ഗിഗ് തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ; സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ആദ്യഘട്ടം; വൈഫൈ, ശുചിമുറി, ചാർജിങ് സൗകര്യങ്ങളുമായി കേന്ദ്രങ്ങൾ

Sep 22, 2026 - 15:41
0
ഗിഗ് തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ; സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്റ്റംബർ 23) വൈകിട്ട് 3ന് തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ പുതുതായി നിർമിച്ച ഗിഗ് വിശ്രമകേന്ദ്രത്തിൽ നടക്കും. മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ വിശിഷ്ടാതിഥിയാകും.

ഡോ. ശശി തരൂർ എം.പി., തിരുവനന്തപുരം മേയർ ഡോ. വി.വി. രാജേഷ് എന്നിവർ മുഖ്യാതിഥികളാകും. വാർഡ് കൗൺസിലർ സി. ഹരികുമാർ, തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ലേബർ കമ്മീഷണർ സഫ്ന നസറുദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ എന്നിവരും പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് കോഴിക്കോട്, എറണാകുളം ഗിഗ് വിശ്രമകേന്ദ്രങ്ങളുടെ ഉദ്ഘാടനവും നടക്കും.

ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിംഗ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായ വിശ്രമവും അടിസ്ഥാന ക്ഷേമസൗകര്യങ്ങളും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കസേരകൾ, ശുചിമുറി, വൈഫൈ, മൊബൈൽ ചാർജിങ് സൗകര്യം തുടങ്ങിയവ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഗിഗ് വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി തൊഴിൽ വകുപ്പ് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 3 വരെയും വൈകിട്ട് 3 മുതൽ രാത്രി 10 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഓരോ ഷിഫ്റ്റിലും രണ്ട് ജീവനക്കാർ വീതം സേവനത്തിലുണ്ടാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User