ബിജെപിയിൽ ചേർന്നില്ലെങ്കിൽ അപായപ്പെടുത്തും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ അമ്മ

CJP Founder Abhijeet Dipke Receives Death Threat to Join BJP, Family Forced into Hiding

ബിജെപിയിൽ ചേർന്നില്ലെങ്കിൽ അപായപ്പെടുത്തും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ അമ്മ
ബിജെപിയിൽ ചേർന്നില്ലെങ്കിൽ അപായപ്പെടുത്തും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ അമ്മ

സിജെപി സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ അഭിജീത് ദീപ്കെയ്ക്ക് ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെട്ട് വധഭീഷണി സന്ദേശം ലഭിച്ചതായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ മാതാപിതാക്കൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോ സന്ദേശമാണ് ലഭിച്ചതെന്ന് അഭിജീതിന്റെ അമ്മ അനിതാ ദീപ്കെ ഒരു മറാത്തി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഭീഷണിയെ തുടർന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള സ്വന്തം വീട് വിട്ട് കൊങ്കൺ മേഖലയിലുള്ള ബന്ധുവീട്ടിൽ 16 ദിവസത്തോളം മാറി താമസിക്കേണ്ടി വന്നെന്നും കുടുംബം അറിയിച്ചു.

അമ്മയുടെ വാക്കുകൾ:

"അഭിജീത് തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഭീഷണി സന്ദേശം ലഭിക്കുന്നത്. തുടക്കത്തിൽ ഞങ്ങളെ ഭയപ്പെടുത്തേണ്ട എന്ന് കരുതി അവൻ ഈ വിവരം മറച്ചുവെച്ചു. ഒരു വീഡിയോ സന്ദേശം ലഭിച്ചിട്ടുണ്ടെന്നും അത് കാണരുതെന്നും എന്നോട് പറഞ്ഞു. എന്നാൽ ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ മാതാപിതാക്കളെ അപായപ്പെടുത്തുമെന്ന ഭീഷണി ഉയർന്നതോടെയാണ് അവൻ കാര്യങ്ങൾ വെളിപ്പെടുത്തിയത്."

അഭിജീതിന്റെ പിതാവ് രക്തസമ്മർദ്ദത്തിന് ചികിത്സയിലായതിനാലും, അക്കാലത്ത് അഭിജീത് വീട്ടിൽ ഇല്ലാതിരുന്നതിനാലും മാതാപിതാക്കളുടെ സുരക്ഷ മുൻനിർത്തിയാണ് അവരോട് കുറച്ചുദിവസത്തേക്ക് വീടുമാറാൻ ആവശ്യപ്പെട്ടത്.  

പ്രതികരണവുമായി പിതാവ്:

പൊതുപ്രവർത്തനരംഗത്ത് ഇറങ്ങുമ്പോൾ വിമർശനങ്ങളും എതിർപ്പുകളും സ്വാഭാവികമാണെന്നും ഇത്തരം ഭീഷണികളിൽ തളരില്ലെന്നും അഭിജീതിന്റെ പിതാവ് ഭഗവാൻ ദീപ്കെ പ്രതികരിച്ചു. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ വിമർശിക്കുന്നവരും അഭിനന്ദിക്കുന്നവരും ഉണ്ടാകുമെന്നും, കാര്യങ്ങൾ കൃത്യമായി ബോധ്യത്തോടെ വിലയിരുത്തുന്നവരാണ് ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.