വിദേശത്ത് ഏകത്വം, നാട്ടിൽ മൗനം; മോഹൻ ഭാഗവതിന്റെ പ്രസംഗം വിവാദത്തിൽ

ന്യൂയോർക്കിൽ വൈവിധ്യവും ഏകത്വവും സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത മോഹൻ ഭാഗവതിന്റെ പ്രസംഗത്തിനെതിരെ ഇരട്ടത്താപ്പ് ആരോപിച്ച് കപിൽ സിബൽ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി.

Aug 31, 2026 - 16:27
0
വിദേശത്ത് ഏകത്വം, നാട്ടിൽ മൗനം; മോഹൻ ഭാഗവതിന്റെ പ്രസംഗം വിവാദത്തിൽ

വിദേശത്തുപോയി മഹദ്‌വചനങ്ങൾ വിളമ്പുകയും സ്വന്തം രാജ്യത്ത് വിദ്വേഷ രാഷ്ട്രീയത്തിന് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ ഇരട്ടത്താപ്പാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് . ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന 'യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ' പരിപാടിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് നടത്തിയ പ്രസംഗവും അതിനുപിന്നാലെ ഉയർന്ന ശക്തമായ രാഷ്ട്രീയ വിമർശനങ്ങലുമാണ് ഇപ്പോൾ രാജ്യത്ത്  ചർച്ചയാകുന്നത്. രണ്ട് തോണിയിൽ കാലുവെച്ച് സഞ്ചരിക്കുന്ന ഇരട്ടത്താപ്പിന്റെ മുഖമാണ് ഇവിടെ വെളിവാകുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. നാനാത്വത്തിൽ ഏകത്വവും വൈവിധ്യവും ഭാരതത്തിന്റെ ഡിഎൻഎയിലുള്ളതാണെന്നും, ഈ വൈവിധ്യങ്ങളെ നാം ആഘോഷിക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നുമായിരുന്നു പ്രവാസി ഭാരതീയരുടെയും ഇതര മതനേതാക്കളുടെയും വൻ സദസ്സിന് മുന്നിൽ ഭാഗവതിന്റെ ആഹ്വാനം. വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ മതേതരത്വത്തെയും സഹിഷ്ണുതയെയും പുകഴ്ത്തിപ്പറഞ്ഞ് കയ്യടി വാങ്ങാൻ ആർഎസ്എസ് തലവൻ കാണിച്ച ഈ ഉത്സാഹം കേട്ട് അമ്പരന്നിരിക്കുകയാണ് ഇന്തയിലെ ജനങ്ങൾ. കാരണം, സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും വ്യത്യസ്ത അഭിപ്രായക്കാർക്കും എതിരെ വർഗീയ വിഷം ചീറ്റുമ്പോഴും മനുഷ്യർ വേട്ടയാടപ്പെടുമ്പോഴും ദൂരദർശിനി വെച്ചുനോക്കിയാൽ പോലും കാണാത്ത മൗനമാണ് ഈ സംഘടനയും അതിന്റെ തലവനും പുലർത്താറുള്ളത്.  ഭാഗവതിന്റെ ഈ  ഇരട്ടത്താപ്പിനെ കൃത്യമായി തുറന്നുകാട്ടിയാണ് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ രംഗത്തെത്തിയത്. വിദേശത്ത് എത്തുമ്പോൾ മാത്രം വിവേകപൂർണമായി സംസാരിക്കുന്നെന്ന് പരിഹസിച്ച അദ്ദേഹം, "വിദേശത്ത് എത്തുമ്പോൾ അറിവിന്റെ വാക്കുകൾ, സ്വന്തം നാട്ടിൽ മൗനം" എന്ന് എക്സിൽ കുറിച്ചു. വെറും വാക്കുകൾക്കല്ല, പ്രവൃത്തിക്കാണ് പ്രാധാന്യമെന്ന് കപിൽ സിബൽ ഓർമ്മിപ്പിച്ചു. രാജ്യത്ത് ജനങ്ങൾ തമ്മിലടിപ്പിക്കപ്പെടുമ്പോഴും ആൾക്കൂട്ട ആക്രമണങ്ങൾ അരങ്ങേറുമ്പോഴും മിണ്ടാതിരിക്കുകയും, ആഗോള വേദികളിൽ വന്ന് 'ഏകത്വത്തെ' കുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്നത്  രാഷ്ട്രീയ നാടകമല്ലാതെ മറ്റൊന്നുമല്ല. രാഹുൽ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കൾ വിദേശത്ത് പോയി സംസാരിക്കുമ്പോൾ രാജ്യദ്രോഹമെന്ന് മുറവിളി കൂട്ടുന്നവർ, വിദേശത്തുപോയി യാഥാർത്ഥ്യത്തിന് നിരക്കാത്ത കപട മതേതരത്വം വിളമ്പി രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്.  

