മാറുന്ന സമവാക്യങ്ങള്‍;കണ്ണൂര്‍ സി.പി.എമ്മില്‍ സംഭവിക്കുന്നതെന്ത്?

Jul 11, 2026 - 15:31
0
മാറുന്ന സമവാക്യങ്ങള്‍;കണ്ണൂര്‍ സി.പി.എമ്മില്‍ സംഭവിക്കുന്നതെന്ത്?

സഖാവ് പിണറായി വിജയന്റെ കാലാള്‍പടയായിരുന്നു ഒരു കാലത്ത് കണ്ണൂരിലെ സി.പി.എം ഘടകം. കണ്ണൂര്‍ മോഡല്‍ എന്നാല്‍ സംഘടനയിലെ ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും മറുവാക്കായിരുന്നു. എം.വി രാഘവനെപ്പോലെ തലയെടുപ്പുള്ളൊരു നേതാവിന് പോലും ആ വെട്ടിനിരത്തലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പിണറായിയുടെ താരപ്രഭക്കൊപ്പം ഉയരാന്‍ ശ്രമിച്ച പി. ജയരാജനും ഒറ്റപ്പെടലിന്റെ നോവറിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ കണ്ടത് പരസ്യമായ വേര്‍തിരിവാണ്. കണ്ണൂരിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ വ്യത്യസ്ത സ്വരത്തില്‍ പരസ്യ നിലപാടെടുത്തതിന് സമാനമായ ഉദാഹരണങ്ങള്‍ കുറവാണ്. എന്താണ് കണ്ണൂര്‍ സി.പി.എമ്മില്‍ സംഭവിക്കുന്നത്? വിഴിഞ്ഞം തുറമുഖത്തിലെ അദാനി എം.എസ്.സി ഓഹരി കൈമാറ്റ വിവാദമാണ് ഏറെക്കാലമായി കണ്ണൂര്‍ സി.പി.എമ്മില്‍ അടിയൊഴുക്കായി നിന്ന അഭിപ്രായഭിന്നതകളും അസ്വാരസ്യങ്ങളും പുറത്തേക്കു കൊണ്ടുവന്നത്. 

മുഖ്യമന്ത്രി വി.ഡി. സതീശനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ശക്തമായ പ്രചാരണം ആരംഭിച്ചപ്പോള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനും കെ.കെ. ശൈലജയും അതിനെതിരെ നിലകൊണ്ടത് രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തി. 'വിഴിഞ്ഞം കേരളത്തിന്റെ സ്വത്താണ്. അനാവശ്യ വിവാദമുണ്ടാക്കി പദ്ധതി തടസപ്പെടുത്തരുത്' എന്നാണ് ഇ.പി പ്രതികരിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമുള്ള താക്കീത് പോലെയായി ഇ.പിയുടെ പ്രസ്താവന. ദിവ്യ.എസ്. അയ്യര്‍ ഐ.എ.എസിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയില്‍ നിന്ന് നീക്കിയതിനെ സി.പി.എം ആയുധമാക്കാന്‍ ശ്രമിച്ചപ്പോള്‍ കെ.കെ ശൈലജ അതിന്റെ മുനയൊടിച്ചു. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റാറുണ്ടെന്നും വിവാദമാക്കേണ്ടതില്ല എന്നുമായിരുന്നു അവരുടെ പരസ്യ പ്രതികരണം. നേതാക്കള്‍ തമ്മിലുള്ള കടുത്ത ഭിന്നതയുടെ മറ്റു സൂചനകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നു. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ നിലപാടിനെതിരെ മുതിര്‍ന്ന നേതാക്കളായ കെ.കെ. ശൈലജയും പി.കെ ശ്രിമതിയും രംഗത്തു വന്നു. കഴിഞ്ഞ കുറച്ചുകാലമായി ജില്ലയിലെ പഴയ നേതൃത്വവും പുതിയ നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമാണോ അതോ പിണറായി വിജയനെത്തന്നെയാണോ ഈ നേതാക്കള്‍ ലക്ഷ്യമിടുന്നത് എന്നതാണ് ചോദ്യം. വിഴിഞ്ഞം വിഷയത്തില്‍ സി.പി.എമ്മിന് മറ്റൊരു പ്രതിസന്ധിയുമുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ ശക്തമായ പിന്തുണ ജനങ്ങള്‍ക്ക് മറക്കാനാവില്ല. അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ടുകൊണ്ടുപോയത് പിണറായി വിജയന്‍ നയിച്ച എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നു. ഇപ്പോള്‍ അതേ പദ്ധതിയെ അടിസ്ഥാനമാക്കി സര്‍ക്കാരിനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പാര്‍ട്ടി മുഖപത്രം ആദ്യം എം.എസ്.സി-അദാനി കരാറിനെ സ്വാഗതം ചെയ്തതും പിന്നീട് നിലപാട് മാറ്റിയതും സി.പി.എമ്മിലെ ആശയക്കുഴപ്പം വെളിപ്പെടുത്തുന്നതാണ്. കണ്ണൂര്‍ സി.പി.എമ്മിലെ അധികാരസമവാക്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന സൂചനകളാണ് സമീപകാല പ്രസ്താവനകള്‍ നല്‍കുന്നത്. അത് ഏതൊക്കെ മാനങ്ങള്‍ കൈവരിക്കുമെന്ന് വരും ദിവസങ്ങള്‍ തെളിയിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User