അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിന് മന്ത്രിസഭയുടെ അംഗീകാരം; പിഎസ്‌സിയിൽ ശുദ്ധീകരണം നടത്തുമെന്ന് മുഖ്യമന്ത്രി

മാരിടൈം മ്യൂസിയം സ്വപ്നപദ്ധതി; ആരോഗ്യവകുപ്പിൽ 28 പുതിയ തസ്തികകൾ, കോഴിക്കോട് കോർപറേഷനിലെ പിരിച്ചുവിടപ്പെട്ടവർക്ക് സൂപ്പർ ന്യൂമററി നിയമനം.

Nov 04, 2026 - 11:44
0
അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിന് മന്ത്രിസഭയുടെ അംഗീകാരം; പിഎസ്‌സിയിൽ ശുദ്ധീകരണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിയുടെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. സ്വപ്നപദ്ധതിയുടെ ഭാഗമായാണ് മാരിടൈം മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ടിൽ 12 തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ വിഭാഗത്തിൽ 16 പുതിയ തസ്തികകളും അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് കോർപറേഷനിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാർക്ക് ആശ്വാസം നൽകുന്ന തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു. ഇവരെ സൂപ്പർ ന്യൂമററി തസ്തികകളിൽ നിലനിർത്താനാണ് തീരുമാനം.

പിഎസ്‌സി നിയമന ശുപാർശകളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് ഗവർണർക്കെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. സർക്കാർ അറിയാതെയും ആലോചിക്കാതെയുമാണ് ഗവർണർ നടപടിയെടുത്തതെന്നും ഇതിൽ സർക്കാരിന് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിഎസ്‌സിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന ക്രമക്കേടുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കുന്ന സാഹചര്യമുണ്ടെന്നും പിഎസ്‌സിയിൽ ശുദ്ധീകരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ചട്ടപ്രകാരമാണെന്നും കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജിഎൻഎ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള തീരുമാനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനേക്കാൾ 2,000 കോടിയുടെ ലാഭം ജിഎൻഎ കരാറിലൂടെ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

പീക്ക് സമയങ്ങളിൽ ജിഎൻഎ കൂടുതൽ വൈദ്യുതി നൽകും. പിണറായി വിജയൻ സർക്കാരിന്റെ കാലത്തും ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജിഎൻഎ കരാറിനെ മന്ത്രിയും കെഎസ്ഇബി ചെയർമാനും എതിർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങിയാൽ 805 രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും അവിടെനിന്ന് വൈദ്യുതി വാങ്ങുമ്പോഴും ഇടനിലക്കാരുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിമാചലിൽനിന്നുള്ള വൈദ്യുതി വാങ്ങൽ ഒഴിവാക്കിയതിലൂടെ 2,223 കോടിയുടെ അധിക ബാധ്യത ഒഴിവാക്കാനായെന്നും അദ്ദേഹം വിശദീകരിച്ചു.

2025-26 സാമ്പത്തിക വർഷത്തിൽ എൽഡിഎഫ് സർക്കാർ സ്വകാര്യ കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങിയിരുന്നുവെന്നും അദാനിയിൽനിന്ന് ഉൾപ്പെടെ വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User