ഗ്യാനേഷ് കുമാർ രാജിവെക്കുമോ? രാജ്യത്ത് പ്രതിഷേധം ശക്തം; എൻഡിഎയിലും ചോദ്യങ്ങൾ

ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനിലെ റിപ്പോർട്ട് ചെയ്ത ഭിന്നതകളും ശക്തമായതോടെ രാജിയാവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ എൻഡിഎ സഖ്യകക്ഷികളും കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടു.

Sep 26, 2026 - 11:18
Updated: 6 hours ago
0
ഗ്യാനേഷ് കുമാർ രാജിവെക്കുമോ? രാജ്യത്ത് പ്രതിഷേധം ശക്തം; എൻഡിഎയിലും ചോദ്യങ്ങൾ

രാജ്യമെമ്പാടും ഇപ്പോൾ അലയടിക്കുന്നത് ഒറ്റചോദ്യം മാത്രമാണ്. ഗ്യാനേഷ് കുമാർ രാജിവെക്കുമോ... രാജ്യത്തിന്റെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ആ പദവിയുടെ വിശ്വാസ്യത തകർത്തുകളയുന്ന കാര്യങ്ങളാണ് ചെയ്തുകൂട്ടിയതെന്ന് വിളിച്ചുപറഞ്ഞിരിക്കുന്നത് കൂടെയുള്ള രണ്ട് അംഗങ്ങൾ തന്നെയാണ്. എന്നിട്ടും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണെങ്കിൽ പിന്നെ ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും ജനങ്ങൾക്കുള്ള വിശ്വാസം തീർത്തും ഇല്ലാതാകും. ഏതാനും മാസങ്ങൾക്കപ്പുറം ഉത്തർപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചെന്ന ആരോപണം നേരിടുന്നൊരാൾ മുന്നിൽ നിന്ന് നയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിനും ജനങ്ങൾക്കും ഇനി എങ്ങനെ വിശ്വാസം അർപ്പിക്കാൻ കഴിയും? അത് സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് ഗ്യാനേഷ് എത്രയും പെട്ടെന്ന് രാജിവെക്കുകയോ അല്ലെങ്കിൽ മോദി പുറത്താക്കുകയോ വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ഇന്നലെ രാജ്യവ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. അസം, ദില്ലി, പഞ്ചാബ്, മണിപ്പൂർ, ഉത്തർപ്രദേശ്, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജനങ്ങളെ കൂട്ടി കോൺഗ്രസ് തെരുവിലിറങ്ങി. പലയിടത്തും സമരം അക്രമാസക്തമായി. സമരത്തിന് നേതൃത്വം കൊടുത്ത എംപിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യതലസ്ഥാനമായ ദില്ലിയും ഇന്നലെ ജനകീയപ്രക്ഷോഭത്തിൽ വിറയ്ക്കുന്നതാണ് കണ്ടത്. ജന്തർമന്ദിറിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, മഹുവ മൊയ്ത്ര അടക്കമുള്ള നേതാക്കളാണ് രാജി ആവശ്യവുമായി രംഗത്ത് വന്നത്.

ഇന്ന് ഇടതുപാർട്ടികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണ്. ഗ്യാനേഷിന് രാജിവെച്ചൊഴിയാൻ സിജെപി നൽകിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. രാജിയില്ലെങ്കിൽ രാജിവെപ്പിക്കുന്ന ജനകീയ സമരത്തിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യാസഖ്യത്തിന്റെ തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ ഉടൻ യോഗം വിളിക്കണമെന്ന് പല നേതാക്കളും ആവശ്യപ്പെട്ടുകഴിഞ്ഞു. മമത ബാനർജി നേരിട്ട് രാഹുൽ ഗാന്ധിയെ വിളിച്ച് ഈ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. മുൻപ് രാഹുൽ ഗാന്ധി പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് കൂടുതൽ ശക്തമായി പൊതുസമൂഹത്തിന് മുന്നിൽ വന്ന് നിൽക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഈ വിഷയത്തിൽ എൻഡിഎയിലും ഭിന്നത ഉടലെടുത്തിരിക്കുന്നു എന്നതാണ്. ബിജെപിയുടെ സഖ്യകക്ഷികളായ പല പാർട്ടികളും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. ബിഹാറിൽ നിന്നുള്ള കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞത് ജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിന് ഇപ്പോഴത്തെ വിവാദങ്ങളിൽ കമ്മീഷൻ മറുപടി പറയണമെന്നാണ്. പ്രതിപക്ഷത്തിന് മറുപടി കൊടുക്കേണ്ട, പക്ഷേ ജനങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കണം എന്നും ചിരാഗ് പറയുന്നുണ്ട്. മറ്റൊരു സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹയും കമ്മീഷനോട് മറുപടി തേടുന്നുണ്ട്. ജനങ്ങളിൽ ഉടലെടുത്തിരിക്കുന്ന ആശയക്കുഴപ്പം തീർക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുഖ്യസഖ്യകക്ഷിയായ ടിഡിപിയും കമ്മീഷൻ ഈ ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ അപ്പോഴും ബിജെപി ഈ വിഷയത്തിൽ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മോദി നിയമിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളുമാണ് ഇപ്പോൾ അടിച്ചുപിരിഞ്ഞ് സത്യങ്ങളെല്ലാം വിളിച്ചുപറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ബിജെപി. ഒരുപക്ഷേ കഴിഞ്ഞ 12 വർഷത്തിനിടയിൽ മോദിയും കൂട്ടരും നേരിടേണ്ടിവന്ന ഏറ്റവും പ്രതിസന്ധിഘട്ടമാണ് ഇതെന്ന് പറയാനാകും. ഗ്യാനേഷ് രാജിവെച്ചാൽ അത് മോദിയുടെ കൂടി രാജിയായി കാണേണ്ടിവരും. കാരണം മോദിയുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ച വ്യക്തിയായിരുന്നു ഗ്യാനേഷ്. അതുകൊണ്ടുതന്നെ നിലവിലെ പ്രതിസന്ധി മോദിക്കും സർക്കാരിനും അഗ്നിപരീക്ഷയാണെന്നതിൽ സംശയമില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User