‘മുരളീധരൻ ഞാനല്ല’; കർത്തയുടെ 5 ലക്ഷത്തിൽ വെട്ടിലായി വി. മുരളീധരൻ
കർത്തയുടെ ഡയറിയിലെ ‘മുരളീധരൻ ബിജെപി’ എന്ന രേഖയെ ചൊല്ലി വി. മുരളീധരന്റെ വിശദീകരണം തുടരുന്നതിനിടെ, സന്ദീപ് വാര്യരുടെ പ്രതികരണം വിവാദത്തിന് പുതിയ വഴിത്തിരിവാകുന്നു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഇന്നലെ മുഖ്യമന്ത്രിയെ കുടുക്കാൻ നടത്തിയ നീക്കം ഫലത്തിൽ സ്വന്തം പാർട്ടിയെ ആണ് കുരുക്കിലാക്കിയിരിക്കുന്നത്. ശശിധരൻ കർത്തയുടെ ഡയറിയിൽ പറയുന്ന ‘മുരളീധരൻ ബിജെപി’ എന്ന വ്യക്തി താനല്ലെന്ന് സ്ഥാപിക്കാൻ വി. മുരളീധരൻ എംഎൽഎ നടത്തിയ പെടാപ്പാട് ഇന്നലെ കേരളം കണ്ടതാണ്. പക്ഷെ ഇന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി വാങ്ങിയിട്ടുണ്ടാകാം, ബിജെപി അധ്യക്ഷന്റെ പേരിൽ വാങ്ങിയിട്ടുണ്ടാകാം എന്നൊക്കെയാണ് ഇന്ന് പറയുന്നത്. 2010 മുതൽ 2015 വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനായിരുന്നു. ആ കാലത്ത് കർത്തയുടെ കൈയിൽ നിന്ന് പണം വാങ്ങിയവരുടെ ലിസ്റ്റിലാണ് ‘മുരളീധരൻ ബിജെപി’ എന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അത് വി. മുരളീധരൻ ആകാനാണ് സാധ്യത. താൻ മാത്രമല്ല, ബിജെപിയിൽ വേറെയും മുരളീധരൻമാരുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. അതായത് താൻ കാശ് വാങ്ങിയിട്ടില്ല, തന്റെ പേരിൽ വേറെ ആരെങ്കിലും കാശ് വാങ്ങിയിട്ടുണ്ടാകാം, തന്റെ അതേ പേരുള്ള ആരെങ്കിലും വാങ്ങിയതുമാകാം എന്നാണ് വാദം. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ശ്രദ്ധേയമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് കോൺഗ്രസ് എംഎൽഎ ആയ സന്ദീപ് വാര്യർ. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളത്, എന്നാൽ കരിമണൽ കർത്ത കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനേ ബിജെപിയിൽ ഉള്ളൂ. അതായത് വി. മുരളീധരൻ തന്നെയാണ് കർത്തയിൽ നിന്ന് പണം വാങ്ങിയിരിക്കുന്നത് എന്ന്. മാത്രവുമല്ല, മറ്റ് നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ ഒക്കെ അതാത് പാർട്ടികളിലെത്തി. എന്നാൽ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത് എന്നും പരിഹസിക്കുന്നുണ്ട് സന്ദീപ്. കിട്ടിയ പണം മുരളീധരൻ മുക്കി എന്നാണ് ബിജെപിയെ നന്നായി അറിയാവുന്ന, ഈ സംഭവം നടക്കുന്ന സമയത്ത് ബിജെപിയിൽ ഉണ്ടായിരുന്ന സന്ദീപ് പറയുന്നത്. നമുക്കറിയാം, സന്ദീപ് വാര്യർ ബിജെപിയുടെ സംസ്ഥാനത്തെ പ്രധാന നേതാവായിരുന്നു, 2024-ലാണ് സന്ദീപ് ബിജെപി വിട്ട് കോൺഗ്രസിൽ വരുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയിൽ അക്കാലത്ത് നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള നേതാവാണ് സന്ദീപ്. ആ പാർട്ടിയിലെ നേതാക്കളുടെ തട്ടിപ്പിനെയും വെട്ടിപ്പിനെയും കുറിച്ച് അറിയാവുന്ന ആൾ കൂടിയാണ്.
മുരളീധരൻ ബിജെപി എന്ന പേരിൽ അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നാണ് ഡയറിയിലെ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. ഒരിടത്ത് മൂന്ന് ലക്ഷം രൂപയും രണ്ടാമത്തെ ഭാഗത്ത് രണ്ട് ലക്ഷം രൂപയും വാങ്ങിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുരളീധരനാണ് വാങ്ങിയതെങ്കിൽ അത് പാർട്ടി ഫണ്ടിൽ എത്തിയോ എന്ന് പറയേണ്ടത് ബിജെപി തന്നെയാണ്. മാത്രവുമല്ല, പണം വാങ്ങിയത് താനല്ലെങ്കിൽ അധ്യക്ഷനായിരിക്കെ പണം വാങ്ങാൻ ആരെയെങ്കിലും ചുമതലപ്പെടുത്തിയിരുന്നോ എന്നത് വി. മുരളീധരൻ തന്നെ വ്യക്തമാക്കേണ്ട കാര്യമാണ്. വി. മുരളീധരനെപ്പോലെ പ്രശസ്തനായ വേറെ ഒരു നേതാവും ബിജെപിയിൽ ഉള്ളതായി ആരും കേട്ടിട്ടില്ല. അങ്ങനെയിരിക്കെ സംസ്ഥാന അധ്യക്ഷൻ അറിയാതെ ബിജെപിക്ക് വേണ്ടി ഒരു സാധാരണ നേതാവ് ഇത്രയും വലിയ തുക വാങ്ങാൻ സാധ്യതയില്ല. അതിലൊക്കെ വ്യക്തത വരുത്തേണ്ട ബാധ്യത മുരളീധരനാണ് വന്നിരിക്കുന്നത്. ഉപാധ്യക്ഷൻ പുറത്തുവിട്ട രേഖ ആധികാരികമാണോ എന്ന് പറയാൻ തനിക്ക് ആകില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഷോണിന്റെ രേഖകളെ സ്വന്തം നേതാവ് തന്നെ തള്ളിപ്പറയുകയാണ്. ഷോണിന്റെ ഈ നീക്കം ബിജെപിയിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പിണറായി വിജയനെതിരെ പോരാട്ടം നടത്തി ഒറ്റയ്ക്ക് ആളാകാനുള്ള നീക്കമാണ് ഷോൺ നടത്തുന്നത്. എന്നാൽ ഇതിപ്പോ സ്വന്തം നേതാവിനെ തന്നെ കുരുക്കുന്നതായി പോയി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)