ഇതെന്താ ഇങ്ങനെ, കാശ് വേണ്ടേ? ബിൽഎല്ലാം കൂടി ഒരുമിച്ച് വരുമോ; സിറ്റി ഗ്യാസ് ഉപഭോക്താക്കൾ ആശങ്കയിൽ

Kochi City Gas consumers say they receive uninterrupted gas supply but no bills for months, raising fears of massive lump-sum payments later.

ഇതെന്താ ഇങ്ങനെ, കാശ് വേണ്ടേ? ബിൽഎല്ലാം കൂടി ഒരുമിച്ച് വരുമോ; സിറ്റി ഗ്യാസ് ഉപഭോക്താക്കൾ ആശങ്കയിൽ

കൊച്ചി: സാധാരണയായി ഗ്യാസ് കമ്പനികളെക്കുറിച്ചുള്ള പരാതി "ഗ്യാസ് കിട്ടുന്നില്ല" എന്നായിരിക്കും. എന്നാൽ കൊച്ചിയിലെ ചില സിറ്റി ഗ്യാസ് ഉപഭോക്താക്കളുടെ പരാതി അതിൽനിന്ന് വ്യത്യസ്തമാണ് — "ഗ്യാസ് കിട്ടുന്നുണ്ട്... പക്ഷേ പൈസ വാങ്ങാൻ ആരും വരുന്നില്ല!" ആദ്യമൊന്ന് കേൾക്കുമ്പോൾ സന്തോഷിക്കാവുന്ന കാര്യമാണെന്ന് തോന്നുമെങ്കിലും, മാസങ്ങൾ കടന്നുപോകുമ്പോൾ ഈ 'സൗജന്യ സേവനം' വലിയ സാമ്പത്തിക ഞെട്ടലായി മാറുമോയെന്ന ആശങ്കയിലാണ് പല കുടുംബങ്ങളും.

പൊന്നുരുന്നി പ്രദേശത്തെ സിറ്റി ഗ്യാസ് ഉപഭോക്താക്കൾക്ക് ഏകദേശം ഒരു വർഷമായി ഗ്യാസ് വിതരണം തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെങ്കിലും ഉപയോഗിച്ച ഗ്യാസിന്റെ ബില്ലോ പണമടയ്ക്കാനുള്ള അറിയിപ്പോ ലഭിക്കുന്നില്ലെന്നാണ് പരാതി. ഗ്യാസിന്റെ യൂണിറ്റ് നിരക്ക് എത്ര, ഇതുവരെ എത്ര രൂപ കുടിശ്ശികയായെന്ന് അറിയാനാകാത്തത് ഉപഭോക്താക്കളെ വലിയ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

"ഒരു ദിവസം പെട്ടെന്ന് ഒരു വർഷത്തെ ബിൽ ഒന്നിച്ച് വന്നാൽ എന്ത് ചെയ്യും? അത്രയും തുക ഒരുമിച്ച് അടയ്ക്കാൻ എങ്ങനെ സാധിക്കും?" എന്ന ചോദ്യമാണ് പല കുടുംബങ്ങളെയും അലട്ടുന്നത്. ഭൂരിഭാഗം കുടുംബങ്ങളും സാധാരണ തൊഴിലാളികളായതിനാൽ വലിയ തുക ഒരുമിച്ച് അടയ്ക്കേണ്ടി വന്നാൽ അത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും അവർ ആശങ്കപ്പെടുന്നു.

പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ എം.എക്സ്. സെബാസ്റ്റ്യനും റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും മരട് കണ്ണാടിക്കാടുള്ള ഇന്ത്യൻ ഓയിൽ–അദാനി ഗ്യാസ് ഓഫീസിൽ നേരിട്ട് എത്തിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം. ആവശ്യത്തിന് ബില്ലിങ് ജീവനക്കാരില്ലെന്നും വൈകാതെ മൊബൈൽ വഴി ബില്ലുകൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥിതിയിൽ മാറ്റമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇതിനിടെ സമാനമായ ബില്ലിങ് പരാതികൾ നഗരത്തിലെ മറ്റ് സിറ്റി ഗ്യാസ് മേഖലകളിൽ നിന്നുമുണ്ട്. ചില സ്ഥലങ്ങളിൽ മൂന്നുമുതൽ ആറുമാസം വരെ ബിൽ ലഭിക്കാതെ പിന്നീട് 5,000 മുതൽ 8,000 രൂപവരെ ഒരുമിച്ച് അടയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. സമയത്ത് പണം അടയ്ക്കാൻ കഴിയാത്തവർക്ക് അധിക പിഴയും ഈടാക്കപ്പെടുന്നുവെന്നാണ് പരാതി.

2016-ൽ കളമശേരി മെഡിക്കൽ കോളജ് വാർഡിലായിരുന്നു നഗരത്തിലെ സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കമിട്ടത്. വർഷങ്ങൾ പിന്നിട്ടിട്ടും എല്ലാ വീടുകളിലേക്കും കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഇന്നും ഗ്യാസ് കണക്ഷൻ ലഭിക്കാത്ത വീടുകൾ ഉണ്ടെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

പൊന്നുരുന്നിയിലെ ഉപഭോക്താക്കൾക്കും ഇതേ അവസ്ഥ ആവർത്തിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഗ്യാസ് കൃത്യമായി ലഭിക്കുന്നതിനേക്കാൾ ഉപയോഗിച്ച തുക എത്രയെന്നറിയാനും അത് കൃത്യമായി അടയ്ക്കാനും കഴിയുന്ന സംവിധാനമാണ് തങ്ങൾക്ക് വേണ്ടതെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.