2024 ൽ രാഹുൽ ​ഗാന്ധി സർക്കാർ അധികാരത്തിൽ വരും: ചെന്നിത്തല

2024 ൽ രാഹുൽ ​ഗാന്ധി സർക്കാർ അധികാരത്തിൽ വരും: ചെന്നിത്തല

 രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലച്ച നരേന്ദ്ര മോദി സർക്കാർ പാവപ്പെട്ട ഉദ്യോ​ഗാർഥികളു‌ടെ തൊഴിലവസരങ്ങൾ അട്ടിമറിച്ചതായി ​ഗുജറാത്തിലെ എഐസിസി തെരഞ്ഞെടുപ്പ് നീരീക്ഷകൻ രമേശ് ചെന്നിത്തല. രാജ്യത്തെ സാധാരണക്കാരായ മുഴുവൻ ജനങ്ങളും നിരാശയിലും ദുഃഖത്തിലുമാണ്. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി. കഴിഞ്ഞ എട്ടു വർഷമായി അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സർക്കാർ സമസ്ത മേഖലകളിലും പരാജയമാണെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.
മോ​ദി ഭരണത്തിന്റെ വീഴ്ചകൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. 2024 ലെ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ ജനം തൂത്തെറിയും. മോദിക്ക് ഒരു ബദൽ ജനങ്ങൾ ആ​ഗ്രഹിക്കുന്നു. 2024ലെ ദേശീയ തെരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധി നയിക്കുന്ന കോൺ​ഗ്രസ് സർക്കാർ അധികാരത്തിൽ വരും. അതിന്റെ മുന്നൊരുക്കമാണ് ​ഗുജറാത്തിലെ നിയമ സഭാ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ​
ഗുജറാത്തിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗങ്ങളിൽ പ്രസം​ഗിക്കുകയായിരുന്നു ചെന്നിത്തല. വാമൻവാദ, കേശോദ് തുടങ്ങിയ നിയോ​ജക മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കു വേണ്ടി ചെന്നിത്തല പ്രചാരണം നടത്തി. തമിഴ്നാട്ടിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറിയും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.