പാസ്‌പോര്‍ട്ടും പൗരത്വവും;എന്താണ് കേന്ദ്രത്തിന്റെ ലക്ഷ്യം?

പാസ്‌പോര്‍ട്ടും പൗരത്വവും;എന്താണ് കേന്ദ്രത്തിന്റെ ലക്ഷ്യം?

പൗരത്വം തെളിയിക്കുന്ന രേഖയല്ല പാസ്‌പോര്‍ട്ട് എന്ന വിചിത്ര വാദം വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. സ്വാഭാവികമായും ഇതു സംബന്ധിച്ച ഒരു വിശദീകരണം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ കേന്ദ്രം മൗനം തുടരുകയാണ്. ഉദ്യോഗസ്ഥന്റെ പ്രസ്താവന പാസ്‌പോര്‍ട്ട് സംബന്ധിച്ച നമ്മുടെ ധാരണകള്‍ തിരുത്താന്‍ തന്നെയാണെന്നാണ് ഇത് വ്യക്തമാവുന്നത്. അപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്, ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ആരെയാണ്, എന്താണ് ലക്ഷ്യമിടുന്നത്?
ഇന്ത്യന്‍ പാസ്‌പോര്‍ട് നേടാനാവുന്നില്ലെങ്കില്‍ ഇന്ത്യക്കാരനല്ല എന്നാണ് ഇതുവരെ ഔദ്യോഗിക നിലപാട്. ഇന്ത്യന്‍ പാസ്‌പോര്‍ട് കൈവശമുണ്ടെങ്കിലും ഇന്ത്യന്‍ പൗരനാവണമെന്നില്ല എന്ന് ആ നിലപാട് തിരുത്തിയിരിക്കുകയാണ്. എന്തിനാണ് ഈ നിലപാട് മാറ്റം? അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നല്‍കാനുള്ള നീക്കമാണ് ഇതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പേഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) എന്നറിയപ്പെടുന്ന ഇന്ത്യന്‍ വശജര്‍ ബി.ജെ.പിയോട് പൊതുവെ അനുഭാവം പുലര്‍ത്തുന്നവരാണ്. ന്യൂജഴ്‌സിയിലും മറ്റുമിരുന്ന് ഇന്ത്യയുടെ കാര്യത്തില്‍ ആകുലപ്പെടുകയും പൗരത്വത്തിന്റെ കാര്യം വരുമ്പോള്‍ അമേരിക്കന്‍ പാസ്‌പോര്‍ട് ഒരു കാരണവശാലും കൈവിടാതിരിക്കുകയുമാണ് ഇവരുടെ പൊതുവായ രീതി. ഇന്ത്യക്കു വേണ്ടി അമേരിക്കയില്‍ ലോബിയിംഗ് നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ തങ്ങള്‍ അമേരിക്കക്കാരാമെന്നും കൂറ് ആ രാജ്യത്തോടാണെന്നും പറയുന്നവരാണ് പൊതുവെ ഈ വിഭാഗം. അമേരിക്കന്‍ പാസ്‌പോര്‍ട്ടിനൊപ്പം ഒരു ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ലഭിക്കുന്നത് സന്തോഷത്തോടെ അവര്‍ സ്വാഗതം ചെയ്യും. പാസ്‌പോര്‍ട്ടും പൗരത്വവും ഒന്നല്ലെന്ന പ്രഖ്യാപനം ഈ ദിശയിലേക്കാണോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. 

ആരാണ് ഇന്ത്യക്കാരെന്ന നിര്‍വചനം തിരുത്തിയെഴുതാനുള്ള നീക്കം സമീപകാലത്ത് സജീവമാണ്. ആ നിര്‍വചനം കൂടുതല്‍ കര്‍ക്കശമാക്കുകയാണ് പുതിയ നയത്തിലൂടെ എന്നാണ് മറ്റൊരു സംശയം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്.ഐ.ആര്‍ നടപടികളിലൂടെ ലക്ഷക്കണക്കിന് പേരെയാണ് വെട്ടിമാറ്റിയത്. പാസ്‌പോര്‍ട്ട് കൂടി പൗരത്വ രേഖയല്ലാതായി മാറുന്നതോടെ പലര്‍ക്കും പൗരത്വം തെളിയിക്കുക വലിയ കടമ്പയായി മാറും. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ എസ്.ഐ.ആര്‍ പ്രക്രിയയില്‍ പ്രധാനമായും വെട്ടിമാറ്റപ്പെട്ടത് ന്യൂനപക്ഷ വോട്ടര്‍മാരാണ്. ദ ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അധികൃതര്‍ വിസമ്മതിച്ചത് എസ്.ഐ.ആറിന് ശേഷമുള്ള ഇലക്ഷന്‍ പട്ടികയില്‍ പേരില്ലെന്നു പറഞ്ഞാണ്. പാസ്‌പോര്‍ട്ട് പുതുക്കലിന് പോലും ഉപയോഗിക്കുന്നത് വളരെ അലങ്കോലമായി പൂര്‍ത്തിയാക്കിയ എസ്.ഐ.ആര്‍ പട്ടികയാണെന്ന് വരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എസ്.ഐ.ആറിന്റെ കാര്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചത് ഇലക്ഷന്‍ കമ്മീഷനെ വിശ്വസിച്ചാണ്. എന്നാല്‍ ആ പ്രക്രിയ ഉപയോഗിച്ച് നിരവധി ഇന്ത്യക്കാരുടെ പൗരത്വം തന്നെ എടുത്തു മാറ്റുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.