വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം: കെ.എസ്.ഇ.ബി റിപ്പോർട്ട് തള്ളി റെഗുലേറ്ററി കമ്മിഷൻ; നിരക്ക് വർധന ഒഴിവായേക്കും!

KSEB's report requesting an interim electricity tariff hike due to discrepancies in data. This decision comes as a major relief to power consumers across the state

വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം: കെ.എസ്.ഇ.ബി റിപ്പോർട്ട് തള്ളി റെഗുലേറ്ററി കമ്മിഷൻ; നിരക്ക് വർധന ഒഴിവായേക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കങ്ങൾക്ക് തിരിച്ചടി. നിലവിലെ നിരക്ക് വർധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പരിഗണിക്കാൻ സാധ്യതയില്ല. ഇതോടെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി ഇടക്കാല നിരക്ക് വർധന ഒഴിവായേക്കും.

2024-ൽ കെ.എസ്.ഇ.ബി സമർപ്പിച്ച റിപ്പോർട്ടിലെ കണക്കുകൾ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് റെഗുലേറ്ററി കമ്മിഷൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടിലെ പിഴവുകൾ തിരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ പഴയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് നടത്തി നടപടികൾ അവസാനിപ്പിക്കാനാണ് കമ്മിഷൻ നീക്കം. ഓഗസ്റ്റ് 18-ന് തിരുവനന്തപുരത്തെ റെഗുലേറ്ററി കമ്മിഷൻ ആസ്ഥാനത്ത് ഇത് സംബന്ധിച്ച് തെളിവെടുപ്പ് നടക്കും.

2024-25 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് 16 പൈസയും 2025-26-ൽ 12 പൈസയും നിരക്ക് വർധിപ്പിക്കാൻ കമ്മിഷൻ അനുമതി നൽകിയിരുന്നു. എന്നാൽ 2026-27 വർഷത്തിൽ വർധന അനുവദിച്ചിരുന്നില്ല. മുൻവർഷങ്ങളിൽ അനുവദിച്ച വർധന നാമമാത്രമായതിനാൽ വലിയ വരുമാനക്കുറവും നഷ്ടവുമുണ്ടെന്നാണ് കെ.എസ്.ഇ.ബി വാദിക്കുന്നത്.

ഇടക്കാല റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിക്കാത്തതിനാലും നൽകിയ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ മൂലവുമാണ് നിർദ്ദേശം തള്ളാൻ കമ്മിഷൻ തീരുമാനിച്ചത്. ഇനി അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള നിരക്ക് വർധനയ്ക്കായി നവംബറിൽ മാത്രമേ കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകാൻ സാധിക്കൂ.