വിശ്വാസ സ്വാതന്ത്ര്യത്തിന് വെല്ലുവിളി; ക്രൈസ്തവ സംഘടനകൾ ആശങ്കയിൽ
പശ്ചിമ ബംഗാളിൽ ക്രൈസ്തവ സമൂഹത്തിനെതിരെ ആക്രമണങ്ങളും മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സംഭവങ്ങളും വർധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ ക്രൈസ്തവ സംഘടനകൾ ആശങ്കയിൽ.
കൊൽക്കത്ത: ഇന്ത്യയിൽ ഇപ്പോൾ ഭയത്തോടെയല്ലാതെ പ്രാർത്ഥനകൾ നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. പശ്ചിമ ബംഗാളിൽ ക്രൈസ്തവ സമൂഹത്തിന് നേരെയുണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യുന്ന ആക്രമണങ്ങളും മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സംഭവങ്ങളും ആശങ്ക വർധിപ്പിക്കുകയാണ്. പശ്ചിമ ബംഗാളിൽ ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെയും തടസ്സപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ നിരവധി ക്രിസ്ത്യൻ സംഘടനകൾ പ്രാർത്ഥനാ യോഗങ്ങളും ഗൃഹ സന്ദർശന പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചരിക്കുകയാണ്. വിവിധ ജില്ലകളിലായി ക്രൈസ്തവ ആരാധനാ പ്രവർത്തനങ്ങൾക്കും മതപരമായ ചടങ്ങുകൾക്കും നേരെ പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൗറ ജില്ലയിലെ ഉലുബേരിയയിൽ ഒരാഴ്ചയിലേറെ മുമ്പ് നടന്ന ആക്രമണത്തിനിടെ പാസ്റ്ററെയും വിശ്വാസികളെയും രക്ഷപ്പെടുത്താൻ പൊലീസ് ഇടപെടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പൂർബ ബർധമാനിൽ ഒരു ക്രൈസ്തവ സംസ്കാര ചടങ്ങ് തടസ്സപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ജൂലൈ 5-ന് സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുഭാഷ്ഗ്രാമിൽ നിർമാണത്തിലിരുന്ന ഒരു പള്ളിക്ക് നേരെ ആക്രമണശ്രമം നടന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ക്രൈസ്തവ സംഘടനകളിൽ ആശങ്ക ശക്തമാക്കിയിരിക്കുകയാണ്. വിശ്വാസ സ്വാതന്ത്ര്യത്തിനും മതപരമായ പ്രവർത്തനങ്ങൾക്കും നേരെ ഉയരുന്ന വെല്ലുവിളികൾ ഗുരുതരമാണെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ആക്രമണത്തിന് പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന് ക്രൈസ്തവ സംഘടനകൾ ആരോപിച്ചു. സംസ്‌കാര ചടങ്ങ് നടന്ന സ്ഥലം സ്വകാര്യ ഭൂമിയാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയതെന്നും സംഘടനകൾ പറയുന്നു. അതേസമയം, നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമങ്ങളാണ് സംഘർഷത്തിന് കാരണമായതെന്നാണ് സർക്കാർ വാദം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)