മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്; പിണറായി, റിയാസ്, വീണ എന്നിവർക്കെതിരെ അന്വേഷണത്തിന് സർക്കാർ
CMRL–Exalogic ഇടപാടുകളുമായി ബന്ധപ്പെട്ട ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണത്തിലേക്ക് നീങ്ങി.
അവസാനം പിണറായിയെ പൂട്ടാനൊരുങ്ങി സർക്കാർ. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് എടുത്ത നിർണായക തീരുമാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പുവെച്ചിരിക്കുന്നു. പിണറായിക്കും റിയാസിനും മകൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. പിണറായിയെ ഇടംവലം പൂട്ടാൻ തന്നെയാണ് തീരുമാനം. മടിയിൽ കനമില്ലെന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറഞ്ഞ പിണറായി വിജയന്റെ മടിയിൽ കനമുണ്ടെന്നും ആ കൈകൾ ശുദ്ധമല്ലെന്നും തെളിഞ്ഞത് ഇ.ഡിയുടെ നിർണായക കണ്ടെത്തലുകളിലൂടെയായിരുന്നു. കോടികൾ അച്ഛനെ മറയാക്കി മകൾ കട്ടുവെന്നും അതിന് ഒത്താശ പാടിയത് ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസാണെന്നുമാണ് ആരോപണം. പക്ഷേ, കാലമെത്ര കഴിഞ്ഞാലും പലനാൾ കള്ളൻ ഒരുനാൾ പിടിയിലാകും. അതുകൊണ്ട് പിണറായിക്കും റിയാസിനും അന്ത്യകൂതാശ ഈ സർക്കാർ പാടും. കേസിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഉടൻ തന്നെ പിണറായിയുടെ എം.എൽ.എ. സ്ഥാനം വരെ നഷ്ടപ്പെടും. മുൻപ് പാർട്ടിക്ക് വേണ്ടി ജയിലിൽ കിടന്ന ചരിത്രം വിളമ്പുന്ന പിണറായിക്ക് ഇനി മകൾക്ക് വേണ്ടി മകളോടൊപ്പം ജയിലിൽ കിടക്കാമെന്നും ആരോപണങ്ങൾ ഉയരുന്നു. ഇതുവരെ സർക്കാർ ഈ വിഷയത്തിൽ എന്തായിരിക്കും തീരുമാനം എടുക്കുക എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ഇ.ഡിയുടെ നീക്കങ്ങളെ ദേശീയ തലത്തിൽ എതിർക്കുന്ന കോൺഗ്രസ് ഈ വിഷയത്തിൽ എന്ത് തീരുമാനമാകും കൈക്കൊള്ളുക, അവരുടെ ഈ നിലപാട് ഇന്ത്യാ സഖ്യത്തിലുണ്ടാക്കുന്ന വിള്ളൽ എന്നിവയായിരുന്നു ഏറെനാളായി ചർച്ചകൾ. എന്നാൽ, ഈ ചർച്ചകൾക്കെല്ലാം ഫുൾ സ്റ്റോപ്പ് ഇട്ട്, ‘കൊന്ന പാപം തിന്നാൽ തീരും’ എന്ന നയം ഈ സർക്കാരിനില്ലെന്നും ‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം’ എന്ന നിലപാടാണ് സർക്കാരിനെന്നും തെളിയിച്ചിരിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നിർണായക ശുപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് അന്വേഷണത്തിലേക്ക് സർക്കാർ കടക്കുന്നത്. ഈ വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി.) ഔദ്യോഗിക അന്വേഷണ നിർദ്ദേശം നൽകിയതോടെ ഇനി എല്ലാവരും കാത്തിരിക്കുന്നത് ആ അന്വേഷണ റിപ്പോർട്ടിനായാണ്. ആ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ തുടർനടപടികളിലേക്കും അറസ്റ്റിലേക്കും കാര്യങ്ങൾ നീങ്ങുമോ എന്നതും നിർണായകമാകും.
രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റ ശേഷം പിണറായി വിജയന്റെ കുടുംബത്തിനെതിരെയുണ്ടാകുന്ന ഏറ്റവും വലിയ നിയമപോരാട്ടത്തിനാണ് ഈ തീരുമാനത്തിലൂടെ തുടക്കമായിരിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദമുയർത്തിയ മാസപ്പടി വിഷയം പുതിയ സർക്കാരിന്റെ കാലത്ത് അന്വേഷണ പരിധിയിൽ വരുമ്പോൾ ഭരണ-പ്രതിപക്ഷ വൃത്തങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് ഐ.പി.എസ്. നയിക്കും. പ്രാഥമിക അന്വേഷണത്തിന്റെ ഘട്ടമായതിനാൽ തന്നെ ഉടനടി എഫ്.ഐ.ആർ. ചുമത്തില്ലെന്നാണ് ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന. ലഭ്യമായ തെളിവുകളും രേഖകളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും തുടർന്നുള്ള കർശനമായ നിയമനടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. ഭരണതലത്തിലെ സുപ്രധാന വ്യക്തികൾ ഉൾപ്പെട്ട കേസായതിനാൽ നിയമവശങ്ങൾ പൂർണമായി ഉറപ്പുവരുത്തിയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും മാത്രമേ മുന്നോട്ടുപോകാവൂ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് എച്ച്. വെങ്കിടേഷിനെ തന്നെ ചുമതലപ്പെടുത്തിയത്. പ്രാഥമിക അന്വേഷണ ചുമതലയേറ്റെടുക്കുന്ന എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം സാമ്പത്തിക ഇടപാടുകളുടെ എല്ലാ രേഖകളും ആഴത്തിൽ വിശകലനം ചെയ്യും. സി.എം.ആർ.എല്ലിന്റെ കണക്കുപുസ്തകങ്ങൾ, ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡിന്റെ നിർണായക കണ്ടെത്തലുകൾ, എക്‌സാലോജിക് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയടക്കം സംഘം ശേഖരിച്ച് പരിശോധിക്കും. നേരത്തെ ശേഖരിച്ച രേഖകൾക്ക് പുറമേ, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ഉൾപ്പെടുന്നുണ്ടോയെന്നും പ്രാഥമിക അന്വേഷണത്തിലൂടെ പരിശോധിക്കും. ആരോപണങ്ങളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയാൽ കേസ് ഉടൻ തന്നെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറാനും വിജിലൻസ് കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും സാധ്യതയേറെയാണ്.
സ്വകാര്യ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് മകൾ വീണാ തൈക്കണ്ടിയുടെ എക്‌സാലോജിക് കമ്പനി വഴി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഈ ഇടപാടുകളിൽ അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് വിശദമായ കത്ത് നൽകിയിരുന്നു. പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണാ തൈക്കണ്ടി എന്നിവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഇ.ഡിയുടെ നിർദ്ദേശം. ഇ.ഡിയിൽ നിന്ന് ലഭിച്ച ഗുരുതരമായ ആരോപണങ്ങളടങ്ങിയ കത്ത് ഡി.ജി.പി. തുടർനടപടികൾക്കായി സർക്കാരിന് കൈമാറുകയായിരുന്നു. ഭരണനേതൃത്വം ഈ വിഷയത്തിൽ ഉടൻ തന്നെ അഡ്വക്കറ്റ് ജനറലിൽ നിന്നും ലീഗൽ അഡൈ്വസറിൽ നിന്നും നിയമോപദേശം തേടി. കേന്ദ്ര ഏജൻസി കൈമാറിയ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന ഏജൻസികൾക്ക് അന്വേഷണം നടത്തുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് വ്യക്തമായ നിയമോപദേശം ലഭിച്ചതോടെയാണ് സർക്കാർ ഔദ്യോഗികമായി അന്വേഷണത്തിലേക്ക് നീങ്ങിയത്. മുൻ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ സി.പി.എം. നിർബന്ധിതരാകുന്ന സാഹചര്യമാണ് ഇതിലൂടെ ഉടലെടുത്തിരിക്കുന്നത്. വി.ഡി. സതീശൻ സർക്കാരിന്റെ രാഷ്ട്രീയ തിരിച്ചടിയായും അഴിമതിക്കെതിരെയുള്ള കർശന നിലപാടായും ഈ അന്വേഷണ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നുണ്ട്. നിയമപരമായി ഒരു വീഴ്ചയും സംഭവിക്കാത്ത വിധം കേസിന്റെ അന്വേഷണ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരു വിധ രാഷ്ട്രീയ പകപോക്കലുമില്ലാതെ സുതാര്യമായ രീതിയിൽ സത്യം പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്വേഷണ നടപടികളിലേക്ക് പോലീസ് ഔദ്യോഗികമായി കടക്കുന്നതോടെ വരും ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണാ തൈക്കണ്ടി എന്നിവരെ ചോദ്യം ചെയ്യുന്നതിനായുള്ള സമൻസ് അയക്കുന്നതടക്കമുള്ള നിർണായക ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)