ഇന്ത്യന്‍ മണ്ണ് കൈയേറി ചൈന; ശരി വെച്ച് ഉപഗ്രഹ ചിത്രങ്ങള്‍

ഇന്ത്യന്‍ മണ്ണ് കൈയേറി ചൈന; ശരി വെച്ച് ഉപഗ്രഹ ചിത്രങ്ങള്‍

അരുണാചല്‍പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ ചൈന കൈയേറുന്നുവെന്ന വാര്‍ത്ത ശരി വെച്ച് ഉപഗ്രഹ ചിത്രങ്ങള്‍. ഇന്ത്യയുടെ ഭാഗത്ത് ചൈന ക്രമമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതായാണ് ചിത്രങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയുടേതാണെന്ന് ഇന്ത്യ കരുതുകയും ഇന്ത്യന്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്ന പ്രദേശങ്ങളില്‍ ചൈന പിടിമുറുക്കുന്നതായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടേതാണെങ്കിലും 1959 മുതല്‍ ചൈന കൈവശം വെച്ചതാണ് ഈ പ്രദേശമെന്നാണ് മറ്റൊരു വാദം. ബുള്ളറ്റുകളല്ല , ബുള്‍ഡോസറുകളാണ് ചൈനയുടെ കൈയേറ്റത്തിന്റെ ഉപകരണമെന്ന് തെളിയിക്കുന്നതാണ് പുതിയ ഉപഗ്രഹ ചിത്രങ്ങള്‍. 
ഹൈ റെസലൂഷന്‍ ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശങ്ങളിലൂടെ ചൈന റോഡും മറ്റു കെട്ടിടങ്ങളും നിര്‍മിച്ചതായാണ് കാണുന്നത്. ഇഞ്ചിഞ്ചായി ഇന്ത്യന്‍ ഭൂമി കൈയേറുന്ന ചൈനയുടെ പതിവ് രീതിയാണ് ഇവിടെയും വ്യക്തമാവുന്നതെന്ന് വിദഗ്ധര്‍ കരുതുന്നു. ഒരു വെടി പോലും ഉതിര്‍ക്കാതെ മെല്ലെ മെല്ലെ റോഡുകളും പാലങ്ങളും സൈനിക ക്യാമ്പുകളും ഗ്രാമങ്ങളും സ്ഥാപിച്ച് പ്രദേശങ്ങളുടെ യഥാര്‍ഥ നിയന്ത്രണം കൈക്കലാക്കുന്നതാണ് അവരുടെ പരമ്പരാഗത രീതി. ഇതില്‍ ഒരു ഗ്രാമം 2021ലാണ് ആദ്യം ഉപഗ്രഹ ചിത്രങ്ങളില്‍ തെളിഞ്ഞത്. അതിന് 10 കിലോമീറ്റര്‍ ഇപ്പുറത്തായി ഈ വര്‍ഷം മാത്രമാണ് മറ്റൊരു ഗ്രാമം രൂപം കൊണ്ടത്. വീടുകളും സിമന്റ് നിര്‍മാണശാലയും മുതല്‍ സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും രണ്ട് ഹെലിപ്പാഡുകളും ബാസ്‌കറ്റ്‌ബോള്‍ കോര്‍ടും വരെ ഇവിടെയുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. സൈനിക പിന്തുണയോടെയുള്ള സിലിവിയന്‍ കൈയേറ്റമാണ് ചൈന നടത്തുന്നത്. ഇതിനോട് ചേര്‍ന്ന ചൈനീസ് ഭാഗത്ത് ട്രക്കുകളും എക്‌സ്‌കവേറ്ററുകളുമുള്‍പ്പെടെ ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം അരുണാചലിലെ അപ്പര്‍ സുബാന്‍സിരി ജില്ലയിലെ ഒരു ഗോത്ര വിഭാഗം തങ്ങളുടെ പരമ്പരാഗത ഭൂമി ചൈനീസ് സൈന്യം ഇഞ്ചിഞ്ചായി കൈയേറുകയും റോഡുകളും പാലങ്ങളും സൈനിക ക്യാമ്പും നിര്‍മിക്കുകയും ചെയ്തതായി പരാതിപ്പെട്ടത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിര്‍ത്തിയിലെ ഇപ്പോഴത്തെ സ്ഥിതി സ്ഥിരമായി മാറ്റിയെഴുതാനുള്ള നിരന്തരമായ ചൈനീസ് ശ്രമമാണ് ദൃശ്യമാവുന്നതെന്ന് സുരക്ഷാകാര്യ വിദഗ്ധന്‍ ബ്രഹ്മ ചലാനി മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്ന പരിധിക്കുമപ്പുറത്താണ് ചൈനീസ് നിര്‍മാണം നടക്കുന്നതെന്നും എന്നാല്‍ ഈ പ്രദേശങ്ങള്‍ക്കു മേലുള്ള അവകാശം ഇന്ത്യ കൈവിട്ടിട്ടില്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ഇന്ത്യയും ചൈനയും ഔദ്യോഗികമായി അതിര്‍ത്തി നിര്‍ണയിച്ചിട്ടില്ല. അതിര്‍ത്തിയായ മക്‌മോഹന്‍ ലൈനിനെ രണ്ട് രാജ്യവും വ്യത്യസ്ത രീതിയിലാണ് അടയാളപ്പെടുത്തുന്നത്. അരുണാചല്‍ അതിര്‍ത്തിയില്‍ ഹൈവേ നിര്‍മാണം വേഗത്തിലാക്കി ചൈനീസ് നടപടികള്‍ക്ക് തടയിടാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്.