മുഖ്യമന്ത്രി വിജയ് തന്നെ; ഭരിക്കുന്നത് ത്രിമൂര്‍ത്തികള്‍

Jul 02, 2026 - 16:47
0
മുഖ്യമന്ത്രി വിജയ് തന്നെ; ഭരിക്കുന്നത് ത്രിമൂര്‍ത്തികള്‍

തമിഴ്‌നാട് ഭരിക്കുന്നത് ആരാണ്, ജോസഫ് വിജയ് യോ അതോ ജനങ്ങള്‍ തെരഞ്ഞെടുക്കാത്ത 'അടുക്കള കാബിനറ്റോ'? തിരശ്ശീലക്ക് പിന്നിലിരുന്ന് ഭരണചക്രം തിരിക്കുന്നതും സുപ്രധാന നയങ്ങള്‍ തീരുമാനിക്കുന്നതും മൂവര്‍ സംഘമാണെന്നാണ് ഇടനാഴികളിലെ രഹസ്യം. രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെടുന്ന ജോണ്‍ ആരോക്യസാമി, മുഖ്യമന്ത്രിയുടെ ഉറ്റ സഹായി വിഷ്ണു റെഡ്ഢി, മാനേജര്‍ ജഗദീഷ് പളനിസാമി എന്നിവരുള്‍പ്പെട്ടതാണ് ഈ സംഘം. ഈ അദൃശ്യകരങ്ങളാണ് മുഖ്യമന്ത്രിക്കു പിന്നിലിരുന്ന് തീരുമാനങ്ങളെടുക്കുന്നതെന്ന് ഡി.എം.കെ ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. ആരോക്യസാമിയും വിഷ്ണു റെഡ്ഢിയും കാബിനറ്റ് യോഗങ്ങളില്‍ പോലും പങ്കെടുക്കാറുണ്ടെന്നും ഇത് ഔദ്യോഗിക രഹസ്യങ്ങള്‍ ചോരാനിടയാക്കുമെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഡി.എം.കെ പരാതി നല്‍കിയിട്ടുണ്ട്. ഉന്നതതല യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കുന്ന കാര്യം അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവര്‍ക്കും ഔദ്യോഗികമായി ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാനുള്ള സര്‍ക്കാര്‍ അനുമതിയുണ്ടെന്നാണ് ടി.വി.കെ സര്‍ക്കാര്‍ മറുപടി നല്‍കിയത്. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് അനുമതി എന്ന് വ്യക്തല്ല. വിവാദത്തിന് ആക്കം കൂട്ടിയത് പളനിസാമിയുടെ ഇന്‍സ്റ്റഗ്രാം സന്ദേശമാണ്. മുഖ്യമന്ത്രി വിജയ് യുടെ ജന്മദിനത്തോടനുബന്ധിച്ച സന്ദേശത്തില്‍ പളനിസാമി സ്വയം വിശേഷിപ്പിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നാണ്. എന്നാല്‍ ഈ നിയമനം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിജ്ഞാപനം ഇറങ്ങിയിട്ടില്ല. 

സര്‍ക്കാരില്‍ മറ്റു പലരും സ്വാധീനം ചെലുത്തുന്നതായും ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇക്കൂട്ടത്തില്‍ വിജയിയുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരുമൊക്കെയുണ്ട്. ട്രാന്‍സ്ഫറുകളുള്‍പ്പെടെ പല കാര്യങ്ങളും ഇവരാണ് തീരുമാനിക്കുന്നതെന്നാണ് വിമര്‍ശനം. അതിനിടയില്‍ സിനിമാ ലോകത്തെ പല സുഹൃത്തുക്കള്‍ക്കും ഔദ്യോഗിക നിയമനങ്ങളും ലഭിക്കുന്നുണ്ട്. പ്രൊഡ്യൂസര്‍ കെ.വെങ്കിട നടരാജനെ ദല്‍ഹിയിലെ തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയോടെ നിയമിച്ചു. എം.ജി.ആര്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയായി സിനിമറ്റോഗ്രഫര്‍ മനോജ് പരമഹംസക്ക് നിയമനം ലഭിച്ചു.
വിജയിയുടെ രാഷ്ട്രീയ യാത്രക്ക് ചുക്കാന്‍ പിടിച്ചവരാണ് ഇവരെന്നും പല മേഖലകളിലെയും വിദഗ്ധരുടെ ഉപദേശം ഭരണം മെച്ചപ്പെടുത്താന്‍ സഹായിക്കും എന്നുമാണ് അനുയായികള്‍ വിശദീകരിക്കുന്നത്. എന്നാല്‍ തിരശ്ശീലക്ക് പിന്നിലിരിക്കുന്നവരല്ല സംസ്ഥാനം ഭരിക്കേണ്ടത് എന്നാണ് വിമര്‍ശകര്‍ ചൂണ്ിക്കാട്ടുന്നത്. ഇവരുടെ പദവി എന്താണെന്ന് ഔദ്യോഗികമായി വിശദീകരിക്കണമെന്നാണ് പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User