48 മണിക്കൂർ അന്ത്യശാസനം; ഗ്യാനേഷ് കുമാറിനെതിരെ CJPയുടെ വൻ നീക്കം
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി രംഗത്ത്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇളകുന്നുവോ എന്ന ചോദ്യമാണ് ഇന്ന് രാജ്യം മുഴുവൻ ഉയരുന്നത്. വോട്ടർ പട്ടികയിൽ നടന്ന വൻ ക്രമക്കേടുകളുടെ ആരോപണങ്ങളെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം കനക്കുകയാണ്. ഇതിനിടയിലാണ് നിർണായക നീക്കവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) രംഗത്തെത്തിയിരിക്കുന്നത്. ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണം; ഇല്ലെങ്കിൽ രാജ്യം കത്തുന്ന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് സി.ജെ.പി. നേതാവ് അഭിജീത് ദിപ്‌കെയുടെ മുന്നറിയിപ്പ്.സി.ജെ.പി.യുടെ ഈ മുന്നറിയിപ്പിനെ അത്ര നിസ്സാരമായി കാണേണ്ടതില്ല. കാരണം, രാജിവെപ്പിച്ചിരിക്കുമെന്നു പറഞ്ഞിട്ട് ധർമേന്ദ്ര പ്രധാൻ രാജിവെച്ച സാഹചര്യത്തെ ചൂണ്ടിക്കാട്ടിയാണ് സി.ജെ.പി. ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തുന്നത്. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിൽ സി.ജെ.പി. ഉന്നയിച്ചത്: ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ താൽക്കാലികമായി നിർത്തിവെക്കുക, വോട്ടർ പട്ടിക പുതുക്കൽ മരവിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അങ്ങേയറ്റം രൂക്ഷമായ ഭാഷയിലാണ് അഭിജീത് ദിപ്‌കെ ആഞ്ഞടിച്ചത്. ഗ്യാനേഷ് കുമാർ ഈ രാജ്യത്തെ ഏറ്റവും വലിയ 'രാജ്യദ്രോഹി'യാണെന്നും, അദ്ദേഹത്തിന് കീഴിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക അട്ടിമറിച്ച് പൗരന്മാരുടെ വോട്ടവകാശം തട്ടിപ്പറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആരൊക്കെ വോട്ട് ചെയ്യണം, ആരൊക്കെ പുറത്തുപോകണം എന്ന് കേന്ദ്രസർക്കാരിന് തീരുമാനിക്കാൻ സൗകര്യമൊരുക്കുന്ന ഒരു സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ഇനി നടക്കണമെങ്കിൽ ഗ്യാനേഷ് കുമാർ പദവി ഒഴിയണമെന്നാണ് സി.ജെ.പി.യുടെ ആവശ്യം. ജൂണിൽ ജന്തർ മന്തറിൽ രാജ്യം കണ്ട ജനകീയ പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിനാണ് സി.ജെ.പി. ഇപ്പോൾ തിരികൊളുത്തുന്നത്. വാർത്താസമ്മേളനത്തിൽ അഭിജീത് ദിപ്‌കെ പുറത്തുവിട്ട കണക്കുകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻ.ഡി.എ.യും പ്രതിപക്ഷവും തമ്മിൽ കേവലം രണ്ട് ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമാണുണ്ടായിരുന്നതെന്നും, അതിനുശേഷം 13 കോടിയോളം വോട്ടർമാരുടെ അവകാശമാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഇത് മൊത്തം വോട്ടുകളുടെ 14 ശതമാനത്തോളം വരുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഇത് ആരെ ലക്ഷ്യമിട്ടായിരുന്നു എന്നത് വ്യക്തമാണ് എന്നായിരുന്നു ദിപ്‌കെയുടെ ആരോപണം. ഇന്ത്യാ സഖ്യത്തിന്റെ പ്രധാന നേതാക്കളെയും പ്രതിപക്ഷത്തെയും ആസൂത്രിതമായി തകർക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു. മമത ബാനർജി, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് വലിയ തിരിച്ചടിയുണ്ടാക്കാൻ വോട്ടർമാരുടെ ഈ കൂട്ടവെട്ടിമാറ്റലിന് സാധിച്ചുവെന്നും ദിപ്‌കെ ചൂണ്ടിക്കാണിച്ചു.വോട്ടർ പട്ടികയിലെ ഈ അട്ടിമറി വഴി പ്രതിപക്ഷ സഖ്യത്തിന്റെ അടിത്തറ ഇളക്കാനാണ് ശ്രമമെങ്കിൽ, വരാനിരിക്കുന്ന ഏതൊരു തിരഞ്ഞെടുപ്പും നിഷ്പക്ഷമാകുമെന്ന് എങ്ങനെ കരുതാനാകുമെന്നാണ് ചോദ്യം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ തന്നെ താൽക്കാലികമായി നിർത്തിവെക്കേണ്ട സാഹചര്യത്തിലേക്കാണ് ഈ നടപടികൾ വഴിതുറക്കുന്നതെന്നും സി.ജെ.പി. ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർന്ന സാഹചര്യത്തിൽ, നിലവിലെ വോട്ടർ പട്ടികയും തിരഞ്ഞെടുപ്പ് രീതികളും മുൻനിർത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അവർ പറയുന്നു. തിരഞ്ഞെടുപ്പുകൾ നിർത്തിവെച്ച്, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ അടിയന്തര ആവശ്യമാണെന്നും സി.ജെ.പി. ആവശ്യപ്പെടുന്നു.
ഈ പോരാട്ടത്തിൽ സി.ജെ.പി.ക്ക് പുറമെ ഇടതുപാർട്ടികളും രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സി.പി.എം., സി.പി.ഐ., സി.പി.ഐ. (എം.എൽ.), ആർ.എസ്.പി., ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രക്ഷോഭം അരങ്ങേറുമെന്നാണ് അറിയിച്ചിരിക്കുന്നത്. എസ്.ഐ.ആർ. നടപടികൾ ഉടൻ നിർത്തിവെക്കണമെന്നും അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ തിരിച്ചെടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ കാറ്റിൽപ്പറത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തീരുമാനിക്കണമെന്നും പ്രതിപക്ഷ നേതാക്കളായ എം.എ. ബേബി, ഡി. രാജ, ദീപാങ്കർ ഭട്ടാചാര്യ എന്നിവർ ആവശ്യപ്പെടുന്നു.തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകൂടത്തിന്റെ കേവലം ഉപകരണമായി മാറുകയും പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ വോട്ടവകാശം പോലും തടയുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജനാധിപത്യം എന്നത് കേവലം വാക്കുകളിൽ മാത്രമായി ഒതുങ്ങുമെന്ന വിമർശനമാണ് ഉയരുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ മുന്നേറ്റം ഭരണകൂടത്തിന് വലിയ താക്കീതാണെന്നും സി.ജെ.പി. പറയുന്നു. സി.ജെ.പി.യുടെ 48 മണിക്കൂർ അന്ത്യശാസനവും ഇടതുപാർട്ടികളുടെ പ്രക്ഷോഭവും വരും ദിവസങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ എങ്ങോട്ട് നയിക്കുമെന്ന് കണ്ടുതന്നെ അറിയണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)