2027ലെ ഹജ്ജ് അപേക്ഷകരുടെ പാസ്‌പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എൻ. ഷംസുദ്ദീൻ.
പാസ്‌പോർട്ട് വൈകുന്നത് തീർഥാടകരുടെ യാത്രാ സാധ്യതയെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. #Hajj2027 #Kerala #Passport
ഹജ്ജ് 2027: തീർഥാടകരുടെ പാസ്‌പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ
അടുത്ത വർഷത്തെ ഹജ്ജിന് അപേക്ഷിക്കുന്ന തീർഥാടകരുടെ പാസ്‌പോർട്ട് അപേക്ഷകൾ ത്വരിതഗതിയിൽ തീർപ്പാക്കാൻ പാസ്‌പോർട്ട് ഓഫീസുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്ക് കത്തയച്ചു.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ 2026 ജൂൺ 22-ലെ വിജ്ഞാപനപ്രകാരം ഹജ്ജ് 2027-നുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 20 വരെ സ്വീകരിക്കും. അപേക്ഷകർക്ക് 2027 ഡിസംബർ 31 വരെ കാലാവധിയുള്ള ഇന്ത്യൻ പാസ്‌പോർട്ട് നിർബന്ധമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള നിരവധി തീർഥാടകർ പുതിയ പാസ്‌പോർട്ട് ലഭിക്കാനും നിലവിലുള്ള പാസ്‌പോർട്ടുകൾ പുതുക്കാനും അപേക്ഷ നൽകി കാത്തിരിക്കുകയാണ്. പാസ്‌പോർട്ട് ലഭിക്കുന്നതിൽ കാലതാമസം നേരിടുകയാണെങ്കിൽ അർഹരായ നിരവധി തീർഥാടകർക്ക് ഹജ്ജിന് പോകാനുള്ള അവസരം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
മുൻ വർഷങ്ങളിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഹജ്ജ് തീർഥാടകർക്കായി പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചിരുന്നു. ഈ സംവിധാനം തീർഥാടകർക്ക് ഏറെ സഹായകരമായിരുന്നു. സമാനമായ നടപടികൾ ഇത്തവണയും സ്വീകരിച്ച് ഹജ്ജ് അപേക്ഷകരുടെ പാസ്‌പോർട്ട് നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നുമാണ് മന്ത്രി കത്തിലൂടെ കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്.