‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി; ഡോക്ടറിൽ നിന്ന് ₹1.19 കോടി തട്ടിപ്പ്: പ്രതി പിടിയിൽ

മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി 80കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി; വിദേശത്തായിരുന്ന പ്രതിയെ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടികൂടി

Sep 22, 2026 - 11:35
Updated: 2 hours ago
0
‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി; ഡോക്ടറിൽ നിന്ന് ₹1.19 കോടി തട്ടിപ്പ്: പ്രതി പിടിയിൽ

കാസർകോട്: ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ 80 വയസ്സുകാരനായ നീലേശ്വരം സ്വദേശിയായ ഡോക്ടറിൽ നിന്ന് 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. മലപ്പുറം മേലാറ്റൂർ എടയാറ്റൂർ സ്വദേശി വി. ഷംസാദ് ചുറകുത്തിനെയാണ് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷനൽ വിമാനത്താവളത്തിൽ കാസർകോട് സൈബർ പൊലീസ് പിടികൂടിയത്.

2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയായിരുന്നു തട്ടിപ്പ്. മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ ഡോക്ടർ മണി ലോണ്ടറിങ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കേസ് ഒഴിവാക്കാനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം നൽകണമെന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിൽനിന്നായി ₹1,19,35,000 തട്ടിയെടുത്തു.

അന്വേഷണത്തിൽ ഡോക്ടറുടെ അക്കൗണ്ടിൽനിന്ന് തട്ടിയ ₹46.25 ലക്ഷം നാഗാലാൻഡിലെ ആക്സിസ് ബാങ്ക് അക്കൗണ്ടിലെത്തിയതായും അതിൽനിന്ന് ₹9.60 ലക്ഷം ഷംസാദിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇതിൽ ഒമ്പത് ലക്ഷം രൂപ പിൻവലിച്ച് ചെലവഴിച്ചതായും പൊലീസ് കണ്ടെത്തി.

വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബർ 17ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ അധികൃതർ തടഞ്ഞതിനെ തുടർന്ന് പൊലീസ് സംഘം എത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൊലീസ് വീഡിയോ കോളിലൂടെ ‘ഡിജിറ്റൽ അറസ്റ്റ്’ നടത്തുകയോ കേസ് ഒഴിവാക്കാൻ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. സൈബർ തട്ടിപ്പിന് ഇരയായാൽ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ഉടൻ പരാതി നൽകണമെന്നും പൊലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User