തൃക്കാക്കരയില്‍ എഎപി-ട്വന്റി20 പിന്തുണ ഉമാ തോമസിന് 

തൃക്കാക്കരയില്‍ എഎപി-ട്വന്റി20 പിന്തുണ ഉമാ തോമസിന് 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ എഎപി-ട്വന്റി20 മുന്നണിയില്‍ ധാരണ. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും നിശബ്ദമായി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പിന്തുണയ്ക്കുവാന്‍ അരവിന്ദ് കെജ്രിവാള്‍ മൗനാനുവാദം നല്‍കിയതായാണ് വിവരം. ട്വന്റി20യും ഇടതുപക്ഷവും തമ്മില്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുളളത്. സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് കിറ്റക്‌സിനെ തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ കലിപ്പ് ഇപ്പോഴും എംഡി സാബു ജേക്കബിനുണ്ട്. അരവിന്ദ് കെജ്രിവാള്‍ എത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സാബു ജേക്കബ് ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കുന്ന കാര്യം ചിന്തയില്‍ പോലുമില്ലെന്ന് ട്വന്റി20 വ്യക്തമാക്കുന്നു. ഇതിന് പുറമേ തൃക്കാക്കര യുഡിഎഫിന്റെ കോട്ടയാണ്. അവിടെ ജയിക്കുവാന്‍ സാധ്യതയുള്ള മുന്നണിക്കൊപ്പം നില്‍ക്കുന്നതാണ് എഎപി-ട്വന്റി20ക്ക് അഭികാമ്യം. ഈ സാഹചര്യത്തിലാണ് മൗനപിന്തുണ യുഡിഎഫിനും കോണ്‍ഗ്രസിനും നല്‍കുവാന്‍ തീരുമാനിച്ചത്.