യു.പിയിൽ വീണ്ടും നിർണായക പോരാട്ടം; 10 രാജ്യസഭാ സീറ്റുകളിൽ ആര് പിടിമുറുക്കും?
ഒക്ടോബർ 16ന് നടക്കുന്ന യു.പിയിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ-സംഖ്യാബലത്തിന്റെ പുതിയ പരീക്ഷണമാകുന്നു.
ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ചതുരംഗപ്പലകയിൽ വീണ്ടും വൻ കരുനീക്കങ്ങൾ! ലഖ്‌നൗവിലെ നിയമസഭാ ഇടനാഴികളിൽ ഇപ്പോൾ വരാനിരിക്കുന്ന രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പുകളുടെ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. 10 രാജ്യസഭാ സീറ്റുകളിലേക്കും 11 കൗൺസിൽ സീറ്റുകളിലേക്കും അടുത്ത രണ്ട് മാസത്തിനുള്ളിൽ പോരാട്ടം നടക്കുമ്പോൾ, കാവിപ്പടയ്ക്ക് വൻ തിരിച്ചടിയും ഇന്ത്യാ സഖ്യത്തിന് വൻ മുന്നേറ്റവുമാണ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നത്! ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന എട്ട് സീറ്റുകൾ ഉൾപ്പെടെ 10 രാജ്യസഭാ സീറ്റുകളുടെ കാലാവധി നവംബർ 25-നാണ് അവസാനിക്കുന്നത്. മുൻ ഡി.ജി.പി. ബ്രിജ് ലാൽ, സീമ ദ്വിവേദി, നീരജ് ശേഖർ, ഗീത ശാക്യ, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, അരുൺ സിംഗ്, ബി.എൽ. വർമ്മ എന്നിവരുടെ കാലാവധിയാണ് തീരുന്നത്. രാജിവെച്ച ഡോ. ദിനേശ് ശർമ്മയുടെ സീറ്റിലേക്കും പുതിയ തിരഞ്ഞെടുപ്പ് വേണം. കൂടാതെ, ബി.എസ്.പി. നേതാവ് രാംജി ഗൗതമിന്റെയും എസ്.പി. നേതാവ് രാം ഗോപാൽ യാദവിന്റെയും കാലാവധിയും അവസാനിക്കുകയാണ്.
എന്നാൽ കേവലം സംഖ്യാബലത്തിന്റെ കഥ മാത്രമല്ലിത്! യഥാർത്ഥ കഥ കിടക്കുന്നത് ഉത്തർപ്രദേശിലെ ജനവികാരത്തിലാണ്. അതെ, മോദി-യോഗി ഭരണത്തിന്റെ തിളക്കം മങ്ങുന്നുവോ എന്ന ചോദ്യമാണ് ഇപ്പോൾ യു.പിയിൽ ഉയരുന്നത്. സമീപകാലത്ത് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം പോലും നഷ്ടപ്പെട്ട് ബി.ജെ.പി. അടപടലം നാറിയത് നാം കണ്ടതാണ്. 2019-ൽ 62 സീറ്റുകൾ തൂത്തുവാരിയ ബി.ജെ.പി., ഇത്തവണ കേവലം 33 സീറ്റുകളിലേക്ക് കൂപ്പുകുത്തി! എന്നാൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ചേർന്ന ഇന്ത്യാ സഖ്യം 43 സീറ്റുകൾ നേടി യു.പിയിൽ തരംഗമായി മാറി. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ബി.ജെ.പിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായിരുന്ന അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലാണ്! രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷവും അയോധ്യയിലെ ജനങ്ങൾ ബി.ജെ.പിയെ തള്ളിക്കളഞ്ഞു. സമാജ്‌വാദി പാർട്ടിയുടെ അവധേഷ് പ്രസാദിനോട് ബി.ജെ.പിയുടെ സിറ്റിംഗ് എം.പി. തോറ്റത് കാവി ക്യാമ്പിനെ ഞെട്ടിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു! അയോധ്യ മേഖലയിലെ ഒൻപതിൽ അഞ്ച് സീറ്റിലും ബി.ജെ.പി. തകർന്നുവീണു. അതിനുപുറമേ, വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം പോലും വൻതോതിൽ ഇടിഞ്ഞു. ഉത്തർപ്രദേശിൽ അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് അലയടിക്കുന്നത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൊണ്ട് വലയുന്ന ജനങ്ങൾ ബി.ജെ.പിക്കെതിരെ തിരിഞ്ഞുകഴിഞ്ഞു. ഈ ഭരണവിരുദ്ധ തരംഗവും അയോധ്യയിലെ തിരിച്ചടിയും മുതലാക്കി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ചേർന്ന സഖ്യം യു.പിയിൽ മുൻതൂക്കം നേടുകയാണ്.

ഇപ്പോഴത്തെ രാജ്യസഭാ കണക്കുകൾ പരിശോധിച്ചാൽ, ഒരു സീറ്റ് നേടാൻ 37 എം.എൽ.എമാരുടെ വോട്ട് വേണം. ബി.ജെ.പി. സഖ്യത്തിന് 292-ഓളം എം.എൽ.എമാരുടെ പിന്തുണയുള്ളതിനാൽ ഏഴ് സീറ്റുകൾ വരെ നേടാൻ കഴിഞ്ഞേക്കാം. 101 എം.എൽ.എമാരുള്ള സമാജ്‌വാദി പാർട്ടി രണ്ട് സീറ്റുകൾ ഉറപ്പിക്കുകയും മൂന്നാമതൊരു സീറ്റിലേക്ക് പോരാടാനുള്ള അധിക വോട്ടുകൾ കയ്യിൽ കരുതുകയും ചെയ്യുന്നു. ഒരു കാലത്ത് ബി.എസ്.പി. വാണിരുന്ന സ്ഥാനത്ത്, രാംജി ഗൗതമും പടിയിറങ്ങുന്നതോടെ രാജ്യസഭയിൽ ബി.എസ്.പി. പൂജ്യമായി മാറും! ബി.ജെ.പിയുടെ വോട്ട് ബാങ്കുകൾ ചോരുമ്പോൾ, സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യം ഉത്തർപ്രദേശിൽ കൂടുതൽ ശക്തമായി വേരൂന്നുകയാണ്. വരാനിരിക്കുന്ന ഈ തിരഞ്ഞെടുപ്പ് കേവലം എം.എൽ.എമാരുടെ വോട്ടെടുപ്പ് മാത്രമല്ല, ബി.ജെ.പിയെ പൂട്ടാൻ ഇന്ത്യാ സഖ്യം ഒരുക്കിയ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ തെളിവ് കൂടിയാണ്. ലഖ്‌നൗവിൽ നിന്ന് വരാനിരിക്കുന്ന വാശിയേറിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കായി നമുക്ക് കാത്തിരിക്കാം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)