അബ്ദുറഹിമാന് കുരുക്ക് മുറുകുന്നു; എസ്‌ഐടിക്ക് നിർണായക മൊഴി
ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും മുൻ മന്ത്രി നടപടിയെടുത്തില്ലെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി; സ്പോൺസർ നിയമനത്തിലും ഗുരുതര ആരോപണം
തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കൂടുതൽ മൊഴികൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി നടപടിയെടുത്തില്ലെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി ജി.ആർ. രമേശ് എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ ആരോപിച്ചതായാണ് വിവരം.
വകുപ്പിലെ കാര്യങ്ങളിൽ മന്ത്രി തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുത്തുവെന്നും രമേശ് മൊഴി നൽകിയതായാണ് റിപ്പോർട്ട്. ടെൻഡർ നടപടികളില്ലാതെ സ്പോൺസറെ നിയമിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രി അത് അവഗണിച്ചെന്നും മൊഴിയിലുണ്ട്.
എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രി അത് പരിഗണിച്ചില്ലെന്നും, മന്ത്രിയുടെ സുഹൃത്തെന്ന നിലയിൽ ഒരാൾക്ക് ഔദ്യോഗിക ഇ-മെയിലുകൾ കൈകാര്യം ചെയ്യാൻ അനുമതി നൽകിയെന്നും രമേശിന്റെ മൊഴിയിൽ പറയുന്നതായാണ് വിവരം.
മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലും നേരത്തെ എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ മന്ത്രിക്കെതിരെ സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റിപ്പോർട്ടർ ചാനലിനെ സ്പോൺസറായി ഉൾപ്പെടുത്താനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നുവെന്നും, ടെൻഡറില്ലാതെ സ്പോൺസറെ നിയമിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും തീരുമാനം മാറ്റിയില്ലെന്നും സത്യപാൽ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
കേസിൽ റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
എസ്‌ഐടി അംഗം പി. വിക്രമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2024 ഡിസംബർ മുതൽ ആന്റോ അഗസ്റ്റിനും മറ്റുള്ളവരും ഗൂഢാലോചന നടത്തിയെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ വ്യാജവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിച്ച് അന്യായലാഭം ഉണ്ടാക്കിയെന്നുമാണ് എഫ്‌ഐആറിലെ ആരോപണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)