മോഹൻ ഭാഗവതിന്റെ ഈ നിലപാട് ആർഎസ്എസിന്റെ സ്ഥാപിതമായ ആശയപരമായ പൊള്ളത്തരത്തെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഇന്ത്യയുടെ മണ്ണിൽ സ്വന്തം ശാഖകളിലൂടെയും അനുബന്ധ സംഘടനകളിലൂടെയും വിദ്വേഷവും വിഭജന രാഷ്ട്രീയവും വിതയ്ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ തലവൻ, പാശ്ചാത്യ രാജ്യങ്ങളിൽ ചെന്ന് ബഹുസ്വരതയുടെ വക്താവാകാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. പശുവിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും മനുഷ്യർ തെരുവിൽ വേട്ടയാടപ്പെടുമ്പോൾ ഒരു വാക്കുപോലും ഉരിയാടാത്ത നേതാവ്, ന്യൂയോർക്കിലിരുന്ന് 'വൈവിധ്യ സംരക്ഷണത്തെക്കുറിച്ച്' പറയുന്നത് അന്താരാഷ്ട്ര സമൂഹത്തിനും ഇന്ത്യൻ ജനതയ്ക്കും മുന്നിൽ ആർഎസ്എസിന്റെ യഥാർത്ഥ കപടമുഖം തുറന്നുകാട്ടുകയാണ്.ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരന്മാരായി കാണുന്ന ഒരുകൂട്ടം ആളുകളുടെ തലവൻ വിദേശത്തുവെച്ച് വലിയ തത്ത്വചിന്തകൾ വിളമ്പുന്നത് കേവലം അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ പ്രതിച്ഛായ നന്നാക്കാനുള്ള തന്ത്രം മാത്രമാണ്. നാട്ടിൽ വിദ്വേഷത്തിന്റെ തീപ്പൊരികൾ എറിഞ്ഞു കൊടുത്ത് രാഷ്ട്രീയ ലാഭം കൊയ്യുകയും, വിദേശത്ത് ചെന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രവാചകനായി ചമയുകയും ചെയ്യുന്ന ഇത്തരം നിലപാടുകൾ ഇന്ത്യയുടെ ജനാധിപത്യത്തിന്  ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.സ്വന്തം രാജ്യത്തെ ബഹുസ്വരതയെയും ഭരണഘടനാ മൂല്യങ്ങളെയും ആന്തരികമായി തകർക്കാൻ ശ്രമിക്കുകയും, അതേസമയം ആഗോളതലത്തിൽ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ മതേതരത്വത്തിന്റെ മുഖംമൂടി അണിയുകയും ചെയ്യുന്ന ആർഎസ്എസിന്റെയും മോഹൻ ഭാഗവതിന്റെയും ഈ ഇരട്ടത്താപ്പ് ലോകത്തിനു മുന്നിൽ വ്യക്തമാകുകയാണ് ഇപ്പോൾ. വിദേശത്ത് പ്രചരിപ്പിക്കുന്ന വാക്കുകൾ സ്വന്തം നാട്ടിലെ പ്രവൃത്തിയിൽ കൊണ്ടുവരാൻ തയ്യാറാകാത്തിടത്തോളം കാലം, മോഹൻ ഭാഗവതിന്റെ പ്രസംഗങ്ങൾ വെറും  ഇരട്ടത്താപ്പും കപടനാടകവുമായി മാത്രമേ കാണാൻ കഴിയുകയുള്ളു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User