഫ് കോട്ടയായിരുന്ന പാലാ കേരള കോൺഗ്രസ് (എം)ന്റെ പിന്തുണയോടെ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു എൽഡിഎഫ് പാലായിൽ ഭരണത്തിലേറിയത്. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

26 സീറ്റുകളുള്ള മുനിസിപ്പാലിറ്റിയിൽ 12 എണ്ണം എൽഡിഎഫും 10 എണ്ണം യുഡിഎഫും സ്വന്തമാക്കിയപ്പോൾ നാല് സീറ്റുകളിൽ സ്വതന്ത്രർ വിജയിക്കുകയായിരുന്നു. കൂടുതൽ സീറ്റുകൾ നേടിയ എൽഡിഎഫിനെ ഭരണത്തിൽനിന്ന് മാറ്റിനിർത്താൻ യുഡിഎഫ് കണ്ട വഴിയായിരുന്നു സഖ്യം. സിപിഎമ്മുമായി ഇടഞ്ഞ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരെ കൂടെക്കൂട്ടി കോൺഗ്രസ് ഭരണം പിടിക്കുകയായിരുന്നു. ബിനു പുളിക്കക്കണ്ടത്തിന്റെ മകൾ 21-കാരിയായ ദിയയെ ചെയർപേഴ്സണാക്കിയായിരുന്നു സഖ്യം ധാരണയിലെത്തിയത്. എന്നാൽ തുടക്കം മുതൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ നിലപാടുകളിൽ കോൺഗ്രസ് അംഗങ്ങൾ അസ്വസ്ഥരായിരുന്നു. അടുത്തിടെ അത് പൊട്ടിത്തെറിയിലേക്ക് മാറിയതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാവുകയായിരുന്നു.ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ഇതോടെയാണ് പൊടുന്നനെ ഭരണം പ്രതിസന്ധിയിലായത്. എന്തായാലും ജോസും കൂട്ടരും യുഡിഎഫ് ക്യാംപിലേക്ക് യാത്ര തുടങ്ങി എന്ന സൂചനകളാണ് പാലാ നൽകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User