ദീപക്കിന്റെ അമ്മ ചോദിക്കുന്നു; ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെയല്ലെങ്കിൽ അവനെവിടെപ്പോയി?

Aug 05, 2022 - 12:55
0
ദീപക്കിന്റെ അമ്മ ചോദിക്കുന്നു;  ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെയല്ലെങ്കിൽ അവനെവിടെപ്പോയി?

    കൊയിലാണ്ടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പന്തിരിക്കരയിലെ ഇർഷാദിന്റെ മൃതദേഹം,  കാണാതായ ദീപക്കിന്റേതെന്ന് കരുതി സംസ്കരിച്ച സംഭവത്തിൽ ദുരൂഹതകൾ ബാക്കിനിൽക്കെ ദീപക്കിനായുള്ള കാത്തിരിപ്പിലാണ് കുടുംബം.

  "അന്ത്യകർമങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെയല്ലെങ്കിൽ, എന്റെ മോൻ പിന്നെ എവിടെപ്പോയി?",    മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കാനുള്ളത് ഈ ഒരു ചോദ്യംമാത്രമാണ്.

ജൂൺ ഏഴിനാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിനെ (36) കാണാതായത്. മകൻ തിരിച്ചുവരുന്നത് കാത്ത് നെഞ്ചുരുകി കാത്തിരിക്കുന്നതിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. ബന്ധുക്കൾ മൃതദേഹം ദീപകിന്റേതാണെന്ന് കരുതിയതോടെ ജൂലൈ 19-ന് ചിതയൊരുക്കി സംസ്കരിച്ചു. മകന്റെ വിയോ​ഗത്തോട് പൊരുത്തപ്പെട്ട് വരുമ്പോളാണ് ഡി.എൻ.എ. പരിശോധനാ ഫലം വന്നതും മൃതദേഹം ആളുമാറി സംസ്കരിച്ചതാണെന്ന് തിരിച്ചറിയുന്നതും. കാണാതായ മകനെ ഓർത്ത് വീണ്ടും വിങ്ങിപ്പൊട്ടുകയാണ് ശ്രീലത. അവന് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന ആശങ്കയ്ക്കൊപ്പം അവൻ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയുമുണ്ട് ഇപ്പോള്‍ ശ്രീലതയുടെ മനസ്സിൽ.

അബു​ദാബിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് 2021 മാർച്ചിലാണ് നാട്ടിൽ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയിൽ സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യുകയായിരുന്നു ദീപക്. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യിൽനിന്ന് പണം വാങ്ങാൻ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂർ പോലീസിൽ പരാതി നൽകി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User