54 വോട്ടിന് സഭയിൽ തോറ്റ് മോദി ; 10 ാം തവണ രാഹുലുമായി അടച്ചിട്ട മുറിയിൽ കേന്ദ്രമന്ത്രി

മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും പാസാക്കാനുള്ള നീക്കങ്ങൾക്കിടെ രാഹുൽ ഗാന്ധിയുമായുള്ള കിരൺ റിജിജുവിന്റെ കൂടിക്കാഴ്ച ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

Aug 06, 2026 - 12:21
Updated: 2 months ago
0
54 വോട്ടിന് സഭയിൽ തോറ്റ് മോദി ; 10 ാം തവണ രാഹുലുമായി അടച്ചിട്ട മുറിയിൽ കേന്ദ്രമന്ത്രി

ദില്ലി ഭരണകൂടത്തിന്റെ കോട്ടകൊട്ടാരങ്ങളിൽ വീണ്ടും അധികാരത്തിന്റെ അങ്കത്തട്ട് ഉയരുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയ അടവുനയത്തിന് തലസ്ഥാന നഗരി സാക്ഷ്യം വഹിക്കാൻ പോകുന്നു. 10 ദിവസത്തിനിടെ രണ്ടാം തവണയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി അടച്ചിട്ട മുറിയിൽ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു കൂടിക്കാഴ്ച നടത്തിയതോടെ ദില്ലി രാഷ്ട്രീയം വലിയ ചർച്ചകൾക്കാണ് വഴിമാറുന്നത്. മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്സഭയിൽ ഒന്നിച്ച് പാസാക്കിയെടുക്കാൻ പാർലമെന്റിൽ തന്ത്രപ്രധാനമായ നീക്കങ്ങൾ നടത്തുകയാണ് കേന്ദ്ര സർക്കാർ.

നിലവിലെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 13-ന് അവസാനിക്കാനിരിക്കെ, സഭ അനിശ്ചിതകാലത്തേക്ക് പിരിയാതെ നിർത്തി, ഓഗസ്റ്റ് 16, 17, 18 അല്ലെങ്കിൽ 17, 18, 19 തീയതികളിൽ മൂന്നുദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനാണ് സർക്കാരിന്റെ പ്ലാൻ. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് മുന്നിൽ സർക്കാർ ഈ നിർദേശം വെച്ചുകഴിഞ്ഞു. വിഷയം പാർട്ടിക്കുള്ളിലും മറ്റു പ്രതിപക്ഷ സഖ്യങ്ങളുമായി ചർച്ച ചെയ്ത് മറുപടി നൽകുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

എന്നാൽ, കേന്ദ്രത്തിന്റെ ഈ ധൃതിപിടിച്ച നീക്കത്തിന് പിന്നിൽ ഒരു വലിയ പരാജയത്തിന്റെ കഥയുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചേർന്ന ബജറ്റ് സമ്മേളനത്തിൽ ഈ രണ്ട് ബില്ലുകളും അവതരിപ്പിച്ചതാണെങ്കിലും, ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാതെ വോട്ടെടുപ്പിൽ തകർന്നു വീഴുകയായിരുന്നു. അന്ന് സഭയിൽ ഹാജരായിരുന്ന 528 എം.പിമാരിൽ 298 പേർ ബില്ലിനെ അനുകൂലിച്ചും 230 പേർ എതിർത്തും വോട്ട് ചെയ്തതോടെ, കേവലം 54 വോട്ടുകളുടെ കുറവിലാണ് മോദി സർക്കാർ സഭയിൽ പരാജയപ്പെട്ടത്. അന്ന് ബിൽ പാസാകാൻ 352 വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്.

എന്നാൽ, ആ 54 വോട്ടിന്റെ കുറവ് നികത്താൻ ഇത്തവണ കേന്ദ്രം സകല അടവുകളും പയറ്റിത്തുടങ്ങിയിരിക്കുന്നു. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസിലും ഉദ്ധവ് താക്കറെയുടെ ശിവസേനയിലും ഉണ്ടായ കൂറുമാറ്റങ്ങളും, തങ്ങളിലേക്ക് ആകൃഷ്ടരായ വിമത എം.പിമാരും എൻ.ഡി.എക്ക് ശക്തി പകർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പോരാത്തതിന്, 'ഇന്ത്യാ' സഖ്യത്തിലുള്ള ഡി.എം.കെ കോൺഗ്രസുമായി അകന്നതും ബി.ജെ.പിക്ക് പുതിയ ആത്മവിശ്വാസം നൽകുന്നു. ലോക്സഭയിൽ 360 എം.പിമാരുടെയും രാജ്യസഭയിൽ 164 എം.പിമാരുടെയും പിന്തുണ വേണ്ട സ്ഥാനത്തേക്ക് ആ ദൂരം ഗണ്യമായി കുറയ്ക്കാൻ സാധിച്ചെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ.

സഭയിലെ സ്തംഭനാവസ്ഥ ലഘൂകരിക്കുന്നതിനും കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുമായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സ്പീക്കർ ഓം ബിർളയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചർച്ച നടത്തി. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയും കാണാൻ തയ്യാറെടുക്കുകയാണ് റിജിജു.

പക്ഷേ, പ്രതിപക്ഷം അത്ര എളുപ്പത്തിൽ വഴിപ്പെടാൻ തയ്യാറല്ല. ജൂലൈ 20-ന് സി.ജെ.പി പ്രതിഷേധക്കാർക്കെതിരെയുണ്ടായ പോലീസ് നടപടിയിലും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ നേരിട്ട് മറുപടി പറയാതെ യാതൊരു ചർച്ചയ്ക്കുമില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ജൂലൈ 20-ന് മൺസൂൺ സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷ പ്രതിഷേധങ്ങളിൽ സഭ പ്രക്ഷുബ്ധമാണ്. സഭയ്ക്കകത്തെ പ്ലക്കാർഡുകളും മുദ്രാവാക്യ വിളികളും സഭയുടെ അന്തസ്സിനെ ബാധിക്കുന്നുവെന്ന് സ്പീക്കർ ഓർമ്മിപ്പിക്കുമ്പോൾ, ദില്ലിയിൽ അധികാരം സ്ഥാപിക്കാനും പ്രതിരോധിക്കാനും നടക്കുന്നത് ഒരു അങ്കം തന്നെയാണ്. വരും ദിവസങ്ങളിൽ സഭയിൽ പാസാകുന്നത് കേന്ദ്രത്തിന്റെ ബില്ലാണോ അതോ പ്രതിപക്ഷത്തിന്റെ ചെറുത്തുനിൽപ്പാണോ എന്ന് രാജ്യം ഉറ്റുനോക്കുന്നു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User