നേമം മണ്ഡലത്തിലെ തോൽവി സിപിഎമ്മിൽ കലാപം
നേമം മണ്ഡലത്തിലെ തോൽവി സിപിഎമ്മിൽ കലാപം
നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കനത്ത ആഭ്യന്തര കലഹത്തിലേക്കും ഗ്രൂപ്പ് യുദ്ധത്തിലേക്കും കൂപ്പുകുത്തി സിപിഎം. നേമം മണ്ഡലത്തില്‍ മത്സരിച്ച മുന്‍മന്ത്രി വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്താന്‍ സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ബിജെപിയില്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന കടുത്ത ആരോപണം ഉയര്‍ന്നതോടെ പാര്‍ട്ടി അക്ഷരാര്‍ത്ഥത്തില്‍ സ്‌ഫോടനാത്മകമായ സാഹചര്യത്തെയാണ് നേരിടുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ നടന്ന നേമം ഏരിയ കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടിയുടെ അടിത്തറയിളക്കുന്ന തരത്തിലുള്ള ഈ തുറന്നുപറച്ചിലുകള്‍ ഉണ്ടായത്. ബിജെപിയില്‍ നിന്ന് പണം കൈപ്പറ്റി വിശ്വസ്തത പണയം വെച്ച നേതാക്കളെ പുറത്തുകൊണ്ടുവരാന്‍ അടിയന്തരമായി പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്നും, തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പാപ്പനംകോട്ടുനിന്നുള്ള അംഗം പരസ്യമായി ആവശ്യപ്പെട്ടു.