ഫോം 6 വിവാദം സുപ്രീംകോടതിയിൽ; ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹർജി
വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ഓൺലൈൻ ഫോമിൽ അനുമതിയില്ലാതെ മാറ്റം വരുത്തി ; പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (SIR) ഭാഗമായി പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6-ന്റെ ഓൺലൈൻ പതിപ്പിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പ് അവഗണിച്ച് നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ ഫോമിൽ മാറ്റം വരുത്തിയെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പുതിയ വോട്ടർമാർ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോം 6-ൽ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തച്ഛന്മാരുടെയോ പേരുകൾ മുൻ തീവ്ര വോട്ടർപട്ടിക പരിഷ്കരണ സമയത്തെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നോ എന്ന വിവരം രേഖപ്പെടുത്താനുള്ള ഭാഗം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.
1960-ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താതെ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ഫോമിൽ മാറ്റം വരുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബീർ സിങ് സന്ധുവും അഭിപ്രായപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
പുതുതായി ഉൾപ്പെടുത്തിയ വിവരങ്ങൾ നിർബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അവ രേഖപ്പെടുത്താതെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നില്ലെന്നാണ് ആരോപണം. ഇത് ആദ്യമായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നവർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥരുടെ പങ്കും ഫോമിൽ മാറ്റം വരുത്താൻ സ്വീകരിച്ച നടപടിക്രമങ്ങളും അന്വേഷിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെടുന്നു. വിവാദമായ മാറ്റങ്ങൾ അസാധുവാക്കി പഴയ ഫോം 6 പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)